നിത്യയൗവനം എന്നൊക്കെ പറയുന്നതുപോലെയാണ് ആ നടിയെക്കാണുമ്പോള്‍ തോന്നുന്നത്: ടൊവിനോ തോമസ്
Entertainment
നിത്യയൗവനം എന്നൊക്കെ പറയുന്നതുപോലെയാണ് ആ നടിയെക്കാണുമ്പോള്‍ തോന്നുന്നത്: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th December 2024, 9:32 pm

അജയന്റെ രണ്ടാം മോഷണത്തിന് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ചിത്രമാണ് ഐഡന്റിറ്റി. ഫോറന്‍സിക്കിന് ശേഷം അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ത്രില്ലര്‍ ചിത്രമാണ് ഐഡന്റിറ്റി. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ വലിയ ചര്‍ച്ചയായിരുന്നു. തമിഴ് താരങ്ങളായ തൃഷ, വിനയ് റായ് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ചിത്രത്തിലെ നായികയായ തൃഷയെക്കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ. നിത്യയൗവനം എന്ന് പറയുന്നതുപോലെയാണ് തൃഷയെക്കാണുമ്പോള്‍ തനിക്ക് തോന്നാറുള്ളതെന്ന് ടൊവിനോ പറഞ്ഞു. തൃഷയുടെ ആദ്യത്തെ സിനിമയില്‍ കണ്ടപ്പോള്‍ എങ്ങനെയാണോ, അതുപോലെയാണ് അവര്‍ ഇപ്പോഴുമെന്ന് ടൊവിനോ കൂട്ടിച്ചേര്‍ത്തു.

ഷൂട്ടിന് താനും തൃഷയും ഒരേ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നതെന്നും എല്ലാദിവസവും പുലര്‍ച്ചെ തന്റെ ട്രെയിനര്‍ വര്‍ക്കൗട്ടിന് വിളിച്ചുകൊണ്ടുപോകുമായിരുന്നെന്നും ടൊവിനോ പറഞ്ഞു. താന്‍ കഷ്ടപ്പെട്ട് വര്‍ക്ക് ഔട്ടിന് പോകുമ്പോള്‍ തൃഷ വര്‍ക്ക് ഔട്ട് ചെയ്ത് കഴിഞ്ഞ് തിരികെ വരുന്നത് കാണുമായിരുന്നെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

തൃഷ മാത്രമല്ല, ഫോറന്‍സിക്കിന്റെ ഷൂട്ടിനിടയില്‍ മമ്തയും എല്ലാദിവസവും വര്‍ക്ക് ഔട്ട് ചെയ്യുമായിരുന്നെന്നും ടൊവിനോ പറഞ്ഞു. സിനിമക്ക് വേണ്ടി മാത്രം വര്‍ക്ക് ഔട്ട് ചെയ്താല്‍ മതിയെന്ന് ചിന്തിച്ചിരുന്ന ആളായിരുന്നു താനെന്നും എന്നാല്‍ എല്ലാദിവസവും വര്‍ക്ക് ഔട്ട് ചെയ്യുകയാണ് വേണ്ടതെന്ന് തീരുമാനിച്ചത് ഇതിന് ശേഷമാണെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്.

‘ഈ നിത്യയൗവനം എന്നൊക്കെ പറയുന്നതുപോലെയാണ് തൃഷയെക്കാണുമ്പോള്‍ എനിക്ക് തോന്നാറുള്ളത്. അവരെ ആദ്യമായി കണ്ടപ്പോള്‍ എങ്ങനെയായിരുന്നോ, അതുപോലെയാണ് ഇപ്പോഴും. അതിന് വേണ്ടി ഒരുപാട് ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നുണ്ട്. ഐഡന്റിറ്റിയുടെ ഷൂട്ടിന്റെ സമയത്ത് ഞാനും തൃഷയും ഒരേ ഹോട്ടലിലായിരുന്നു. പുലര്‍ച്ചെ വര്‍ക്ക് ഔട്ട് ചെയ്യാന്‍ എന്റെ ട്രെയ്‌നര്‍ വന്ന് വിളിക്കും. മനസ്സില്ലാമനസ്സോടെ വര്‍ക്ക് ഔട്ടിന് പോകുമ്പോള്‍ തൃഷ വര്‍ക്ക് ഔട്ട് കഴിഞ്ഞ് തിരിച്ച് വരികയായിരിക്കും.

ഇത് എല്ലാ ദിവസവും കാണുമായിരുന്നു. തൃഷ മാത്രമല്ല, ഫോറന്‍സിക്കിന്റെ സമയത്ത് മമ്തയും ഇതുപോലെ എല്ലാദിവസവും വര്‍ക്ക് ഔട്ട് ചെയ്യും. സിനിമയുള്ള സമയം മാത്രം വര്‍ക്ക് ഔട്ട് ചെയ്യുക, അല്ലാത്തപ്പോള്‍ വെറുതെയിരിക്കുക എന്നായിരുന്നു എന്റെ ലൈന്‍. പക്ഷേ, ഇതൊക്കെ കണ്ടതിന് ശേഷമാണ് എല്ലാദിവസവും വര്‍ക്ക് ഔട്ട് ചെയ്യാമെന്ന് തീരുമാനിച്ചത്,’ ടൊവിനോ പറയുന്നു.

Content Highlight: Tovino Thomas shares the shooting experience with Trisha in Identtity movie