ബോക്സിങ് മാച്ച് പോലെയാണ് ആ സിനിമ മുന്നോട്ട് പോവുന്നത്, ആക്ഷൻ സിനിമകൾ ചെയ്യാൻ വേണ്ടിയല്ല ഞാൻ അഭിനയിക്കുന്നത്: ടൊവിനോ
Entertainment
ബോക്സിങ് മാച്ച് പോലെയാണ് ആ സിനിമ മുന്നോട്ട് പോവുന്നത്, ആക്ഷൻ സിനിമകൾ ചെയ്യാൻ വേണ്ടിയല്ല ഞാൻ അഭിനയിക്കുന്നത്: ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th February 2024, 12:56 pm

ചെറിയ സമയം കൊണ്ട് മലയാളത്തിലെ മുൻനിര നായകനടനായി മാറിയ യുവതാരമാണ് ടൊവിനോ തോമസ്.

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ സ്വീകാര്യത നേടിയ ടൊവിനോ കഥാപാത്രത്തിന്റെ പൂർണതയ്ക്കായി ശാരീരികമായെല്ലാം ഏറെ അധ്വാനിക്കാറുണ്ട്. കള, മിന്നൽ മുരളി, തല്ലുമാല എന്നീ സിനിമകളെല്ലാം ഇത്തരത്തിൽ ശ്രദ്ധിക്കപ്പെട്ടതാണ്.

എന്നാൽ ആക്ഷൻ സിനിമകൾ ചെയ്യാൻ അല്ല താൻ മലയാള സിനിമയിലേക്ക് വന്നതെന്നും തനിക്ക് നല്ല കഥപടങ്ങളാണ് വേണ്ടതെന്നും ടൊവിനോ പറയുന്നു. ആക്ഷൻ ചെയ്യാൻ മടിയുള്ള ഒരാളായിരുന്നു താനെന്നും എന്നാൽ കളയ്ക്കും മിന്നൽ മുരളിക്കുമെല്ലാം വേണ്ടി ഒരുപാട് അധ്വാനിച്ചിട്ടുണ്ടെന്നും ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

‘ആക്ഷൻ സിനിമകൾ ചെയ്യാൻ വേണ്ടിയല്ല ഞാൻ സിനിമകൾ ചെയ്യുന്നത്. നല്ല കഥയുള്ള പടം ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ.

 

ആക്ഷൻ ഒക്കെ ചെയ്യുന്ന സമയത്ത് അത്രയേറെ അധ്വാനിക്കാൻ ഇഷ്ടപെടുന്ന ആളുമല്ലായിരുന്നു ഞാൻ. പക്ഷെ നമ്മൾ ഒരു കാര്യം ചെയ്തിട്ട് ആളുകൾക്ക് കൂടുതൽ ഏതാണോ ഇഷ്ടപ്പെടുന്നത് അതാണ് നമ്മൾ വീണ്ടും കൊടുക്കേണ്ടത്.

പാരലലി നമ്മൾ അത് മാത്രമലല്ലോ ചെയ്യുന്നത്. പലതരത്തിലുള്ള സിനിമകളും ചെയ്യുന്നുണ്ട്. കള സിനിമയിലെ ആക്ഷൻ സീനുകൾക്ക്‌ ഒരുപാട് പ്രത്യേകതകളുണ്ട്. രണ്ട് പേര് മാത്രം നിന്ന് ഫൈറ്റ് ചെയ്യുന്ന സമയത്ത് അതൊരു ബോക്സിങ് മാച്ച് പോലെയാണ് മുന്നോട്ട് പോവുന്നത്. കിടന്നും, ഉരുണ്ടും, മാന്തിയുമെല്ലാമാണ് അതിൽ ഞാനും മൂറും ഫൈറ്റ് ചെയ്തിട്ടുള്ളത്. അത്തരത്തിലൊന്ന് ഞാൻ വേറേ സിനിമയിൽ ചെയ്തിട്ടില്ല.

മിന്നൽ മുരളിയിലെ ഫൈറ്റ് ഒരു സൂപ്പർ ഹീറോ ഫൈറ്റാണ്. അത് സൂപ്പർ ഹീറോയിക്ക് ആയി തോന്നുകയും വേണം. അതുകൊണ്ട് തന്നെ കാലിന്റെ പൊസിഷനും കയ്യിന്റെ പൊസിഷനുമെല്ലാം ശ്രദ്ധിക്കണം,’ ടൊവിനോ പറയുന്നു.

Content Highlight: Tovino Thomas Talk About Action Movies