ആ റോളിലേക്ക് ഒരു പോപ്പുലര്‍ ആക്ടറിനെയും വിളിക്കാനാവില്ല; എന്നെ ബാധിക്കാത്ത കഥാപാത്രം: ടൊവിനോ
Entertainment
ആ റോളിലേക്ക് ഒരു പോപ്പുലര്‍ ആക്ടറിനെയും വിളിക്കാനാവില്ല; എന്നെ ബാധിക്കാത്ത കഥാപാത്രം: ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th May 2025, 1:42 pm

ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു മരണമാസ്സ്. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ ഫിലിം പ്രൊഡക്ഷന്‍സ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടൊവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്‌സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നായിരുന്നു ഈ ചിത്രം നിര്‍മിച്ചത്.

സിനിമയില്‍ നിര്‍മാതാവായ ടൊവിനോ തോമസ് ഡെഡ് ബോഡിയായി ഒരു കാമിയോ റോളില്‍ എത്തിയിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ. എങ്ങനെയാണ് ആ റോളിന് വേണ്ടി മറ്റൊരു നടനെ സമീപിക്കുന്നതെന്നാണ് ടൊവിനോ ചോദിക്കുന്നത്.

ഒരു പോപ്പുലര്‍ ആക്ടറിനെയും ആ റോളിലേക്ക് വിളിക്കാന്‍ സാധിക്കില്ലായിരുന്നുവെന്നും അതുകൊണ്ട് തന്നെയാണ് താന്‍ ആ വേഷം ചെയ്തതെന്നും ടൊവിനോ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ നരിവേട്ടയുടെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.

‘ഞാന്‍ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയില്‍ എന്തായാലും ഞാന്‍ ഒരു ഗസ്റ്റ് റോളിലെങ്കിലും വരുമെന്ന് എല്ലാവരും പ്രതീക്ഷിക്കുമെന്ന് ഉറപ്പാണ്. പക്ഷെ ഒരിക്കലും ഇതുപോലെയുള്ള കഥാപാത്രമാകും അതെന്ന് അവര്‍ കരുതില്ലല്ലോ. എങ്ങനെയാണ് ആ റോളിന് വേണ്ടി മറ്റൊരു നടനെ സമീപിക്കുന്നത്.

‘ഇങ്ങനെയൊരു റോളുണ്ട്. ഗസ്റ്റ് അപ്പിയറന്‍സാണ്. ഒരു ഷോട്ട് മാത്രമാണ്. വരാന്‍ പറ്റുമോ’യെന്ന് ചോദിക്കാന്‍ ആവില്ല. ഒരു പോപ്പുലര്‍ ആക്ടറിനെയും ആ റോളിലേക്ക് വിളിക്കാന്‍ സാധിക്കില്ലായിരുന്നു. അതുകൊണ്ട് തന്നെയാണ് ഞാന്‍ ആ വേഷം ചെയ്തത്.

ആരോടും ചോദിക്കണ്ട, ഞാന്‍ തന്നെ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. എല്ലാവരും ആ റോള്‍ ചെയ്യണോയെന്ന് ചോദിച്ചിരുന്നു. പക്ഷെ എനിക്ക് കുഴപ്പമില്ലെന്ന് ഞാന്‍ പറയുകയായിരുന്നു. കാരണം ആ കഥാപാത്രം ചെയ്താലും എന്നെ അത് ബാധിക്കില്ല. പിന്നെ ആ കഥാപാത്രത്തില്‍ ഒരു സര്‍പ്രൈസ് ഫാക്ടറും ഉണ്ടായിരുന്നു,’ ടൊവിനോ തോമസ് പറയുന്നു.

നടന്‍ സിജു സണ്ണിയോടൊപ്പം സംവിധായകന്‍ ശിവപ്രസാദ് കൂടി ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ബേസില്‍ ജോസഫിനൊപ്പം രാജേഷ് മാധവന്‍, സിജു സണ്ണി, അനിഷ്മ അനില്‍കുമാര്‍, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി തുടങ്ങി മികച്ച താരനിരയായിരുന്നു ഈ സിനിമക്കായി ഒന്നിച്ചത്.

Content Highlight: Tovino Thomas Talks About His Cameo Role In Maranamass Movie