ബംഗാളില്‍ തൃണമൂല്‍ നേതാവ് വെടിയേറ്റ് മരിച്ചു
India
ബംഗാളില്‍ തൃണമൂല്‍ നേതാവ് വെടിയേറ്റ് മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th July 2025, 9:37 am

കൊല്‍ക്കട്ട: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റസാഖ് ഖാനാണ് കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാളിലെ സൗത്ത് പര്‍ഗനാസ് ജില്ലയിലെ ചല്‍തബേരിയ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വെച്ചാണ് അജ്ഞാത സംഘം റസാഖിനെ വെടിവെച്ചും വെട്ടിപ്പരിക്കേല്‍പ്പിച്ചും കൊലപ്പെടുത്തിയത്.

ആക്രമണത്തെ തുടര്‍ന്ന് അദ്ദഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മരണപ്പെടുകയായിരുന്നു. ഇന്നലെ രാത്രി 9:45ഓടെ റസാഖ് ഖാന്‍ ഭംഗര്‍ ബസാറില്‍ നിന്ന് മാരീചയിലേക്ക് വീട്ടിലേക്ക് പോകുന്നതിനിടെ ആക്രമിക്കപ്പെടുകയായിരുന്നു.

റസാഖിനെ വെടിവെച്ച് വീഴ്ത്തിയതിന് ശേഷം മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ് റസാഖ് ഖാനെ അക്രമികള്‍ വഴിയില്‍ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തൃണമൂല്‍ എം.എല്‍.എ ഷൗഖത്ത് മൊല്ലയുടെ അടുത്ത അനുയായിയാണ് കൊല്ലപ്പെട്ട റസാഖ് ഖാന്‍.

കഴിഞ്ഞയാഴ്ചയും സമാനമായി കൂച്ച് ബെഹാര്‍ ജില്ലയിലെ മറ്റൊരു തൃണമൂല്‍ നേതാവിന് വെടിയേറ്റിരുന്നുു. ആ കേസില്‍, ബി.ജെ.പി എം.എല്‍.എ സുകുമാര്‍ റോയിയുടെ മകനായ ദീപങ്കര്‍ റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Content Highlight: Trinamool congress leader shot dead in Bengal