മലയാള സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ സൂപ്പർഹിറ്റ് ചിത്രമായ ‘ലോക: ചാപ്റ്റർ വൺ – ചന്ദ്ര’യുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള പുതിയ വിവരങ്ങൾ വീണ്ടും ചർച്ചകളിൽ നിറയുകയാണ്.
കല്യാണി പ്രിയദർശനും നസ്‌ലിനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ആദ്യഭാഗം തെന്നിന്ത്യ മുഴുവൻ മികച്ച പ്രതികരണം നേടിയതോടെ ‘ലോക’ ഫ്രാഞ്ചൈസിക്ക് വലിയ ആരാധകവൃന്ദം രൂപപ്പെട്ടു.
ദുൽഖർ സൽമാനും ടൊവിനോ തോമസും അതിഥി വേഷങ്ങളിൽ എത്തി ചിത്രത്തിന്റെ ഭംഗി കൂട്ടിയിരുന്നു.
ഇപ്പോൾ ‘ലോക: ചാപ്റ്റർ 2’നെ കുറിച്ച് ടൊവിനോ തോമസ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സിനിമകളിലൊന്നായിരിക്കും ‘ലോക 2’യെന്ന് താരം വ്യക്തമാക്കിയതോടെ, രണ്ടാം ഭാഗത്തെ കുറിച്ചുള്ള പ്രതീക്ഷകൾ ഇരട്ടിയാവുകയാണ്.
‘എന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ലോക 2 എന്ന സിനിമ. ഇതിൽ മറ്റ് 389 കഥാപാത്രങ്ങളുണ്ട്.
എല്ലാവരെയും ഒരൊറ്റ സിനിമയിൽ കാണിക്കാൻ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല, എല്ലാവരെയും കൊണ്ട് വന്നാൽ, അവരെ എല്ലാം കാണിച്ചു തീരുമ്പോഴേക്കും അതൊരു ഇൻട്രൊഡക്ഷൻ മാത്രം ആയി മാറും.
അപ്പോഴേക്കും സിനിമ തീരും ,അപ്പോൾ കഥ അറിയാൻ നമുക്ക് ലോക 3 വരെ കാത്തിരിക്കേണ്ടി വരും,’ ടൊവിനോ പറഞ്ഞു.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിച്ച ഏഴാമത്തെ ചിത്രമായ ‘ലോക: ചാപ്റ്റർ 1 ചന്ദ്ര’ പ്രേക്ഷകർക്കിടയിൽ വലിയ വിജയം നേടിയ ഒന്നായിരുന്നു .
വലിയ പ്രീ റിലീസ് ഹൈപ്പുകളൊന്നുമില്ലാതെ തന്നെ ആഗോള ബോക്സ് ഓഫീസിൽ 300 കോടി കളക്ഷൻ സ്വന്തമാക്കി ‘ലോക’ മലയാള സിനിമയ്ക്ക് പുതിയൊരു റെക്കോർഡ് സമ്മാനിച്ചു.
അഞ്ച് ഭാഗങ്ങളായി ഒരുക്കുന്ന വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിന്റെ തുടക്കമായ ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും നിർണായക വേഷങ്ങളിൽ ശ്രദ്ധ നേടി.
Content Highlight: Tovino thomas talk about the character of chathan in the movie lokah
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.