ആകെ കണ്‍ഫ്യൂഷന്‍; പിണറായി വൈരുദ്ധ്യാത്മാക അവസരവാദി: വി.ടി ബല്‍റാം
Kerala
ആകെ കണ്‍ഫ്യൂഷന്‍; പിണറായി വൈരുദ്ധ്യാത്മാക അവസരവാദി: വി.ടി ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th September 2025, 4:33 pm

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. മുഖ്യമന്ത്രിയെ വൈരുദ്ധ്യാത്മാക അവസരവാദി എന്ന് പറഞ്ഞുകൊണ്ടാണ് വി.ടി. ബല്‍റാമിന്റെ വിമര്‍ശനം.

സി.പി.ഐ.എം മുതിര്‍ന്ന നേതാവ് എ.കെ. ബാലന്റെയും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റേയും പ്രതികരണങ്ങളെ മുന്‍നിര്‍ത്തിയാണ് വി.ടി. ബല്‍റാം വിമര്‍ശനമുയര്‍ത്തിയത്.

‘ആകെ വൈരുദ്ധ്യവും കണ്‍ഫ്യൂഷനുമാണല്ലോ! അദ്ദേഹം ഭക്തനാണെന്ന് പാര്‍ട്ടിക്ക് പുറത്തെ സുഹൃത്ത് ആവര്‍ത്തിച്ച് പറയുന്നു, അല്ലെന്ന് ഇപ്പോള്‍ പാര്‍ട്ടിക്കകത്തെ സഹപ്രവര്‍ത്തകനും പറയുന്നു. കക്ഷിയാണെങ്കില്‍ ഒന്നും മിണ്ടുന്നുമില്ല. ഏതായാലും സമീപകാലത്തെ നിലപാടുകള്‍ വെച്ച് നോക്കുമ്പോള്‍ ‘വൈരുദ്ധ്യാത്മക അവസരവാദി’ എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി,’ വി.ടി. ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ന് (വെള്ളി) രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ച എ.കെ. ബാലന്‍, പിണറായി വിജയന്‍ വൈരുദ്ധ്യാത്മക ഭൗതിക വാദിയാണെന്ന് പറഞ്ഞിരുന്നു. മുഖ്യമന്ത്രി അയ്യപ്പഭക്തനാണെന്ന് പ്രചരണം നടക്കുന്നുണ്ടെന്നും പിണറായി വിജയന്‍ കമ്മ്യൂണിസ്റ്റാണെന്നും എ.കെ. ബാലന്‍ പ്രതികരിച്ചിരുന്നു.

‘പിണറായി വിജയന്‍ കേവല ഭൗതികവാദിയല്ല, വൈരുദ്ധ്യാത്മക ഭൗതിക വാദിയാണ്. വാര്‍ഡിന്റെ മുമ്പില്‍ ഇവിടെ പ്രസവം സ്ത്രീകള്‍ക്ക് മാത്രം എന്ന് എഴുതിവെക്കേണ്ട ആവശ്യമില്ല,’ എന്നും എ.കെ. ബാലന്‍ പറഞ്ഞിരുന്നു. അതേസമയം പിണറായി വിജയന്‍ ഭക്തനാണെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടുതവണ ശബരിമലയില്‍ വന്നിട്ടുണ്ടെന്നും മനസില്‍ ഭക്തിയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

‘പലരും ആദര്‍ശത്തിന് വേണ്ടി നിരീശ്വരത്വം പറയുമെങ്കിലും അയ്യപ്പനെ കാണാന്‍ വരുന്നതില്‍ 90 ശതമാനവും കമ്മ്യൂണിസ്റ്റുകളാണ്. പണ്ട് എന്തെങ്കിലും പറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെയല്ല, പിണറായി തന്നെ ഇവിടെ രണ്ട് തവണ വന്നിട്ടില്ലേ… അത് പത്രങ്ങളില്‍ വരാതിരിക്കുമോ. ഇവര്‍ക്കെല്ലാം മനസില്‍ ഭക്തിയുണ്ട്. അയ്യപ്പനെ പുള്ളി ഹൃദയംകൊണ്ട് സ്വീകരിച്ചു. പിന്നെ എങ്ങനെയാ ഭക്തനല്ലെന്ന് പറയുന്നത്,’ വെള്ളാപ്പള്ളിയുടെ പരാമര്‍ശം.

ഇതിനെ മുന്‍നിര്‍ത്തിയാണ് വി.ടി. ബല്‍റാമിന്റെ വിമര്‍ശനം. അതേസമയം വെള്ളാപ്പള്ളിയുടേത് വ്യക്തിപരമായ അഭിപ്രായങ്ങള്‍ ആണെന്നാണ് എ.കെ. ബാലന്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.

Content Highlight: Total confusion; Pinarayi is a contradictory opportunist: VT Balram