കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളും മുന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയുമായിരുന്ന മുകുള്‍ റോയ് (71) അന്തരിച്ചു. കൊല്‍ക്കത്തയില്‍ സാള്‍ട്ട്‌ലേക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ 1.30യോടെ മരണം സംഭവിച്ചെന്ന് മകന്‍ സുഭ്രാന്‍ഷു റോയ് മാധ്യമങ്ങളെ അറിയിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന രണ്ടാമത്തെ നേതാവും മമത ബാനര്‍ജിയുടെ വിശ്വസ്തനുമായി കണക്കാക്കിയിരുന്ന നേതാവായിരുന്നു മുകുള്‍ റോയ്. പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും വൈകാതെ തൃണമൂലിലേക്ക് തന്നെ തിരിച്ചെത്തിയിരുന്നു.
യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തിയ മുകുള്‍ റോയ് 1998ല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ രൂപീകരണത്തിലും മുഖ്യപങ്കാളിത്തം വഹിച്ചു. പാര്‍ട്ടിയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു.
2006ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2009 മുതല്‍ 2012 വരെ ലോക്‌സഭയില്‍ അംഗമായി.രണ്ടാം യു.പി.എ സര്‍ക്കാരില്‍ ഷിപ്പിങ് മന്ത്രിയായിരിക്കെ 2012 മാര്‍ച്ചില്‍ ദിനേശ് ത്രിവേദിയുടെ ഒഴിവില്‍ റെയില്‍വേ മന്ത്രിയായി ചുമതലയേറ്റു.
പിന്നീട് 2017ല്‍ നാരദ സ്റ്റിങ് ഓപ്പറേഷനില്‍ അഴിമതി വെളിപ്പെട്ടതോടെ തൃണമൂലില്‍ നിന്നും പുറത്താക്കപ്പെട്ടു. തുടര്‍ന്ന് അതേവര്‍ഷം നവംബറില്‍ ബി.ജെ.പിയില്‍ ചേരുകയും 2020ല്‍ ദേശീയ വൈസ് പ്രസിഡന്റാവുകയും ചെയ്തു.
2021ല്‍ നടന്ന തെരഞ്ഞെടുപ്പി ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തൃണമൂലിലേക്ക് തന്നെ മടങ്ങി. വൈകാതെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.
Content Highlight: Trinamool’s one of the founding leaders and former Railway Minister Mukul Roy passes away