കമല്‍ സാറും ഞാനും തമ്മിലുള്ള റൊമാന്‍സ് ആളുകള്‍ ചര്‍ച്ചയാക്കുമെന്ന് അപ്പോഴേ അറിയാമായിരുന്നു, എന്നാല്‍ ആ ഭാഗം ഒരു മാജിക്കാണ്: തൃഷ
Entertainment
കമല്‍ സാറും ഞാനും തമ്മിലുള്ള റൊമാന്‍സ് ആളുകള്‍ ചര്‍ച്ചയാക്കുമെന്ന് അപ്പോഴേ അറിയാമായിരുന്നു, എന്നാല്‍ ആ ഭാഗം ഒരു മാജിക്കാണ്: തൃഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 25th May 2025, 8:23 am

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തഗ് ലൈഫ്. കമല്‍ ഹാസനും മണിരത്‌നവും 36 വര്‍ഷത്തിന് ശേഷം കൈകോര്‍ക്കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. കമല്‍ ഹാസന്‍ തന്നെയാണ് തഗ് ലൈഫിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിന് വന്‍ വരവേല്പാണ് ലഭിച്ചത്.

ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയ മുഴുവന്‍ ചര്‍ച്ചയായ വിഷയമായിരുന്നു ചിത്രത്തിലെ റൊമാന്‍സ്. നായികമാരായ അഭിരാമിയോടൊപ്പവും തൃഷയോടൊപ്പവും കമല്‍ ഹാസന്റെ റൊമാന്‍സ് പലരും വിമര്‍ശിച്ചിരുന്നു. ഇതില്‍ തൃഷയും കമല്‍ ഹാസനുമൊത്തുള്ള റൊമാന്‍സ് രംഗങ്ങള്‍ കൂടുതല്‍ വിമര്‍ശനത്തിന് വിധേയമായി. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമായിരുന്നു വിമര്‍ശനത്തിന് കാരണം.

ഇത്തരം വിമര്‍ശനങ്ങളോട് പ്രതികരിക്കുകയാണ് തൃഷ. സിനിമയുടെ കഥ കേട്ട സമയത്ത് തന്നെ താനും കമല്‍ ഹാസനും തമ്മിലുള്ള റൊമാന്‍സ് ആളുകള്‍ ചര്‍ച്ചയാക്കുമെന്ന് ഉറപ്പായിരുന്നെന്ന് തൃഷ പറഞ്ഞു. എന്നാല്‍ സിനിമയില്‍ ആ രംഗങ്ങളെല്ലാം ഒരു മാജിക്കാണെന്നും അതെല്ലാം റിലീസിന്റെ സമയത്ത് മനസിലാകുമെന്നും തൃഷ കൂട്ടിച്ചേര്‍ത്തു. തഗ് ലൈഫിന്റെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തൃഷ.

‘സിനിമയില്‍ ഇത്തരം രംഗങ്ങളുണ്ടെന്ന് സൈന്‍ ചെയ്യുന്ന സമയത്ത് തന്നെ മണി സാറും കമല്‍ സാറും പറഞ്ഞിരുന്നു. ഞാനും കമല്‍ സാറും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ച് എനിക്ക് അപ്പോള്‍ ബോധ്യമുണ്ടായിരുന്നു. ഈ സിനിമ അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ ഞാനും കമല്‍ സാറും തമ്മിലുള്ള റൊമാന്‍സ് രംഗങ്ങള്‍ ആളുകളുടെ സംസാരവിഷയമാകുമെന്ന് ഉറപ്പിച്ചിരുന്നു.

എന്നാല്‍ എന്നെ സംബന്ധിച്ച് ആ രംഗങ്ങളെല്ലാം ഒരു മാജിക്കെന്നാണ് പറയാന്‍ സാധിക്കുക. കമല്‍ സാറും മണിരത്‌നം സാറും ഒരുമിച്ചുള്ള ഒരു സെറ്റില്‍ വര്‍ക്ക് ചെയ്തത് എനിക്ക് ഒരു സ്വപ്‌നം പോലെയായിരുന്നു. എനിക്ക് മാത്രമല്ല, സെറ്റിലുണ്ടായിരുന്ന മറ്റ് പലര്‍ക്കും അങ്ങനെ തന്നെയായിരുന്നു. കാരണം, കമല്‍ ഹാസന്‍ സാറും മണിരത്‌നം സാറും തമ്മിലുള്ള ബോണ്ട് പലര്‍ക്കും അത്ഭുതമായിരുന്നു.

സെറ്റിലെ വര്‍ക്കുകളും ഷോട്ടിനുള്ള തയാറെടുപ്പുകളും ചെയ്യാനുണ്ടെങ്കില്‍ പോലും എല്ലാവരും ഈ രണ്ട് പേരെയും നോക്കി നിന്നിട്ടുണ്ട്. അത് മറ്റൊരു സെറ്റിലും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. കാരണം, ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ രണ്ട് ലെജന്‍ഡുകളെ ഒരു സിനിമയില്‍ കാണാന്‍ സാധിക്കുക എന്നത് വലിയ കാര്യമാണല്ലോ,’ തൃഷ പറഞ്ഞു.

Content Highlight: Trisha reacts to the controversy about the Romance scene between her and Kamal Haasan in Thug Life