ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമയെന്ന് നിരൂപകരും പ്രേക്ഷകരും ഒരുപോലെ പ്രശംസിച്ച ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി. നവാഗതനായ അബിഷന്‍ ജീവിന്ത് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ശശികുമാര്‍, സിമ്രന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം എല്ലാവരുടെയും മനസ് നിറക്കുന്ന ഫീല്‍ ഗുഡ് ചിത്രമാണ്.
ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ യുവരാജ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് ഒരാള്‍ കുറിച്ച പോസ്റ്റിന് യുവരാജ് നല്‍കിയ മറുപടി ഇതിനോടകം വൈറലായി. ഒ.ടി.ടിയില്‍ ഇതുവരെ സ്ട്രീമിങ് ആരംഭിക്കാത്ത ചിത്രത്തിന്റെ പൈറസി പ്രിന്റ് കണ്ടിട്ടാണ് പ്രശംസിച്ചത്.
‘കാണുന്നത് പൈറസി പ്രിന്റ്, ഇതില്‍ പ്രശംസ വേറെ’ എന്നാണ് യുവരാജ് മറുപടി നല്‍കിയത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് ‘ആര്‍ട്ടിസ്റ്റ്’ എന്ന പേജ് പോസ്റ്റ് ചെയ്തിരിക്കുന്നത്. റിലീസ് ചെയ്ത് 25ാം ദിനത്തിലും തിയേറ്ററില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുന്ന ചിത്രമാണ് ടൂറിസ്റ്റ് ഫാമിലി.
ഇതിനിടയിലാണ് ചിത്രത്തിന്റെ വ്യാജ പ്രിന്റ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. വിദേശത്ത് നിന്നാണ് ഈ വ്യാജ പ്രിന്റ് ലീക്കായതെന്നാണ് സൂചന. ടൂറിസ്റ്റ് ഫാമിലിക്ക് മാത്രമല്ല, ഈ വര്‍ഷം പുറത്തിറങ്ങിയ പല ചിത്രങ്ങളുടെയും വ്യാജ പ്രിന്റ് വ്യാപകമായി പ്രചരിച്ചിരുന്നു. അതില്‍ തന്നെ സല്‍മാന്‍ ഖാന്‍ നായകനായ സിക്കന്ദര്‍ റിലീസിന് ഒരു ദിവസം മുമ്പ് ടോറന്റില്‍ എത്തിയിരുന്നു.
അതേസമയം ബോക്‌സ് ഓഫീസിലും ടൂറിസ്റ്റ് ഫാമിലി വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഇതിനോടകം 75 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 50 കോടി സ്വന്തമാക്കി ടൂറിസ്റ്റ് ഫാമിലി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഒപ്പം റിലീസ് ചെയ്ത സൂര്യയുടെ റെട്രോക്ക് ബോക്‌സ് ഓഫീസില്‍ കാര്യമായി ചലനമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.
ശശികുമാറിനും സിമ്രനും പുറമെ വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആവേശത്തിലൂടെ ശ്രദ്ധേയനായ മിഥുന്‍ ജയ് ശങ്കര്‍, യോഗി ബാബു, ഇളങ്കോ കുമരവേല്‍, എം.എസ്. ഭാസ്‌കര്‍, രമേശ് തിലക് എന്നിവര്‍ക്കൊപ്പം മലയാളിയായ ശ്രീജ രവിയും പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഷോണ്‍ റോള്‍ഡനാണ് ചിത്രത്തിന്റെ സംഗീതം.
Content Highlight: Tourist Family movie producer Yuvaraj’s tweet about piracy viral in Social Media