മാരി 2വിന് ശേഷം തമിഴില്‍ സിനിമകള്‍ ചെയ്യാത്തതിന് കാരണം അതാണ്: ടൊവിനോ തോമസ്
Entertainment
മാരി 2വിന് ശേഷം തമിഴില്‍ സിനിമകള്‍ ചെയ്യാത്തതിന് കാരണം അതാണ്: ടൊവിനോ തോമസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 7th May 2024, 10:26 am

സഹനടനായും വില്ലനായും കരിയര്‍ ആരംഭിച്ച് പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടി നില്‍ക്കുന്ന നടനാണ് ടൊവിനോ തോമസ്. എന്നാല്‍ കൊമേഴ്‌സ്യല്‍ സിനിമകളുടെ മാത്രം ഭാഗമാകാതെ തന്നിലെ നടന് വെല്ലുവിളി നിറഞ്ഞ സിനിമകള്‍ തെരഞ്ഞെടുക്കാനും ടൊവിനോ ശ്രദ്ധിക്കുന്നുണ്ട്. മലയാളത്തില്‍ നിരവധി സിനിമകളുടെ ഭാഗമായ താരം മലയാളത്തിന് പുറത്ത് അധികം സിനിമകള്‍ ചെയ്തിട്ടില്ല.

2018ല്‍ റിലീസായ ധനുഷ് ചിത്രം മാരി 2വിന് ശേഷം തമിഴില്‍ സിനിമകള്‍ ചെയ്യാത്തതിന്റെ കാരണം താരം വ്യക്തമാക്കി. പുതിയ ചിത്രമായ നടികറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ്‌നൂലിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. മാരി 2വിന് ശേഷം മലയാളത്തില്‍ 25ഓളം സിനിമകള്‍ ചെയ്തുവെന്നും തമിഴില്‍ ഒരു സിനിമ കമ്മിറ്റ് ചെയ്താല്‍ അത് താന്‍ ആദ്യം കൊടുത്ത ഡേറ്റിനെ ബാധിക്കുമെന്ന കാരണത്താലാണ് തമിഴില്‍ സിനിമ ചെയ്യാത്തതെന്നും ടൊവിനോ വ്യക്തമാക്കി.

‘മാരി 2 എനിക്ക് തമിഴില്‍ കിട്ടിയ മികച്ച ഒരു വെല്‍ക്കമായിരുന്നു. വളെരയധികം എന്‍ജോയ് ചെയ്ത് ചെയ്ത സിനിമയായിരുന്നു. അതിന് ശേഷം ഞാന്‍ മലയാളത്തില്‍ 25ഓളം സിനിമകള്‍ ചെയ്തു. ആ സമയം ഞാന്‍ ഏതെങ്കിലും തമിഴ് സിനിമ ചെയ്തിരുന്നെങ്കില്‍ മലയാളത്തില്‍ ഞാന്‍ ആദ്യമേ ഡേറ്റ് കൊടുത്ത എന്റെ സുഹൃത്തുക്കളായ സംവിധായകര്‍ കാത്തിരിക്കേണ്ടി വന്നേനെ.

കാരണം തമിഴില്‍ ഒരു സിനിമ ചെയ്യുന്ന സമയം കൊണ്ട് മലയാളത്തില്‍ മൂന്ന് സിനിമകള്‍ ചെയ്യാന്‍ പറ്റും. ഇവിടെ പല ഷെഡ്യൂളായിട്ടാണ് സിനിമ പൂര്‍ത്തിയാകുന്നത്. ലോങ് പ്രോസസ്സാണ് ഒരു തമിഴ് സിനിമ എന്നു പറയുന്നത്. മലയാളത്തില്‍ ഞങ്ങള്‍ മാക്‌സിമം ഒറ്റ ഷെഡ്യൂളില്‍ സിനിമ ചെയ്ത് തീര്‍ക്കാന്‍ നോക്കാറുണ്ട്. പിന്നെ ആദ്യമേ കമ്മിറ്റ് ചെയ്ത ആ സിനിമകളൊക്കെ ചെയ്ത് തീര്‍ത്താലല്ലേ നമുക്ക് അടുത്തതിനെ പറ്റി ചിന്തിക്കാന്‍ പറ്റുള്ളൂ. സമയമാകുമ്പോള്‍ തമിഴില്‍ വീണ്ടും വരാന്‍ പറ്റുമായിരിക്കും,’ ടൊവിനോ പറഞ്ഞു.

Content Highlight: Tovino Thomas explains why he did not do Tamil movies after Maari 2