മൂന്ന് വ്യത്യസ്ത പെര്‍ഫ്യൂമുകള്‍ ഉപയോഗിച്ചാണ് ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചത്: ടൊവിനോ തോമസ്
Entertainment
മൂന്ന് വ്യത്യസ്ത പെര്‍ഫ്യൂമുകള്‍ ഉപയോഗിച്ചാണ് ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചത്: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th May 2025, 12:08 pm

മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത നടന്‍ ഗപ്പിയെന്ന ചിത്രത്തിലൂടെയാണ് നായകവേഷം തനിക്കിണങ്ങുമെന്ന് തെളിയിച്ചത്.

പിന്നീട് വളരെ പെട്ടെന്ന് തന്നെ മലയാളസിനിമയുടെ മുന്‍നിരയിലേക്ക് കടന്നുവരാന്‍ ടൊവിനോയ്ക്ക് സാധിച്ചു. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ എ.ആര്‍.എമ്മിലൂടെ (അജയന്റെ രണ്ടാം മോഷണം) 100 കോടി ക്ലബ്ബിലും ടൊവിനോ ഇടംപിടിച്ചിരുന്നു.

മുമ്പ് നടികര്‍ സിനിമയുടെ പ്രൊമോഷന്റെ സമയത്ത് താന്‍ ഓരോ സിനിമക്കും ഓരോ പെര്‍ഫ്യൂമാണ് ഉപയോഗിക്കാറുള്ളതെന്ന് ടൊവിനോ പറഞ്ഞിരുന്നു. ഇപ്പോഴും ആ ശീലം മാറിയിട്ടില്ലെന്ന് പറയുകയാണ് ടൊവിനോ.

തന്റെ ഏറ്റവും പുതിയ ചിത്രമായ നരിവേട്ട എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട തമിഴില്‍ സംസാരിക്കുകയായിരുന്നു നടന്‍. എ.ആര്‍.എം സിനിമയില്‍ താന്‍ മൂന്ന് വ്യത്യസ്തമായ പെര്‍ഫ്യൂമുകള്‍ ഉപയോഗിച്ചാണ് അഭിനയിച്ചതെന്നും ടൊവിനോ പറയുന്നു.

‘എനിക്ക് പെര്‍ഫ്യൂം വളരെ ഇഷ്ടമാണ്. ഗന്ധങ്ങള്‍ നമ്മളുടെ പല ഓര്‍മകളും തിരികെ കൊണ്ടുവരുമെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് എനിക്ക് ആ ചിന്ത ആദ്യമായി ഉണ്ടാകുന്നത്.

നമ്മള്‍ എല്ലാ വര്‍ഷവും ആദ്യമായി സ്‌കൂളിലേക്ക് പോകുന്ന ദിവസം ഒരേ ഗന്ധമാകും ഉണ്ടാകുക. പുതിയ യൂണിഫോമിന്റെയും പുതിയ പുസ്തകത്തിന്റെയും ഗന്ധമുണ്ടാകും. ജൂണ്‍ മാസത്തില്‍ കേരളത്തില്‍ മഴക്കാലമാണ്. അപ്പോള്‍ നനഞ്ഞ മണ്ണിന്റെ ഗന്ധവും ഉണ്ടാകും.

എല്ലാ വര്‍ഷവും ആ ഗന്ധം എന്നെ എല്‍.കെ.ജി കാലഘട്ടം മുതല്‍ക്ക് ഓര്‍മിപ്പിക്കും. അത് ഗന്ധവും ഓര്‍മകളും കണക്ടായത് കൊണ്ടാണ്. ഞാന്‍ അതിന്റെ ഇടയില്‍ എവിടെയോ പെര്‍ഫ്യൂമുകള്‍ക്ക് നമ്മളുടെ ഓര്‍മകളെ ട്രിഗര്‍ ചെയ്യാന്‍ പറ്റുമെന്ന് വായിച്ചു.

അങ്ങനെയാണ് ഞാന്‍ ഒരു പെര്‍ഫ്യൂം ഒരു ക്യാരക്ടറിന് വേണ്ടി ഉപയോഗിക്കാന്‍ തുടങ്ങിയത്. പെര്‍ഫ്യൂം ഒരുപാട് ഇഷ്ടമുള്ള എനിക്ക് പുതിയ കൂടുതല്‍ പെര്‍ഫ്യൂകള്‍ വാങ്ങാനുള്ള ഒരു കാരണം കൂടിയാണ് അത് (ചിരി).

എ.ആര്‍.എം എന്ന സിനിമയെ കുറിച്ച് പറയുകയാണെങ്കില്‍ ആ സിനിമയില്‍ ഞാന്‍ മൂന്ന് വ്യത്യസ്തമായ പെര്‍ഫ്യൂമുകള്‍ ഉപയോഗിച്ചാണ് അഭിനയിച്ചത്. കാരണം അതില്‍ മൂന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളാണല്ലോ ഉള്ളത്,’ ടൊവിനോ തോമസ് പറയുന്നു.


Content Highlight: Tovino Thomas Says He Use Three Different Perfumes For ARM Movie