മുത്തലാഖ്, ആര്‍ട്ടിക്കിള്‍ 370, ഇനി ഏക സിവില്‍ കോഡ് ? സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയുടെ ചുക്കാന്‍ അമിത് ഷായ്ക്ക്
Kashmir Turmoil
മുത്തലാഖ്, ആര്‍ട്ടിക്കിള്‍ 370, ഇനി ഏക സിവില്‍ കോഡ് ? സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയുടെ ചുക്കാന്‍ അമിത് ഷായ്ക്ക്
ന്യൂസ് ഡെസ്‌ക്
Tuesday, 6th August 2019, 8:15 am

ന്യൂദല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, ഏക സിവില്‍ കോഡ്. ദശാബ്ദങ്ങളായി ആര്‍.എസ്.എസും അവരുടെ രാഷ്ട്രീയരൂപമായ ബി.ജെ.പിയും തങ്ങളുടെ രാഷ്ട്രീയ അജണ്ടകളെന്ന് ആവര്‍ത്തിക്കുന്ന മൂന്നു കാര്യങ്ങള്‍. ഇന്നലെ രാജ്യസഭയില്‍ നടന്ന സംഭവവികാസങ്ങള്‍ ഇവ മൂന്നും യാഥാര്‍ഥ്യത്തിലേക്കെത്തിക്കാന്‍ അവര്‍ക്ക് അധികം കഷ്ടപ്പെടേണ്ടിവരില്ലെന്നാണ് സൂചിപ്പിക്കുന്നത്.

മുത്തലാഖ് ക്രിമിനല്‍ക്കുറ്റമാക്കുന്ന ബില്‍ പാസാക്കിയെടുത്ത് ഒരാഴ്ച പിന്നിടുന്നതിനു മുന്‍പാണ് കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളായാന്‍ കേന്ദ്രസര്‍ക്കാരിനായത് എന്നതു ശ്രദ്ധേയമാണ്.

ഏക സിവില്‍ കോഡ് എന്നത് അത്ര എളുപ്പമല്ലെന്നാണ് ഇത്രനാളും പറഞ്ഞിരുന്നതെങ്കില്‍ ഇനിയത് അസാധ്യമല്ലെന്നു കൂടി പറയേണ്ടിവരും. വ്യക്തിനിയമങ്ങള്‍ പാസാക്കിയെടുക്കുക വഴി ഏക സിവില്‍ കോഡിലേക്കു കേന്ദ്രം ഇപ്പോള്‍ കൂടുതല്‍ അടുത്തുകഴിഞ്ഞു.

അതിന്റെ അവസാന പടിയെന്നത് അയോധ്യയാകാനാണു സാധ്യത. ഇന്നുമുതല്‍ സുപ്രീംകോടതി അയോധ്യാവിഷയത്തില്‍ ദിവസവും വാദം കേള്‍ക്കും. അതിന്റെ രാഷ്ട്രീയ, വൈകാരിക വശങ്ങളൊക്കെ നിലനില്‍ക്കെത്തന്നെ നിയമപ്രശ്‌നത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.

ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് പ്രതിപക്ഷ പ്രതിഷേധവും നിയമപ്രശ്‌നങ്ങളും മറികടന്ന് ബി.ജെ.പി തങ്ങളുടെ ഹിന്ദുത്വ അജണ്ടയുമായി മുന്നോട്ടുപോകുന്നത്.

ഒരുമാസം മുന്‍പേ കശ്മീര്‍ വിഷയത്തില്‍ ബില്ലവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുകളുമായി ഷാ മുന്നോട്ടുപോയിരുന്നുവെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നതായി ടൈംഫ് ഓഫ് ഇന്ത്യ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

സ്വന്തം പാര്‍ട്ടിയിലെയും മറ്റു പാര്‍ട്ടികളിലെയും നേതാക്കളെ നേരില്‍ക്കണ്ട് വിഷയത്തെക്കുറിച്ച് അവരെപ്പറഞ്ഞു മനസ്സിലാക്കുകയാണ് ഷാ ചെയ്തത്. ബി.ജെ.ഡി, ടി.ആര്‍.എസ്, വൈ.എസ്.ആര്‍.സി.പി, ടി.ഡി.പി എന്നീ പാര്‍ട്ടികളെല്ലാം കേന്ദ്രത്തിനൊപ്പം നിന്നതും അതു വ്യക്തമാക്കുന്നു.

അസാധാരണ നടപടിക്രമങ്ങളിലൂടെയാണ് കശ്മീരിന് പ്രത്യേക പരിരക്ഷ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ആണ് കേന്ദ്രം റദ്ദാക്കിയത്. രാഷ്ട്രപതി നേരത്തെ തന്നെ ഒപ്പുവെച്ച ഉത്തരവാണ് അമിത് ഷാ ബില്ലായി അവതരിപ്പിച്ചത്. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്.

സാധാരണഗതിയില്‍ പാര്‍ലമെന്റ് പാസാക്കുന്ന ഉത്തരവില്‍ രാഷ്ട്രപതി ഒപ്പവെക്കുന്നതാണ് നിയമമായി മാറുന്നത്. എന്നാല്‍ രാഷ്ട്രപതിയുടെ വിവേചനാധികാരം ഉപയോഗിച്ചാണ് നേരെ തിരിച്ച് ബില്‍ അവതരിപ്പിച്ചത്.