തിയേറ്ററില്‍ ബ്ലോക്ക്ബസ്റ്ററായി മാറിയ ഡീയസ് ഈറേ കഴിഞ്ഞദിവസമാണ് ഒ.ടി.ടിയിലെത്തിയത്. ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീം ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് സ്വന്തമാക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള വ്യത്യസ്തമായ ട്രോള്‍ വീഡിയോകളും ഇതോടൊപ്പം വൈറലായിട്ടുണ്ട്. പ്രണവിന്റെ കഥാപാത്രത്തിന് വരുന്ന ഫോണ്‍ കോളിനെക്കുറിച്ചുള്ള ട്രോളാണ് വൈറലായിരിക്കുന്നത്.
പ്രണവ് അവതരിപ്പിച്ച രോഹന്‍ എന്ന കഥാപാത്രത്തിന്റെ അച്ഛന്‍ ഫോണില്‍ വിളിച്ച് സംസാരിക്കുന്ന രംഗമുണ്ട്. ഈ സീനില്‍ മോഹന്‍ലാലിന്റെ ശബ്ദം ഉള്‍പ്പെടുത്തിയ ട്രോള്‍ വീഡിയോയാണ് വൈറലായത്. ബിഗ് ബോസില്‍ മത്സരാര്‍ത്ഥികളോട് മോഹന്‍ലാല്‍ ദേഷ്യപ്പെടുന്നതിന്റെ ഓഡിയോയും പ്രണവിന്റെ മുഖവും വെച്ചുകൊണ്ടുള്ള വീഡിയോയാണിത്.
‘എന്ത് തോന്നുന്നു, ഭയങ്കര സന്തോഷം തോന്നുന്നുണ്ടോ? ആള്‍ക്കാര്‍ക്ക് ഇതെല്ലാം ഇഷ്ടമാകുമെന്നാണോ കരുതിയത്. നിങ്ങള്‍ക്ക് നാണമുണ്ടോ, എല്ലാവരും കാണുമെന്നറിയില്ലേ. ഞാനെന്താ ഇവിടെ കുരങ്ങനായി നില്‍ക്കുകയാണോ? യൂ ഹാവ് ടു ആന്‍സര്‍. എന്നോട് മറുപടി പറയണം’ എന്ന് മോഹന്‍ലാല്‍ പറയുന്നതിന്റെ ഓഡിയോയും ഒന്നും പറയാനാകാതെ മിണ്ടാതെ ഇരിക്കുന്ന പ്രണവുമാണ് വീഡിയോയില്‍.
ഡീയസ് ഈറേയുടെ തുടക്കത്തില്‍ കാണിക്കുന്ന ഇന്റിമസി സീനിന്റെ പേരിലാണ് മോഹന്‍ലാല്‍ പ്രണവിനെ ചീത്ത പറയുന്നതായി വീഡിയോയില്‍ കാണിക്കുന്നത്. എന്നാല്‍ ഇതിനോടൊപ്പം മറ്റൊരു ട്രോള്‍ വീഡിയോയും വൈറലായിട്ടുണ്ട്. ഇതേ രംഗത്തില്‍ ഹൃദയപൂര്‍വത്തിലെ മോഹന്‍ലാല്‍ ഫോണിലൂടെ സംസാരിക്കുന്ന വീഡിയോയാണ് വൈറലായത്.
‘മനുഷ്യന് കാണാന്‍ കൊള്ളാവുന്ന ഏതെങ്കിലും നല്ല പടമെടുത്ത് വെക്ക്. അങ്ങനെയാണെങ്കില്‍ രണ്ട് വര്‍ഷത്തേക്കുള്ള ഭക്ഷണം നിന്റെ അണ്ണാക്കിലേക്ക് തള്ളിത്തരാം’ എന്ന് മോഹന്‍ലാല്‍ പറയുന്ന വീഡിയോയും വൈറലായി. അയാള്‍ ഞാനല്ല എന്ന പേജാണ് ഈ വീഡിയോ പങ്കുവെച്ചത്. ഡീയസ് ഈറേ മോശമാണെന്ന് കാണിക്കാന്‍ വേണ്ടിയല്ല ഈ ട്രോളെന്നും വെറുതെ ഫണ്ണിയായിട്ടുള്ള ക്രോസ് ഓവറിന് ശ്രമിച്ചതാണെന്നും ക്യാപ്ഷനില്‍ പറയുന്നുണ്ട്.
ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡീയസ് ഈറേ. പ്രണവിന് പുറമെ ജിബിന്‍ ഗോപിനാഥ്, അരുണ്‍ അജികുമാര്‍, സുഷ്മിത ഭട്ട്, ജയ കുറുപ്പ് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്തു. ഹൊറര്‍ ഴോണറില്‍ ‘എ’ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനത്തിനെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്ന് 85 കോടിയോളം സ്വന്തമാക്കി.