ജമ്മു കശ്മീര്‍: ആശങ്കയുണ്ടെന്ന് യു.എന്നും അമേരിക്കയും
Kashmir Turmoil
ജമ്മു കശ്മീര്‍: ആശങ്കയുണ്ടെന്ന് യു.എന്നും അമേരിക്കയും
ന്യൂസ് ഡെസ്‌ക്
Tuesday, 6th August 2019, 7:59 am

ജനീവ: ജമ്മു കശ്മീരിലെ സംഘര്‍ഷ സാഹചര്യം ആശങ്കയോടെയാണ് കാണുന്നതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിയന്ത്രണ രേഖയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചത് ഐക്യരാഷ്ട്ര സഭ നിരീക്ഷിക്കുന്നുണ്ടെന്നും ഗുട്ടറസ് അറിയിച്ചു. എല്ലാവരും സംയമനം പാലിക്കണമെന്നും യു.എന്‍ വ്യക്തമാക്കി.

കശ്മീരിലെ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ ആശങ്കയുണ്ടെന്നും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും അമേരിക്ക വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും സംസ്ഥാനത്തെ പുനസംഘടിപ്പിച്ചതുമായ വിഷയങ്ങള്‍ ആഭ്യന്തര വിഷയമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മോര്‍ഗന്‍ ഒട്ടാഗസ് അറിയിച്ചു.

വ്യക്തിപരമായ അവകാശങ്ങളും കശ്മീരികളുടെ ആശങ്കയും കണക്കിലെടുക്കണം, നിയന്ത്രണരേഖയില്‍ ഇരുരാജ്യങ്ങളും സമാധാനം നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ കൊക്കൊള്ളണമെന്നും അമേരിക്ക അഭിപ്രായപ്പെട്ടു.

കാശ്മീരില്‍ നിന്നും ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നതിന് മുന്നോടിയായി വീട്ടുതടങ്കലിലായിരുന്ന കശ്മീര്‍ മുന്‍മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയെയും ഉമര്‍ അബ്ദുല്ലയെയും ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ തടസ്സപ്പെടുത്തിയതിനാല്‍ കശ്മീരില്‍ നിന്നുള്ള കൂടുതല്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. കശ്മീരിലെ മാധ്യമങ്ങളുടെയെല്ലാം ഓണ്‍ലൈന്‍ എഡിഷനുകളില്‍ ആഗസ്റ്റ് നാലിനാണ് അവസാനമായി വാര്‍ത്ത അപ്ഡേഷന്‍ നടന്നിട്ടുള്ളത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവിറങ്ങിയതിനു പിന്നാലെ കശ്മീരില്‍ കൂടുതല്‍ സുരക്ഷയൊരുക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഏറ്റവുമൊടുവിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി എണ്ണായിരത്തോളം അര്‍ധസൈനികരെ കശ്മീരിലേക്ക് ആകാശമാര്‍ഗം എത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉത്തര്‍ പ്രദേശ്, ഒഡീഷ, അസം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നാണ് സൈനികരെ ജമ്മു കശ്മീരിലെത്തിച്ചിട്ടുള്ളത്.