ലിംഗമാറ്റ ശസ്ത്രക്രിയാ പിഴവ് ആരോപിച്ച ട്രാന്‍സ് ജെന്‍ഡര്‍ യുവതി അനന്യ കുമാരി അലക്‌സിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
Kerala News
ലിംഗമാറ്റ ശസ്ത്രക്രിയാ പിഴവ് ആരോപിച്ച ട്രാന്‍സ് ജെന്‍ഡര്‍ യുവതി അനന്യ കുമാരി അലക്‌സിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th July 2021, 8:23 pm

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ട്രാന്‍സ് ജെന്‍ഡര്‍ ആര്‍.ജെയും കേരള നിയമസഭയിലേക്ക് മത്സരിക്കാന്‍ ആദ്യമായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ മത്സരാര്‍ത്ഥിയുമായ അനന്യ കുമാരി അലക്‌സിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

കൊച്ചിയിലെ ഫ്‌ളാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം പെരുമണ്‍ സ്വദേശിയാണ് മരിച്ച അനന്യ.

ലിംഗമാറ്റ ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവ് മൂലം ഏറെ നാളായി ബുദ്ധിമുട്ട് അനുഭവിക്കുന്നതായി അനന്യ വെളിപ്പെടുത്തിയിരുന്നു.

എറണാകുളം റെനെ മെഡിസിറ്റിയില്‍ നിന്നാണ് ചെയ്തതെന്നും എന്നാല്‍ ശസ്ത്രക്രിയയില്‍ പിഴവുണ്ടായതായും അനന്യ ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ശസ്ത്രക്രിയയില്‍ പിഴവുണ്ടായിരുന്നതായി ഡോക്ടര്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും അനന്യ പറഞ്ഞിരുന്നു.

സര്‍ജറിയ്ക്ക് ശേഷം ഒന്ന് എഴുന്നേറ്റ് നില്‍ക്കാനോ ഉറക്കെ തുമ്മാനോ പൊട്ടിക്കരയാനോ കഴിയുന്നുണ്ടായിരുന്നില്ല. ശസ്ത്രക്രിയ ചെയ്ത് തരാമെന്ന ഉറപ്പില്‍ ഡോക്ടറെ സമീപിച്ച തനിക്ക് മെഡിക്കല്‍ നെഗ്ലിജന്‍സ് ആണ് ഉണ്ടായതെന്നും അനന്യ പറഞ്ഞിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം വേങ്ങര മണ്ഡലത്തില്‍ മത്സരിക്കാനായി നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു. ഡി.എസ്.ജെ.പി. സ്ഥാനാര്‍ത്ഥിയായാണ് അനന്യ മത്സരിക്കാന്‍ ഒരുങ്ങിയത്. എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് അനന്യ തെരഞ്ഞെടുപ്പില്‍ പിന്മാറുകയായിരുന്നു.

തെരഞ്ഞെടുപ്പില്‍ നിന്ന് സ്വമേധയാ പിന്‍മാറുന്നതായും ആരും തന്റെ പേരില്‍ ഡി.എസ്.ജെ.പി പാര്‍ട്ടിക്ക് വോട്ട് ചെയ്യരുതെന്നും അനന്യ ആവശ്യപ്പെട്ടു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Transgender woman Anannyah Kumari Alex found dead