ദേശീയ പുരസ്കാരങ്ങൾ എല്ലാവർഷവും മലയാളത്തിന് ലഭിക്കുന്നത് അക്കാരണം കൊണ്ട്; തൃഷ
Entertainment
ദേശീയ പുരസ്കാരങ്ങൾ എല്ലാവർഷവും മലയാളത്തിന് ലഭിക്കുന്നത് അക്കാരണം കൊണ്ട്; തൃഷ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th May 2025, 8:18 pm

പരസ്യ ചിത്രങ്ങളിൽ നിന്നും വെള്ളിത്തിരയിലെത്തിയ നടിയാണ് തൃഷ കൃഷ്ണൻ. സൗത്ത് ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി തൃഷ നിറഞ്ഞുനിൽക്കുന്നു. തമിഴിൽ മാത്രമല്ല തെലുങ്കിലും മലയാളത്തിലും ഹിന്ദിയിലും തൻ്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

വർഷമിത്രയായിട്ടും ഇന്നും സൗത്ത് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിയാണ് തൃഷ. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ലേസാ ലേസാ’ എന്ന ചിത്രത്തിലൂടെയാണ് തൃഷ അഭിനയരംഗത്തേക്ക് കടന്നുവന്നത്. ഹേയ് ജൂഡ്, റാം എന്നീ മലയാള ചിത്രങ്ങളിലാണ് തൃഷ അഭിനയിച്ചത്. ഇപ്പോൾ മലയാളം സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് തൃഷ.

തമിഴിനെ അപേക്ഷിച്ച് മലയാള സിനിമക്ക് വേണ്ടത് സ്വാഭാവികമായ പ്രകടനമാണെന്നും അതിവൈകാരികമായ അഭിനയത്തിന് മലയാള സിനിമയിൽ പ്രസക്തിയില്ലെന്നും തൃഷ പറയുന്നു.

മലയാള സിനിമയിൽ ഉള്ളതുപോലെ അഭിനയിച്ചാൽ മതിയെന്നും എന്നാൽ തമിഴിലെ പ്രേക്ഷകരുടെ കാഴ്ചപ്പാടുകളോട് ചേർന്നുനിൽക്കാൻ എല്ലാം കൂടുതലായി കാണിക്കണമെന്നും നടി പറഞ്ഞു.

മണിരത്നം, ഗൗതം വാസുദേവും ചെയ്യുന്നതിന് സമാനമായ രീതിയിലാണ് മലയാളത്തിൽ സിനിമ എടുക്കുന്നതെന്നും മലയാളി സംവിധായകരെ സഹായിക്കുന്നത് നിരീക്ഷണപാടവമാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും തൃഷ പറയുന്നു.

ഇത്തരത്തിൽ കഥ പറയുന്നതുകൊണ്ടാണ് ദേശീയ പുരസ്കാരങ്ങൾ എല്ലാവർഷവും മലയാളത്തിലേക്കെത്തുന്നത് എന്നും തൃഷ കൂട്ടിച്ചേർത്തു. സ്റ്റാർ & സ്റ്റൈൽ മാഗസിനിൽ സംസാരിക്കുകയായിരുന്നു തൃഷ.

‘തമിഴിനെ അപേക്ഷിച്ച് മലയാള സിനിമക്ക് വേണ്ടത് സ്വാഭാവികമായ പ്രകടനമാണ്. അതിവൈകാരികമായ അഭിനയത്തിന് ഇവിടെ പ്രസക്തിയില്ല. ഉള്ളത് ഉള്ളതുപോലെ അവതരിപ്പിച്ചാൽ മതി. കോളിവുഡിൽ എല്ലാം അല്പം കൂടുതൽ വേണം. പ്രേക്ഷകരുടെ കാഴ്ചപ്പാടുകളോട് ചേർന്നുനിൽക്കാൻ അതെല്ലാം ആവശ്യമാണ്.

ജൂഡിലെ കഥാപാത്രത്തിന്റെ ചെറിയ ചെറിയ മാനറിസങ്ങൾ വരെ തിരക്കഥയിൽ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. തമിഴിൽ മണിരത്നം സാറും ഗൗതം മേനോനും സമാനമായ രീതിയിലാണ് സിനിമ എടുക്കുന്നത്. ജീവിതത്തിലെ നേർക്കാഴ്‌ചകൾ പകർത്തുന്നതിൽ മലയാളി സംവിധായകരെ സഹായിക്കുന്നത് അവരുടെ നിരീക്ഷണപാടവം തന്നെയാണെന്ന് തോന്നിയിട്ടുണ്ട്. ഇത്തരത്തിൽ കഥ പറയുന്നതുകൊണ്ടാകണം ദേശീയ പുരസ്കാരങ്ങൾ എല്ലാവർഷവും മലയാളത്തിലേക്കെത്തുന്നത്,’ തൃഷ പറയുന്നു.

Content Highlight: Trisha Krishnan Talking about Malayalam Cinema