ഇസ്മായില്‍ റോയറേയും ഷെയ്ഖ് ഹംസ യൂസഫിനേയും വൈറ്റ് ഹൗസ് ഉപദേശകസമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ ട്രംപിനെതിരെ വിമര്‍ശനം
World News
ഇസ്മായില്‍ റോയറേയും ഷെയ്ഖ് ഹംസ യൂസഫിനേയും വൈറ്റ് ഹൗസ് ഉപദേശകസമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ ട്രംപിനെതിരെ വിമര്‍ശനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th May 2025, 3:12 pm

വാഷിങ്ടണ്‍: മുന്‍ ഭീകരനായ ഇസ്മായില്‍ റോയറേയും വിവാദ ഇസ്‌ലാമിക പ്രഭാഷകനായ ഷെയ്ഖ് ഹംസ യൂസഫിനേയും വൈറ്റ് ഹൗസ് ഉപദേശകസമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ ട്രംപിനെതിരെ വിമര്‍ശനം.  റിലീജിയസ് ഫ്രീഡം കമ്മീഷന്റെ ഉപദേശക സമിതി അംഗങ്ങളായാണ് ഇരുവരുടെയും നിയമനം.

ഭീകരസംഘടനകളായ അല്‍ ഖ്വയ്ദയുമായും ലഷ്‌കര്‍ ഇ ത്വയ്ബയുമായുമായി ബന്ധമുള്ള ആളാണ് ഇസ്മായില്‍ റോയര്‍. മുമ്പ് റെന്‍ഡല്‍ റോയര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇസ്മായില്‍ റോയര്‍ 2000ത്തില്‍ പാകിസ്ഥാനിലെ ലഷ്‌കര്‍ ഇ ത്വയ്ബ ക്യാമ്പില്‍ പരിശീലനം നേടിയ ആളാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

കശ്മീരിലെ ഇന്ത്യന്‍ സൈനിക കേന്ദ്രത്തിന് നേരെ വെടിയുതിര്‍ത്ത സംഭവത്തിലും ഇയാള്‍ പങ്കാളിയായിരുന്നു. വിര്‍ജീനിയ ജിഹാദി നെറ്റ്‌വര്‍ക്കിലെ പങ്കിനെത്തുടര്‍ന്ന് യു.എസ് തന്നെ റോയലിനെ ശിക്ഷിച്ചിരുന്നു. 13വര്‍ഷത്തോളമാണ് ഇയാള്‍ ശിക്ഷ അനുഭവിച്ചത്.

ഷെയ്ഖ് ഹംസ യൂസഫാകട്ടെ ബെര്‍ക്ക്‌ലിയിലെ ഗ്രാജുവേറ്റ് തിയോളജിക്കല്‍ യൂണിയനിലെ സെന്റര്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസിന്റെ ഉപദേഷ്ടാവും സൈതുന കോളേജിന്റെ സഹസ്ഥാപകനാണ്. ഇയാള്‍ക്കും നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ട്.

റോയറിന്റെ നിയമനത്തിനെതിരെ ട്രംപ് ചേരിയില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. റോയറിന്റെ നിയമനം ഭ്രാന്താണെന്ന് ട്രംപിന്റെ അനുയായിയായ ലോറ ലൂമര്‍ പ്രതികരിച്ചു.

യൂസഫിന് ജിഹാദി ബന്ധമുണ്ടെന്നും  ലൂമര്‍ ആരോപിച്ചു.  യൂസഫ്‌  മുസ്‌ലിം ബ്രദര്‍ഹുഡുമായും ഹമാസുമായും ബന്ധപ്പെട്ട ആളാണെന്ന്‌ അറിയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി ലൂമര്‍ എക്‌സില്‍ കുറിച്ചു.

ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ മൈക്ക് വാള്‍ട്ട്‌സിനെ പുറത്താക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചയാളാണ് ലോറ ലൂമര്‍. അതിനാല്‍ നിലവിലെ നിയമനവും ചോദ്യമുനയിലാണ്.

Content Highlight: Trump appoints two people with Lashkar ties to White House advisory council