ലോഡ്ജിലെ സീനിനെക്കാള്‍ ബേസിലിലെ നടന്‍ ഗംഭീര പെര്‍ഫോമന്‍സ് നടത്തിയത് പൊന്മാനിലെ ആ രണ്ട് സീനുകളില്‍: ടൊവിനോ തോമസ്
Entertainment
ലോഡ്ജിലെ സീനിനെക്കാള്‍ ബേസിലിലെ നടന്‍ ഗംഭീര പെര്‍ഫോമന്‍സ് നടത്തിയത് പൊന്മാനിലെ ആ രണ്ട് സീനുകളില്‍: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th May 2025, 8:37 am

നവാഗതനായ ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത് ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ് പൊന്മാന്‍. ബേസില്‍ ജോസഫ്, സജിന്‍ ഗോപു, ലിജോമോള്‍ ജോസ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. ജി. ഇന്ദുഗോപന്റെ നാലഞ്ചു ചെറുപ്പക്കാര്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങിയത്. ഒ.ടി.ടി റിലീസിന് പിന്നാലെ കേരളത്തിന് പുറത്തും പൊന്മാന്‍ ചര്‍ച്ചാവിഷയമായി.

ചിത്രത്തിലെ ബേസിലിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് നടനും ബേസിലിന്റെ അടുത്ത സുഹൃത്തുമായ ടൊവിനോ തോമസ്. ബേസില്‍ നല്ലൊരു നടനാണെന്ന് തെളിയിച്ച പ്രകടനമായിരുന്നു പൊന്മാനിലേതെന്ന് ടൊവിനോ തോമസ് പറഞ്ഞു. പലരും എടുത്തു പറയുന്ന ലോഡ്ജിലെ സീനില്‍ ബേസില്‍ മികച്ച പെര്‍ഫോമന്‍സായിരുന്നു കാഴ്ചവെച്ചതെന്നും എന്നാല്‍ തനിക്ക് ഇഷ്ടമായത് വേറെ രണ്ട് സീനുകളായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.

മരിയാനോയുടെയടുത്ത് നിന്ന് കുത്ത് കിട്ടിയ ശേഷമുള്ള എക്‌സ്പ്രഷനും തിരിച്ച് വന്ന ശേഷം അയാളെ നോക്കി കൂവുന്ന സീനിലും ബേസിലിലെ നടന്റെ ഗംഭീര പെര്‍ഫോമന്‍സ് കാണാന്‍ സാധിച്ചെന്നും ടൊവിനോ പറയുന്നു. നല്ല സംവിധായകന്‍ എന്നതിനോടൊപ്പം നല്ല നടനാണെന്നും ബേസില്‍ തെളിയിക്കുകയാണെന്നും താരം പറഞ്ഞു. പേര്‍ളി മാണിയോട് സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.

‘പൊന്മാനില്‍ ബേസിലിന്റെ മികച്ച പെര്‍ഫോമന്‍സാണ് കാണാന്‍ സാധിച്ചത്. അവനില്‍ നല്ലൊരു നടനുണ്ടെന്ന് തെളിയിച്ച പടമായിരുന്നു അത്. എല്ലാവരും എടുത്തു പറയുന്ന ആ ലോഡ്ജിലെ സീനില്‍ അവന്റെ ആക്ടിങ് കിടിലനായിരുന്നു. ആ ടൈമിങ്ങും ഡയലോഗ് ഡെലിവറിയുമൊക്കെ അടിപൊളിയായിരുന്നു. പക്ഷേ, അവനിലെ നടനെ അടയാളപ്പെടുത്തി എന്ന് എനിക്ക് പേഴ്‌സണലി തോന്നിയ രണ്ട് സീനുകള്‍ വേറെയാണ്.

അതില്‍ ആദ്യത്തേത് മരിയാനേയുടെ കൈയില്‍ നിന്ന് കുത്ത് കിട്ടിയ ശേഷം അവനിടുന്ന എക്‌സ്പ്രഷനുണ്ട്. കരയുന്നുണ്ട്, വേദനിക്കുന്നുണ്ട്. ഇതെല്ലാം അവന്റെ കണ്ണില്‍ കാണാന്‍ സാധിക്കും. അത് എല്ലാ നടന്മാര്‍ക്കും ചെയ്യാന്‍ പറ്റണമെന്നില്ല. അതുപോലെ കുത്ത് കിട്ടി തിരിച്ച് വന്നിട്ട് മരിയാനോയെ നോക്കി കൂവുന്ന സീനിലും കിടിലന്‍ പെര്‍ഫോമന്‍സാണ്.

നല്ല സംവിധായകനാണെന്ന് അവന്‍ മൂന്ന് പടം സംവിധാനം ചെയ്ത് ഓള്‍റെഡി പ്രൂവ് ചെയ്തു. പൊന്മാന്‍ പോലുള്ള സിനിമകളിലൂടെ നല്ല നടനാണെന്നും അവന്‍ തെളിയിക്കുകയാണ്. ഇതൊന്നും അവനോട് നേരിട്ട് പറഞ്ഞിട്ടില്ല,’ ടൊവിനോ തോമസ് പറയുന്നു.

Content Highlight: Tovino Thomas praises Basil Joseph’s performance in Ponman movie