ഈയിടെ നെറ്റ്ഫ്ളിക്സില്‍ ഇറങ്ങി ഏറെ ചര്‍ച്ചയായ ബ്രിട്ടീഷ് ക്രൈം ഡ്രാമ ടെലിവിഷന്‍ മിനിസീരീസായിരുന്നു അഡോളസെന്‍സ്. വെറും നാല് എപ്പിസോഡുകള്‍ മാത്രമുള്ള സീരീസ് ആകെ നാല് മണിക്കൂറോളം ദൈര്‍ഘ്യമുള്ളതായിരുന്നു. അതില്‍ ഓരോ എപ്പിസോഡും ഒരൊറ്റ ഷോട്ടിലായിരുന്നു ചിത്രീകരിച്ചത്.
ഇപ്പോള്‍ അഡോളസെന്‍സ് സീരീസിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. തനിക്ക് ആ സീരീസിന്റെ മേക്കിങ് കണ്ട് അമ്പരപ്പ് തോന്നിയെന്നാണ് നടന്‍ പറയുന്നത്. കാര്‍ത്തിക് സൂര്യയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ.
‘ഓരോ എപ്പിസോഡും ഓരോ സിംഗിള്‍ ഷോട്ടില്‍ ചെയ്ത സീരീസാണ് അഡോളസെന്‍സ്. അതിലെ ചില കാര്യങ്ങളൊക്കെ കാണുന്ന സമയത്ത് നമ്മളെ വളരെ വേദനിപ്പിക്കുന്നതാണ്. എനിക്ക് അതില്‍ അമ്പരപ്പ് തോന്നിയത് മേക്കിങ് കണ്ടപ്പോഴാണ്.
ഞാന്‍ എന്റെ വീട്ടില്‍ നിന്ന് ഇറങ്ങി ഒരു ഇന്റര്‍വ്യൂവിന് പോകുന്നതും അത് കഴിഞ്ഞ് വേറെ എന്തെങ്കിലുമൊക്കെ ചെയ്ത് തിരിച്ച് വീട്ടില്‍ എത്തുന്നതും വരെയുള്ള കാര്യങ്ങള്‍ ഒരു എപ്പിസോഡ് ആക്കുകയെന്നത് എളുപ്പമല്ല. അതൊന്ന് ആലോചിച്ച് നോക്കൂ.
അഡോളസെന്‍സ് സീരീസിലെ ഓരോ എപ്പിസോഡും വളരെ സംഭവബഹുലമായതാണ്. പൊലീസ് സ്റ്റേഷനും വീടുമൊക്കെ മാറിമാറി കാണിക്കണം. ഷോട്ടില്‍ സ്റ്റിച്ചിങ് ഉണ്ടാകും എന്നാണ് ആദ്യം തോന്നുക. ഇത് ക്യാമറ കട്ടില്ലാതെയാണ് ചെയ്യുന്നത്.
അവര്‍ സീരീസിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ടിരുന്നു. അങ്ങനെ ചെയ്യാന്‍ ബുദ്ധിമുട്ടില്ല. ഞാന്‍ ബുദ്ധിമുട്ടില്ല എന്നത് കൊണ്ട് ഉദേശിക്കുന്നത് എളുപ്പമാണ് എന്നല്ല. സിംഗിള്‍ ഷോട്ടില്‍ ഒരു എപ്പിസോഡ് എടുക്കുക എന്നത് ചെയ്യാന്‍ പറ്റാത്ത ഒരു കാര്യമല്ല. ഒരുപാട് റിഹേഴ്‌സല്‍ ചെയ്തിട്ടാണ് ഷൂട്ട് ചെയ്യുക.
ഞാന്‍ വഴക്ക് എന്ന സിനിമ ചെയ്യുമ്പോള്‍ അതില്‍ പതിനഞ്ചോ ഇരുപതോ മിനിട്ട് ദൈര്‍ഘ്യമുള്ള സീന്‍ ഇതുപോലെ ഒറ്റ ടേക്കില്‍ ചെയ്യാന്‍ ഉണ്ടായിരുന്നു. ഞാന്‍ ആദ്യം കരുതിയത് അത് ഒരിക്കലും നടക്കാത്ത കാര്യമാകും എന്നാണ്. ക്യാമറ എങ്ങനെയാകും മൂവ് ചെയ്യുകയെന്ന സംശയമൊക്കെ എനിക്ക് ഉണ്ടായിരുന്നു.
എന്നാല്‍ കൃത്യമായി കൊറിയോഗ്രാഫ് ചെയ്ത് റിഹേഴ്‌സല്‍ നടത്തിയാല്‍ ഒറ്റ ടേക്കില്‍ സീനുകള്‍ എടുക്കാന്‍ എന്തായാലും സാധിക്കും. പക്ഷെ അവിടെയും ഒരു പ്രശ്‌നമുണ്ട്. 40 മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു എപ്പിസോഡ് ഷൂട്ട് ചെയ്യുമ്പോള്‍ 39ാമത്തെ മിനിട്ടില്‍ തെറ്റ് വന്നാല്‍ വീണ്ടും ആദ്യം മുതല്‍ ഷൂട്ട് ചെയ്യേണ്ടി വരും,’ ടൊവിനോ തോമസ് പറയുന്നു.
Content Highlight: Tovino Thomas Talks About Adolescence Series