അഴിമതി ആരോപണം: ബംഗാളില്‍ തൃണമൂല്‍ നേതാവിനെ ചെരിപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തി ജനക്കൂട്ടം; വീഡിയോ
national news
അഴിമതി ആരോപണം: ബംഗാളില്‍ തൃണമൂല്‍ നേതാവിനെ ചെരിപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തി ജനക്കൂട്ടം; വീഡിയോ
ആദര്‍ശ് എം.കെ.
Tuesday, 23rd June 2026, 7:15 pm

 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹൂഗ്ലി ജില്ലയില്‍ അഴിമതി ആരോപണത്തെത്തുടര്‍ന്ന് മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ ജനക്കൂട്ടം പരസ്യമായി കൈയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്തു.

മുന്‍ താരകേശ്വര്‍ മുനിസിപ്പാലിറ്റി ചെയര്‍മാനായ സപന്‍ സാമന്തയെയാണ് രോഷാകുലരായ പ്രദേശവാസികള്‍ ചെരിപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തിയത്.

സപന്‍ സാമന്ത മുനിസിപ്പാലിറ്റി ചെയര്‍മാനായിരുന്ന കാലയളവില്‍ വന്‍തോതില്‍ അഴിമതികളും ക്രമക്കേടുകളും നടത്തിയെന്നാണ് പ്രദേശവാസികളുടെ ആരോപണം.

ഈ ജനരോഷമാണ് ഒടുവില്‍ പരസ്യമായ പ്രതിഷേധത്തിലും കൈയേറ്റത്തിലും കലാശിച്ചത്.

പ്രതിഷേധക്കാര്‍ സപന്‍ സാമന്തയെ ചെരിപ്പുമാല അണിയിച്ച് തെരുവിലൂടെ നടത്തിക്കുക മാത്രമല്ല, പരസ്യമായി ചെവിയില്‍ പിടിച്ച് ഏത്തമിടുവിക്കാനും നിര്‍ബന്ധിച്ചു. ഇതിനിടെ വലിയ രീതിയില്‍ തടിച്ചുകൂടിയ ജനക്കൂട്ടം ഇയാള്‍ക്ക് നേരെ മുട്ടയും തക്കാളിയും എറിയുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നാട്ടുകാര്‍ കൂട്ടത്തോടെ തടിച്ചുകൂടി ഇദ്ദേഹത്തിനെതിരെ കടുത്ത മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും, തങ്ങള്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി വേണമെന്ന് ആവശ്യപ്പെടുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

 

Content highlight: Trinamool leader in Bengal paraded through streets wearing a garland of sandals

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.