തിരുവനന്തപുരം: മുതിര്‍ന്ന സി.പി.ഐ.എം നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരന് പാര്‍ട്ടി അംഗത്വം പുതുക്കാതെ പാര്‍ട്ടി വിടുകയാണെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍.
പാര്‍ട്ടി അംഗത്വം പുതുക്കാനും പുതുക്കാതിരിക്കാനും ഓരോരുത്തര്‍ക്കും അവകാശമുണ്ടെന്നും പാര്‍ട്ടി അംഗത്വത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും ജി. സുധാകരന് പാര്‍ട്ടി അനുഭാവിയായി തുടരാനാകുമെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
പാര്‍ട്ടി അംഗത്വത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും ജി. സുധാകരന് പാര്‍ട്ടി അനുഭാവിയായി തുടരാനാകും. അങ്ങനെ ഒരുപാട് ആളുകളുണ്ട്. പാര്‍ട്ടി അംഗത്വം പുതുക്കാത്തവര്‍ മഹാഭൂരിപക്ഷവും അനുഭാവികളായി തുടരുന്നുണ്ട്. അവരൊന്നും പാര്‍ട്ടി വിരുദ്ധരല്ലെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
പാര്‍ട്ടി അംഗത്വം പുതുക്കുന്നില്ലെന്ന ജി. സുധാകരന്റെ പ്രസ്താവനയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ തെരഞ്ഞെടുപ്പ് റാലിയുമായി കൂട്ടിച്ചേര്‍ക്കേണ്ടതില്ലെന്നും അദ്ദേഹം വിശദമാക്കി.
സി.പി.ഐ.എം അംഗത്വം പുതുക്കുന്നത് സംഘടനാ പരമായ പ്രക്രിയയാണ്. പാര്‍ട്ടി അംഗത്വം പുതുക്കാനും പുതുക്കാതിരിക്കാനും ഓരോരുത്തര്‍ക്കും അവകാശമുണ്ട്. അത് മറ്റൊരു രാഷ്ട്രീയ ക്യാമ്പയിനുമായോ മറ്റോ ബന്ധപ്പെട്ടിട്ടുള്ളതല്ല. പാര്‍ട്ടി അംഗത്വം പുതുക്കുന്ന നടപടികള്‍ അവസാനിച്ചിട്ടില്ലെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പിന് ശേഷം മാത്രമെ അംഗത്വം പുതുക്കല്‍ അവസാനിക്കൂ. അതുവരെ അംഗത്വം പുതുക്കലുമായ ബന്ധപ്പെട്ട് സംസാരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ പരിഹസിച്ചുവെന്ന ആരോപണം അദ്ദേഹം തന്നെ വിശദീകരിക്കുമെന്നും ഒരാളെയും താഴ്ത്തിയോ വിലകുറച്ചോ കാണുന്ന സമീപനം പാര്‍ട്ടിക്കും നേതൃത്വത്തിനുമില്ലെന്നും പാര്‍ട്ടി സെക്രട്ടറിക്കും അതേനിലപാടാണെന്നും ടി.പി രാമകൃഷ്ണന്‍ വിശദീകരിച്ചു.
ജി. സുധാകരനുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച അദ്ദേഹം, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ബന്ധപ്പെട്ടാണ് തനിക്ക് സംസാരിക്കാനുള്ളതെന്നും സി.പി.ഐ.എമ്മുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടി സെക്രട്ടറി വിശദീകരിക്കുമെന്നും പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജി. സുധാകരന്‍ താന്‍ പാര്‍ട്ടി അംഗത്വം പുതുക്കാന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്ന് വെളിപ്പെടുത്തിയത്. നിരവധി തവണ പാര്‍ട്ടി തന്നെ അവഗണിച്ചെന്നും സുധാകരന്‍ ആരോപിച്ചിരുന്നു.
2022ല്‍ സംസ്ഥാന സമിതിയില്‍ നിന്ന് തന്നെ ഒഴിവാക്കിയിരുന്നു. 43 വര്‍ഷം സംസ്ഥാന കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചതിന് ശേഷം ബ്രാഞ്ചില്‍ വന്നപ്പോള്‍ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി ഒരു പൊതുപരിപാടി പോലും തനിക്ക് ജില്ലാ സെക്രട്ടറി നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ച തനിക്ക് വീടിനടുത്തുള്ള ഇ.എം.എസ് ഹാളില്‍ നടന്ന അടിയന്തരാവസ്ഥയുടെ 50ാം വാര്‍ഷികത്തിലേക്ക് ക്ഷണം ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
കൂടാതെ, പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പത്രസമ്മേളനത്തില്‍ തന്നെ കളിയാക്കി ചിരിച്ചുവെന്നും പരിഗണന അര്‍ഹിക്കുന്ന ആളല്ലെന്ന അര്‍ത്ഥം വരുന്ന പ്രയോഗം നടത്തിയെന്നും ജി. സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
Content Highlight: Even if party membership is not renewed, G. Sudhakaran can continue as a supporter; that is not anti-party: TP Ramakrishnan