അയാളിലെ നടനേക്കാള്‍ എനിക്കിഷ്ടം സംവിധായകനെ; മലയാള സിനിമ മിസ് ചെയ്യുന്ന സംവിധായകന്‍: ടൊവിനോ തോമസ്
Entertainment
അയാളിലെ നടനേക്കാള്‍ എനിക്കിഷ്ടം സംവിധായകനെ; മലയാള സിനിമ മിസ് ചെയ്യുന്ന സംവിധായകന്‍: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th May 2025, 8:46 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ടൊവിനോ തോമസ്. മികച്ച നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ച നടനാണ് അദ്ദേഹം. ടൊവിനോയുടെ കരിയറിലെ മികച്ച സിനിമകളില്‍ രണ്ടെണ്ണമാണ് ഗോദ, മിന്നല്‍ മുരളി എന്നിവ.

ഈ രണ്ട് സിനിമകളും സംവിധാനം ചെയ്തത് സംവിധായകനും നടനും ടൊവിനോയുടെ സുഹൃത്തുമായ ബേസില്‍ ജോസഫാണ്. മൂന്ന് സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് ബേസില്‍. ഇപ്പോള്‍ ബേസില്‍ ജോസഫിനെ കുറിച്ച് പറയുകയാണ് ടൊവിനോ.

മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം എപ്പോള്‍ വരുമെന്ന് പറയേണ്ടത് സംവിധായകനായ ബേസില്‍ ജോസഫാണ്. പക്ഷെ ബേസില്‍ ഒരു നടനെന്ന നിലയില്‍ ഇപ്പോള്‍ വളരെ ബിസിയാണ്. സത്യത്തില്‍ ബേസില്‍ ജോസഫ് എന്ന സംവിധായകനെ ഞാന്‍ ഒരുപാട് മിസ് ചെയ്യുന്നുണ്ട്.

അവന്‍ നായകനായി എത്തിയ അവസാന സിനിമ ഞാനാണ് പ്രൊഡ്യൂസ് ചെയ്തത്. എനിക്ക് അവനിലെ നടനെ ഇഷ്ടമാണ്. പക്ഷെ അവനിലെ സംവിധായകനെയാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. അത് ബേസില്‍ ജോസഫിന്റെ പ്രൈം ആണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

അവന്‍ ആദ്യമായി സംവിധാനം ചെയ്യുന്നത് കുഞ്ഞിരാമായണം എന്ന സിനിമയാണ്. പിന്നീട് ഗോദ ചെയ്തു. പിന്നീടാണ് അവന്‍ മിന്നല്‍ മുരളി ചെയ്യുന്നത്. കുഞ്ഞിരാമായണം മറ്റ് രണ്ട് സിനിമകളെ വെച്ച് നോക്കുമ്പോള്‍ ചെറിയ സിനിമയാണ്.

ഗോദയിലേക്ക് വരുമ്പോള്‍, കുഞ്ഞിരാമായണം സിനിമയേക്കാള്‍ വലിയ ക്യാന്‍വാസിലാണ് ആ സിനിമ വന്നത്. മിന്നല്‍ മുരളി വന്നപ്പോള്‍ അത് വളരെ വലിയ ക്യാന്‍വാസിലായിരുന്നു. ഔട്ട് ഓഫ് ബോക്‌സായ ഒരു ശ്രമമായിരുന്നു അത്.

അത്തരത്തില്‍ മികച്ച സിനിമകള്‍ നല്‍കിയ സംവിധായകനെ ഇപ്പോള്‍ മലയാള സിനിമ മിസ് ചെയ്യുന്നുണ്ട്. ഞാന്‍ ബേസിലിനോട് അതിനെ കുറിച്ച് സംസാരിക്കാറുണ്ട്. ‘മൂന്ന് വര്‍ഷത്തിന് ഇടയില്‍ ഒരു സിനിമയെങ്കിലും സംവിധാനം ചെയ്യണം. ബാക്കി സമയത്ത് മാക്‌സിമം സിനിമകളില്‍ അഭിനയിച്ചോളൂ’ എന്നാണ് ഞാന്‍ പറയാറുള്ളത്,’ ടൊവിനോ തോമസ് പറയുന്നു.


Content Highlight: Tovino Thomas Talks About How Basil Joseph As Directer