ഇതുവരെ ചെയ്ത പൊലീസ് വേഷങ്ങളില്‍ നിന്നും നരിവേട്ടയിലെ പൊലീസ് കഥാപാത്രത്തിന് ഒരു വ്യത്യാസമുണ്ട്: ടൊവിനോ തോമസ്
Entertainment
ഇതുവരെ ചെയ്ത പൊലീസ് വേഷങ്ങളില്‍ നിന്നും നരിവേട്ടയിലെ പൊലീസ് കഥാപാത്രത്തിന് ഒരു വ്യത്യാസമുണ്ട്: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th May 2025, 8:36 am

തിയേറ്ററില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ് ടൊവിനോ തോമസ് നായകനായെത്തിയ നരിവേട്ട. 2003ല്‍ നടന്ന മുത്തങ്ങ ഭൂസമരവും അതിനോടനുബന്ധിച്ച് നടന്ന പൊലീസ് വെടിവെപ്പുമാണ് ചിത്രത്തിന്റെ പ്രമേയം. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന്‍ ശേഷം ടൊവിനോ പൊലീസ് വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്.

ഇപ്പോള്‍, മറ്റ് പൊലീസ് വേഷങ്ങളില്‍ നിന്ന് നരിവേട്ടയിലെ പൊലീസ് കഥാപാത്രം എങ്ങനെ വ്യത്യസ്തമാകുന്നു എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ടൊവിനോ തോമസ്.

തന്റെ കല്‍ക്കി, എസ്ര, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ പൊലീസ് വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് നരിവേട്ടയിലെ പൊലീസ് കഥാപാത്രം എന്ന് ടൊവിനോ പറയുന്നു. താന്‍ ചെയ്ത ഒരോ കഥാപാത്രങ്ങളും വ്യത്യസ്തരാണെന്നും നരിവേട്ടയിലെ വര്‍ഗീസ് പീറ്റര്‍ എന്ന കഥാപാത്രവും അത്ര തന്നെ വ്യത്യസ്തമാണെന്നും ടൊവിനോ പറഞ്ഞു. എല്ലാ പൊലീസ് കഥാപാത്രങ്ങളും തന്നെ വളര്‍ന്ന സാഹചര്യവും അവര്‍ക്കുണ്ടായിരുന്ന അനുഭവങ്ങളും വ്യത്യസ്തമാണെന്നും അദ്ദേഹം പറയുന്നു.

അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തില്‍ പൊലീസാകാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നയാളാണെന്നും ഈ സിനിമയില്‍ നേര്‍വിപരീതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നരിവേട്ടയില്‍ സാഹചര്യം കൊണ്ട് പൊലീസാകുന്നതാണെന്നും ഈ സിനിമയില്‍ താന്‍ ഒരു മിസ്ഫിറ്റായ പൊലീസുകാരനാണെന്നും ടൊവിനോ പറയുന്നു. റെഡ് എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്രയിലെ പൊലീസുകാരനും കല്‍ക്കിയിലെ പൊലീസുകാരനും അന്വേഷിപ്പിന്‍ കണ്ടെത്തുമിലെയും അതുപോലെ തരംഗത്തില്‍ സസ്‌പെന്‍ഷനിലുള്ള ഒരു പൊലീസുകാരനുണ്ട്. ഈ പൊലീസുകാരെല്ലാം എത്രത്തോളം വ്യത്യസ്തരായിരുന്നോ അത്രത്തന്നെ ആ കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് വര്‍ഗീസ് പീറ്റര്‍ എന്ന ഈ കഥാപാത്രം. ഇതില്‍ കോണ്‍സ്‌റ്റോബിള്‍ ആണ്. അന്വേഷിപ്പിന്‍ കണ്ടെത്തുമില്‍ എസ്.ഐ ആയിരുന്നു. പൊലീസിന്റെ റാങ്കിലെ വ്യത്യാസമല്ല, ഒരു വ്യക്തിയെന്ന നിലയില്‍ വര്‍ഗീസ് പീറ്റര്‍ ഇവരില്‍ നിന്നൊക്കെ വ്യത്യസ്തനാണ്. എല്ലാം പല വ്യക്തികളാണ്. വേറെ വേറെ സാഹചര്യങ്ങളില്‍ നിന്ന് വരുന്ന വ്യക്തികളാണ്.

വളര്‍ന്ന് വരുന്ന സാഹചര്യമാണെങ്കിലും മറ്റ് അനുഭവങ്ങളാണെങ്കിലും വളരെ ഡിഫറന്റസ് ഉണ്ടാകാന്‍ സാധ്യതയുള്ള ആളുകളാണ്. അന്വേഷിപ്പിന്‍ കണ്ടെത്തും സിനിമയില്‍ അയാള്‍ ചെറുപ്പം മുതലെ പൊലീസാകാന്‍ ആഗ്രഹിച്ച ഒരു പൊലീസുകാരന്റെ മകനായിട്ടുള്ള വ്യക്തിയാണ്. ഈ സിനിമയില്‍ പൊലീസാകാന്‍ ആഗ്രഹമില്ലാത്ത, പി.എസ്.സി ഒക്കെ എഴുതി, എന്തങ്കിലും ഒരു വൈറ്റ് കോളര്‍ ജോലി കിട്ടി സേഫ് ആവണം എന്ന് വിചാരിച്ചിട്ട്, ഒരു സാഹചര്യം കൊണ്ട് പൊലീസുകാരന്‍ ആകേണ്ടി വരുകയാണ്. അത് ഒരു പ്രധാനപ്പെട്ട വ്യത്യസമാണ്. ഇവിടെ ഒരു മിസ്ഫിറ്റായ പൊലീസുകാരനാണ്,’ ടൊവിനോ പറയുന്നു.

 

Content Highlight: Tovino Thomas responds to the question of how the police character in Narivetta is different from other police roles.