ഇറാനുമായുള്ള ധാരണാപത്രത്തെ എതിര്‍ത്ത ഉദ്യോഗസ്ഥരെ ട്രംപ് പുറത്താക്കിയേക്കും
World
ഇറാനുമായുള്ള ധാരണാപത്രത്തെ എതിര്‍ത്ത ഉദ്യോഗസ്ഥരെ ട്രംപ് പുറത്താക്കിയേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 17th June 2026, 8:46 am

വാഷിങ്ടണ്‍: ഇറാനുമായുള്ള ധാരണാപത്രത്തെ എതിര്‍ത്ത ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരുങ്ങുന്നതായി ഇസ്രഈലി മാധ്യമങ്ങള്‍. യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, സി.ഐ.എ ഡയറക്ടര്‍ ജോണ്‍ റാഡ്ക്ലിഫ് എന്നിവര്‍ അടക്കമുള്ള ഉന്നതോദ്യോഗസ്ഥരെ ട്രംപ് ഒഴിവാക്കാനൊരുങ്ങുന്നതായാണ് ഈ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ഇറാനുമായുള്ള കരാറിനെത്തുടര്‍ന്ന് യു.എസില്‍ ഭരണ തലത്തില്‍ ഭിന്നത വന്നതായി ഇസ്രഈലി മാധ്യമമായ ഇസ്രഈല്‍ ഹയോം റിപ്പോര്‍ട്ട് ചെയ്യുന്നു. യു.എസ് ഭരണ തലത്തിലെ ഉന്നത തലങ്ങളില്‍ നിന്നും ഇത് സംബന്ധിച്ച വിവരം ലഭിച്ചതായും ഹയോമിന്റെ വാര്‍ത്തയില്‍ പറയുന്നു.

കരാര്‍ സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തില്‍ തര്‍ക്കങ്ങളുണ്ടായിരുന്നതായാണ് വിവരം. ജൂണ്‍ 14ന് ധാരണാ പത്രം പ്രഖ്യാപിച്ച ശേഷം അവ ഒത്തുതീര്‍പ്പാക്കിയിരുന്നു. എന്നാല്‍ കരാറിനെ എതിര്‍ത്തവര്‍ അതിനുള്ള വില കൊടുക്കേണ്ടി വരുമെന്ന് യു.എസ് ഉദ്യോഗസ്ഥരില്‍ നിന്ന് വിവരം ലഭിച്ചതായും ഇസ്രഈല്‍ ഹയോമിന്റെ വാര്‍ത്തയില്‍ പറയുന്നു.

ധാരണാപത്രവുമായി ബന്ധപ്പെട്ട ഭിന്നതകള്‍ കടുത്തതായിരുന്നെന്നാണ് വിവരം. നയതന്ത്രപരമായി മുന്നോട്ട് പോകാമെന്ന് ഒരു വിഭാഗവും ഇറാനെതിരെ സമ്മര്‍ദം തുടരാമെന്ന് മറു വിഭാഗവും ആവശ്യപ്പെട്ടതായും വാര്‍ത്തയില്‍ പറയുന്നു.

ഞായറാഴ്ചയാണ് ധാരണാപത്രത്തില്‍ യു.എസും ഇറാനും ഡിജിറ്റലായി ഒപ്പ് വച്ചത്. ധാരണാ പത്രം പ്രകാരം യു.എസും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ 60 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കും. യുദ്ധത്തെത്തുടര്‍ന്ന് അടച്ചിട്ട ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതം പുനസ്ഥാപിക്കാനും ധാരണാ പത്രം വ്യവസ്ഥ ചെയ്യുന്നു.

ഇറാനുമായുള്ള കരാറിനെതിരെ റാഡ്ക്ലിഫ് നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് യു.എസിന്റെ ആവശ്യങ്ങള്‍ ഇറാന്‍ അംഗീകരിക്കാന്‍ തയ്യാറാകുമോ എന്ന് ഇന്റലിജന്‍സിന്റെ വിലയിരുത്തല്‍ ചൂണ്ടിക്കാട്ടി റാഡ്ക്ലിഫ് ആശങ്ക പ്രകടിപ്പിച്ചതായി ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സമാധാന കരാറിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. എന്നാല്‍ ലബനനിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നത് കരാറിന്റെ ഭാഗമാണെന്ന് ഇറാന്‍ അറിയിച്ചിരുന്നു.

ധാരണാപത്രത്തിലെ ഉള്ളടക്കം താന്‍ പരസ്യപ്പെടുത്തുമെന്ന് ഫ്രാന്‍സില്‍ ജി സെവന്‍ ഉച്ചകോടിക്കിടെ ട്രംപ് അറിയിച്ചിരുന്നു. ഒരു വാര്‍ത്താ സമ്മേളനത്തില്‍ വച്ചായിരിക്കും കരാര്‍ പരസ്യപ്പെടുത്തുകയെന്ന തരത്തിലും ട്രംപ് സൂചന നല്‍കിയിരുന്നു.

അതേസമയം, യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോയും ആഭ്യന്തര ചര്‍ച്ചകളില്‍ കരാറിന്റെ സാധ്യതകളെക്കുറിച്ച് സംശയങ്ങളുന്നയിച്ചതായി ഇസ്രഈല്‍ ഹയോമിന്റെ റിപ്പോര്‍ട്ടിലുണ്ട്‌. എന്നാല്‍ റൂബിയോക്കെതിരെ നടപടിക്ക് സാധ്യതയില്ലെന്നാണ് വിവരം.

ധാരണാപത്രം ഡിജിറ്റലി ഒപ്പ് വച്ചെങ്കിലും വെള്ളിയാഴ്ച സ്വിറ്റ്സര്‍ലാന്‍ഡില്‍ വച്ചാണ് കരാര്‍ രേഖകളില്‍ ഇരു കക്ഷികളും ഒപ്പ് വയ്ക്കുക. ധാരണാപത്രം പ്രകാരം ഹോര്‍മുസ് കടലിടുക്കിലെ തടസങ്ങള്‍ ഭാഗികമായി ഒഴിവാക്കിയിട്ടുണ്ട്. സ്വിറ്റ്സര്‍ലാന്‍ഡില്‍ വച്ച് കരാറില്‍ ഒപ്പുവയ്ക്കുമ്പോള്‍ ഹോര്‍മുസ് പൂര്‍ണമായും തുറക്കുമെന്ന് തിങ്കളാഴ്ച ഫ്രാന്‍സില്‍ ജി സെവന്‍ ഉച്ചകോടിക്കിടെ ട്രംപ് പറഞ്ഞിരുന്നു.

ഇറാനുമായുള്ള ധാരണാപത്രത്തില്‍ ഒപ്പുവയ്ക്കാനുള്ള യു.എസിന്റെ തീരുമാനത്തിനെതിരെ ഇസ്രഈലില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ട്രംപിന്റെ സമാധാന കരാറിനെ ഇസ്രഈലിലെ മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും എതിര്‍ക്കുന്നുണ്ട്.

Content Highlight: Trump considers ousting officials who opposed Iran agreement: Report