വാഷിങ്ടണ്‍: ആറ് മാസത്തിനുള്ളില്‍ ആറ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു എന്ന അവകാശവാദവുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ചര്‍ച്ചകള്‍ നടത്തി ഗസയില്‍ നിന്ന് ബന്ദികളെ മോചിപ്പിച്ചതും ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ താനാണെന്നും ട്രംപ് അവകാശപ്പെട്ടു. ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം കുറിച്ചത്.
ഹമാസിനെ ഇല്ലാതാക്കുകയും നശിപ്പിക്കുകയും ചെയ്താല്‍ മാത്രമേ ശേഷിക്കുന്ന ഇസ്രഈല്‍ ബന്ദികളെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.
‘ഹമാസിനെ ഇല്ലാതാക്കുകയും നശിപ്പിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ശേഷിക്കുന്ന ഇസ്രഈല്‍ ബന്ദികളെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കൂ. ഇത് എത്രത്തോളം വേഗത്തില്‍ സംഭവിക്കുന്നോ അത്രത്തോളം വിജയസാധ്യത കൂടുതലായിരിക്കും.
ചര്‍ച്ചകള്‍ നടത്തി നൂറ് കണക്കിന് ബന്ദികളെ മോചിപ്പിച്ച് ഇസ്രഈലിലേക്കും അമേരിക്കയിലേക്കും അയച്ചത് ഞാനാണെന്ന് ഓര്‍ക്കണം. ആറ് മാസത്തിനുള്ളില്‍ ആറ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചത് ഞാനാണ്. ഇറാന്റെ ആണവകേന്ദ്രങ്ങളെ തകര്‍ത്തും ഞാനാണ്. വിജയിക്കാന്‍ വേണ്ടി കളിക്കുക. ഇല്ലെങ്കില്‍ കളിക്കാതിരിക്കുക. ഈ വിഷയത്തില്‍ നിങ്ങളുടെ ശ്രദ്ധക്ക് നന്ദി’ ട്രംപ് എഴുതി.
ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സികിയുമായുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായാണ് ട്രംപ് ഈ അവകാശവാദം ഉന്നയിച്ചത്.
പ്രസിഡന്റായി വിജയിച്ച് വൈറ്റ് ഹൗസിലേക്ക് പോകുന്നതിന് മുമ്പ് ഗസയിലെയും ഉക്രൈനിലേയും യുദ്ധങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു.
എന്നാലിപ്പോഴും യുദ്ധം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതേസമയം, റഷ്യയും ഉക്രൈനും തമ്മിലുള്ള വെടിനിര്‍ത്തലിന് വേണ്ടി ചര്‍ച്ചകളും തുടരുകയാണ്.
മുമ്പ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെ അഞ്ച് യുദ്ധങ്ങള്‍ താനാണ് അവസാനിപ്പിച്ചതെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് എത്തുന്നതിന് മുമ്പ് തടഞ്ഞത് താനാണെന്നായിരുന്നു ട്രംപിന്റെ അവസാശവാദം.