ആ മലയാള ചിത്രത്തില്‍ ശോഭന ചെയ്ത വേഷം റീമേക്കില്‍ അവതരിപ്പിച്ചത് ഞാനായിരുന്നു: തൃഷ
Entertainment
ആ മലയാള ചിത്രത്തില്‍ ശോഭന ചെയ്ത വേഷം റീമേക്കില്‍ അവതരിപ്പിച്ചത് ഞാനായിരുന്നു: തൃഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 13th May 2025, 10:34 pm

സൗത്ത് ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി നിറഞ്ഞുനില്‍ക്കുന്ന താരമാണ് തൃഷ കൃഷ്ണന്‍. തമിഴ് സിനിമയിലൂടെ അരങ്ങേറിയ തൃഷ തെലുങ്കിലും മലയാളത്തിലും ഹിന്ദിയിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇന്നും സൗത്ത് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിയാണ് തൃഷ.

പ്രിയദര്‍ശനെ കുറിച്ച് സംസാരിക്കുകയാണ് തൃഷ. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ലേസാ ലേസാ’യില്‍ ആണ് ആദ്യം അഭിനയിച്ചതെന്നും എന്നാല്‍ ചിത്രത്തിന്റെ റിലീസ് നീണ്ടുപോയതിനാല്‍ മറ്റൊരു സിനിമയിലൂടെ അരങ്ങേറ്റം നടത്തിയതെന്നും തൃഷ പറയുന്നു.

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ രണ്ട് സിനിമകളുടെ റീമേക്കുകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും സമ്മര്‍ ഇന്‍ ബത്ലഹേം എന്ന സിനിമ തമിഴിലേക്ക് എടുത്തപ്പോള്‍ അതില്‍ മഞ്ജു വാര്യര്‍ ചെയ്ത കഥാപാത്രം താന്‍ ആണ് ചെയ്തതെന്നും വെള്ളാനകളുടെ നാട് എന്ന സിനിമ ഹിന്ദിയിലേക്ക് എടുത്തപ്പോള്‍ അതില്‍ ശോഭന ചെയ്ത വേഷം ചെയ്തതും താനായിരുന്നുവെന്നും തൃഷ പറഞ്ഞു.

‘പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ലേസാ ലേസാ’യില്‍ ആണ് ആദ്യം അഭിനയിച്ചത്. പക്ഷേ, അതിന്റെ റിലീസ് പല കാരണങ്ങളാല്‍ നീണ്ടുപോയി അങ്ങനെയാണ് അരങ്ങേറ്റം മറ്റൊരു സിനിമയിലൂടെയായത്.

മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ രണ്ട് സിനിമകളുടെ റീമേക്കുകളില്‍, അതും വ്യത്യസ്ത ഭാഷകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതാണ് മറ്റൊരു രസം. സമ്മര്‍ ഇന്‍ ബത്ലഹേം എന്ന സിനിമയുടെ തമിഴ് റീമേക്കായിരുന്നു ‘ലേസാ ലേസാ.’ മലയാളത്തില്‍ മഞ്ജു വാര്യര്‍ ചെയ്ത കഥാപാത്രം.

അക്ഷയ് കുമാര്‍ നായകനായ ‘ഖട്ട മീത്ത’യാണ് എന്റെ ആദ്യ ഹിന്ദി സിനിമ. ‘വെള്ളാനകളുടെ നാട്’ എന്ന സിനിമയുടെ റീമേക്ക്. അതില്‍ ശോഭന ചെയ്ത റോളായിരുന്നു എനിക്ക്. അത് സംവിധാനം ചെയ്തതും പ്രിയദര്‍ശനാണ്. എന്റെ കരിയറിലും ജീവിതത്തിലും വളരെയധികം സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അദ്ദേഹം,’ തൃഷ പറയുന്നു.

Content Highlight: Trisha Talks About Priyadarshan