മാരിയുടെ രണ്ടാം ഭാഗത്തില്‍ വില്ലനായി, ഇനിയെന്നാണ് തമിഴില്‍ നായകനാകുന്നത്? മറുപടിയുമായി ടൊവിനോ
Entertainment
മാരിയുടെ രണ്ടാം ഭാഗത്തില്‍ വില്ലനായി, ഇനിയെന്നാണ് തമിഴില്‍ നായകനാകുന്നത്? മറുപടിയുമായി ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 14th May 2025, 12:55 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നായകന്മാരില്‍ ഒരാളാണ് ടൊവിനോ തോമസ്. മികച്ച സിനിമകളുടെ ഭാഗമാകുന്ന നടന്‍ കൂടിയാണ് അദ്ദേഹം. മലയാളത്തിന് പുറമെ ഒരു തമിഴ് സിനിമയിലും ടൊവിനോ അഭിനയിച്ചിരുന്നു. ബാലാജി മോഹന്റെ സംവിധാനത്തില്‍ ധനുഷ് നായകനായി എത്തിയ മാരി ആയിരുന്നു ആ സിനിമ.

2018ല്‍ പുറത്തിറങ്ങിയ മാരിയില്‍ വില്ലനായിട്ടാണ് ടൊവിനോ അഭിനയിച്ചത്. എന്നാല്‍ അതിനുശേഷം നടന്‍ തമിഴ് സിനിമകളിലൊന്നും അഭിനയിച്ചിരുന്നില്ല. ഇപ്പോള്‍ തമിഴ് സിനിമയില്‍ അഭിനയിക്കാത്തതിന്റെ കാരണം പറയുകയാണ് ടൊവിനോ തോമസ്. ബിഹൈന്‍ഡ് വുഡ്‌സ് ടി.വിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാരിയുടെ രണ്ടാം ഭാഗത്തില്‍ ഞാന്‍ വില്ലനായി അഭിനയിച്ചിരുന്നു. ഇനി എന്നാണ് തമിഴില്‍ നായകനായി അഭിനയിക്കുന്നത് എന്ന ചോദ്യം ഞാന്‍ കേള്‍ക്കാറുണ്ട്. പക്ഷെ തമിഴ് ഇന്‍ഡസ്ട്രിയില്‍ നന്നായി അഭിനയിക്കുന്ന ഗംഭീരമായ അഭിനേതാക്കളുണ്ട്, പിന്നെ എന്തിനാണ് ഞാന്‍.

തമിഴില്‍ ചെന്ന് അഭിനയിക്കാന്‍ ഞാന്‍ ആദ്യം എന്നെ തന്നെ സ്വയം കണ്‍വീന്‍സ് ചെയ്യണം. എന്തിനാണ് ആ കഥാപാത്രത്തിലേക്ക് ഞാന്‍ എന്ന ചോദ്യം അവിടെ ബാക്കിയാകില്ലേ. ഒരു തമിഴ് സിനിമ ചെയ്യണം എന്ന ആഗ്രഹത്തിന് പുറത്ത് ചെയ്യാനാവില്ല.

ഒരു സിനിമ ചെയ്യുമ്പോള്‍ ആ കഥാപാത്രം എന്നെ ആവശ്യപ്പെടണം. അത് ഞാന്‍ തന്നെയാണ് ചെയ്യേണ്ടത് എന്ന തോന്നല്‍ എനിക്കും വേണം. അതുപോലെയുള്ള ഒരു കഥാപാത്രം വന്നാല്‍ ഞാന്‍ തീര്‍ച്ചയായും ചെയ്യും. അതുമാത്രമല്ല, ഞാന്‍ ഇപ്പോള്‍ മലയാളത്തില്‍ നല്ല തിരക്കിലാണ്.

സിനിമ ചെയ്യുന്നു, ഇടയ്ക്ക് ബ്രേക്ക് എടുത്ത് കുടുംബത്തിന്റെ കൂടെ സമയം ചെലവഴിക്കുന്നു. അതുകഴിഞ്ഞുള്ള സമയത്താണ് ഞാന്‍ എന്റെ ജീവിതത്തിലെ മറ്റ് കാര്യങ്ങള്‍ എക്‌സ്‌പ്ലോര്‍ ചെയ്യുന്നത്. ഒരു സിനിമ ചെയ്യുന്നു, ചെറിയ ബ്രേക്കെടുക്കുന്നു എന്നതാണ് എന്റെ ഇപ്പോഴത്തെ രീതി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്മിറ്റ് ചെയ്ത് വെച്ച സിനിമകളും എനിക്ക് ചെയ്യാനുണ്ട്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ എ.ആര്‍.എം എന്ന സിനിമ ഞാന്‍ 2017ലാണ് കമ്മിറ്റ് ചെയ്യുന്നത്. 2022ലാണ് അതിന്റെ ഷൂട്ടിങ് തുടങ്ങുന്നത്. എത്ര വൈകിയാലും കമ്മിറ്റ് ചെയ്ത് വെച്ച സിനിമകള്‍ എനിക്ക് ചെയ്ത് തീര്‍ക്കണം.

പിന്നെ മലയാള സിനിമയെ വെച്ച് നോക്കുമ്പോള്‍ ബാക്കിയുള്ള ഇന്‍ഡസ്ട്രിയില്‍ ഒരു സിനിമ ചെയ്യാന്‍ കൂടുതല്‍ സമയം ആവശ്യമാണ്. അപ്പോള്‍ ഞാന്‍ ഒരു തമിഴ് സിനിമ ചെയ്താല്‍ അത് രണ്ട് മലയാളം സിനിമയെ ബാധിക്കും. അവിടെയും എനിക്ക് കമ്മിറ്റ്‌മെന്റ്‌സുണ്ട്,’ ടൊവിനോ തോമസ് പറയുന്നു.


Content Highlight: Tovino Thomas Talks About Acting In Tamil Cinema