ചിലപ്പോള്‍ ഞാന്‍ പറയുന്നത് അത്യാഗ്രഹമാകാം; എപ്പോഴും അങ്ങനെ സ്‌നേഹിച്ചിരുന്നെങ്കില്‍ നന്നായേനെ: ടൊവിനോ തോമസ്
Entertainment
ചിലപ്പോള്‍ ഞാന്‍ പറയുന്നത് അത്യാഗ്രഹമാകാം; എപ്പോഴും അങ്ങനെ സ്‌നേഹിച്ചിരുന്നെങ്കില്‍ നന്നായേനെ: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 10th May 2024, 6:21 pm

ലോകത്ത് ഒരു പ്രകൃതിദുരന്തം നടക്കുമ്പോള്‍ ആളുകള്‍ കാണിക്കുന്ന അടുപ്പവും സ്‌നേഹവും എന്നും ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ടെന്ന് തുറന്ന് പറയുകയാണ് ടൊവിനോ തോമസ്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ മനുഷ്യരെ പരസ്പരം വിഭജിക്കുന്ന കാര്യങ്ങളൊക്കെ ഇല്ലാതെയാകുമെന്നാണ് താരം പറയുന്നത്.

എപ്പോഴും എല്ലാവരും പരസ്പരം ഇങ്ങനെ സ്‌നേഹിച്ചിരുന്നെങ്കില്‍ നന്നായേനെ എന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ നടികറിന്റെ പ്രൊമോഷന്റെ ഭാഗമായി ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘എന്തെങ്കിലും ഒരു പ്രശ്‌നമോ പ്രകൃതിദുരന്തമോ അല്ലെങ്കില്‍ പേടിക്കേണ്ട കാര്യമോ, സമൂഹത്തിനോ ലോകത്തിനോ സംഭവിക്കുമ്പോള്‍ നമ്മള്‍ കാണിക്കുന്ന അടുപ്പവും സ്‌നേഹവുമൊക്കെ എന്നും ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്.

അങ്ങനെയുള്ള സമയത്ത് നമ്മളെ വെട്ടിമുറിച്ച് വിഭജിക്കുന്ന എല്ലാ കാര്യങ്ങളും പോകും. പെട്ടെന്ന് ഒരുകൂട്ടം മനുഷ്യര്‍ എന്നതിലേക്ക് മാറും. ചിലപ്പോള്‍ അത് ഇങ്ങനെയുള്ള പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമെടുക്കാനുള്ള ഒരു സാധനമാകാം. ഞാന്‍ പറയുന്നത് ചിലപ്പോള്‍ അത്യാഗ്രഹമാകാം. എപ്പോഴും എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ഇങ്ങനെ സ്‌നേഹിച്ചിരുന്നെങ്കില്‍ നന്നായേനെ,’ ടൊവിനോ തോമസ് പറഞ്ഞു.

മനുഷ്യര്‍ ജഡ്ജ്‌മെന്റലായി മറ്റുള്ളവരുടെ ജീവിതത്തില്‍ ഒരുപാട് ഇടപെടുന്നവരാണെന്നും താരം അഭിമുഖത്തില്‍ പറയുന്നു. സോഷ്യല്‍ മീഡിയ കാരണമാണ് ഈ എത്തിനോട്ടം വര്‍ധിച്ചതെന്ന് പറയുന്നത് ശരിയല്ലെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

‘നമ്മള്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ ഒരുപാട് ഇടപെടുന്നുണ്ട്. സോഷ്യല്‍ മീഡിയ കാരണമാണ് എല്ലാവരും വളരെ ജഡ്ജ്‌മെന്റലായി മറ്റുള്ളവരുടെ ജീവിതത്തില്‍ എത്തി നോക്കുന്നത് വര്‍ധിച്ചതെന്നാണ് ചിലര്‍ പറയുന്നത്.

എന്നാല്‍ അങ്ങനെയല്ല, തൊട്ടപ്പുറത്തെ വീട്ടില്‍ എന്തുനടക്കുന്നു എന്ന് അറിയാനുള്ള ആഗ്രഹം പണ്ടും ഉണ്ടായിരുന്നു. ഞാന്‍ സൊസൈറ്റിയില്‍ നിന്നും മാറിനിന്നിട്ടല്ല ഇത് പറയുന്നത്. ഞാനുള്‍പ്പെടെയുള്ള എല്ലാവരെയും ചേര്‍ത്ത് കൊണ്ടാണ് പറയുന്നത്. അതൊക്കെ മാറണം.

ഇയാള്‍ ഇങ്ങനെയാണ്, അപ്പോള്‍ അങ്ങനെ തന്നെ അടിപൊളിയായി പോട്ടേയെന്ന് ചിന്തിക്കണം. ഞാന്‍ ഇങ്ങനെയാണ് അയാള്‍ അങ്ങനെയാണ് എന്ന് ചിന്തിക്കാനും കഴിയണം. അങ്ങനെ ജീവിക്കാന്‍ പറ്റിയാല്‍ അടിപൊളിയാകുമെന്ന് തോന്നിയിട്ടുണ്ട്,’ ടൊവിനോ തോമസ് പറഞ്ഞു.


Content Highlight: Tovino Thomas Talks About Closeness And Love That people Show When There Is A Natural Disaster In The World