മോദിയുടെ ഗ്യാരന്റിക്ക് 'സീറോ വാറൻ്റി'; തൃണമൂൽ കോൺഗ്രസ് എം.പി
national news
മോദിയുടെ ഗ്യാരന്റിക്ക് 'സീറോ വാറൻ്റി'; തൃണമൂൽ കോൺഗ്രസ് എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 10th March 2024, 6:02 pm

കൊൽക്കത്ത: ‘മോദി കി ഗ്യാരൻ്റി’ ക്ക് ‘സീറോ വാറൻ്റി’ എന്ന് അവകാശപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി. ഞായറാഴ്ച ബി.ജെ.പി നേതാക്കളെ ‘പുറത്തുള്ളവരും ബംഗാൾ വിരുദ്ധരും’ എന്ന് മുദ്രകുത്തുകയും തെരഞ്ഞെടുപ്പ് സമയത്ത് മാത്രം സംസ്ഥാനം സന്ദർശിക്കുന്നവരാണെന്ന് ആരോപിക്കുകയും ചെയ്തു.

സംസ്ഥാനത്തിൻ്റെ ഫണ്ട് തടഞ്ഞുവെച്ച കാവി ക്യാമ്പിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ജനങ്ങൾ തക്ക മറുപടി നൽകുമെന്ന് ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി ബാനർജി ഊന്നി പറഞ്ഞു.

ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന ‘ജനഗർജൻ സഭ’ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ‘മോദി കി ഗ്യാരൻ്റി’ എന്നതിന് ‘വാറൻ്റി ഇല്ല’ എന്നും വാഗ്‌ദാനങ്ങൾ പാലിക്കുന്നത് മമതയും ടി.എം.സിയും മാത്രമാണെന്നും അഭിഷേക് ബാനർജി പറഞ്ഞു.

ബി.ജെ.പി നേതാക്കൾ പുറത്തുനിന്നുള്ളവരാണെന്നും ബംഗാൾ വിരുദ്ധരാണെന്നും അഭിഷേക് കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന് നൽകേണ്ട ഫണ്ട് എന്തുകൊണ്ടാണ് കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചതെന്നും ഇ.ഡി, സി.ബി.ഐ തുടങ്ങിയ അന്വേഷണ ഏജൻസികളുടെ റെയ്‌ഡുകൾ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഫലം ചെയ്യില്ലെന്നും ടി.എം.സി എം.പി പറഞ്ഞു.

ഞായറാഴ്ച നടന്ന റാലിയിലൂടെ തൃണമൂൽ കോൺഗ്രസ് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. പാർട്ടി അധ്യക്ഷ മമത ബാനർജി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് ഇതിലൂടെ അറിയിച്ചു.

Content Highlight: Trinamool Congress leader Abhishek Banerjee claimed  Modi Ki Guarantee Has Zero Warranty