പുതിയ ലോക്ഡൗണ്‍ ഇളവുകളില്ല; വാരാന്ത്യ ലോക്ഡൗണ്‍ തുടരാന്‍ സര്‍ക്കാര്‍
Kerala News
പുതിയ ലോക്ഡൗണ്‍ ഇളവുകളില്ല; വാരാന്ത്യ ലോക്ഡൗണ്‍ തുടരാന്‍ സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th July 2021, 6:10 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണില്‍ പുതിയ ഇളവുകള്‍ നല്‍കില്ലെന്ന് സര്‍ക്കാര്‍. ഇളവുകളെ സുപ്രീം കോടതി വിമര്‍ശിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം.

വാരാന്ത്യ ലോക്ഡൗണ്‍ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അവലോകന യോഗത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിക്കാമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നിലവിലുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അതേപടി തുടരാനാണ് യോഗത്തില്‍ തീരുമാനമായത്.

ബക്രീദുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ ഇന്ന് അവസാനിക്കും. 18,19,20 എന്നീ തിയ്യതികളിലായാണ് ഇളവ് അനുവദിച്ചത്.

എന്നാല്‍ ഉത്തര്‍പ്രദേശിലെ കന്‍വാര്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച് പറഞ്ഞതൊക്കെ കേരളത്തിനും ബാധകമാണെന്നാണ് സുപ്രീംകോടതി പറഞ്ഞത്.

ടി.പി.ആര്‍. 15 ന് മുകളിലുള്ള ഡി കാറ്റഗറിയില്‍ എന്തിന് ഇളവ് കൊടുത്തുവെന്നും ജസ്റ്റിസ് നരിമാന്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചോദിച്ചു. ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.ആര്‍. ഗവായ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

മതപരമോ അല്ലാതെയോ ഉള്ള സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ക്ക് ഇന്ത്യയിലെ എല്ലാ പൗരന്മാരുടെയും ജീവിക്കാനുള്ള മൗലികാവകാശത്തെ തടസ്സപ്പെടുത്താന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. സ്ഥിതി ഗുരുതരമായാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ഈ നയങ്ങളുടെ ഫലമായി, അനിയന്ത്രിതമായ രീതിയില്‍ രോഗം പടര്‍ന്നുപിടിക്കുകയാണെങ്കില്‍, പൊതുജനങ്ങള്‍ക്ക് തങ്ങളെ സമീപിക്കാമെന്നും വിഷയത്തില്‍ തക്കതായ നടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.

ഹരജി നേരത്തെ വന്നിരുന്നെങ്കില്‍ ഇളവ് റദ്ദാക്കുമായിരുന്നുവെന്നും കോടതി പറഞ്ഞു. നേരത്തെ ബക്രീദ് ഇളവുകള്‍ നല്‍കിയത് വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണെന്ന് കേരളം കോടതിയെ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kerala not announces new covid lockdown relaxations