കോണ്‍ഗ്രസ് എം.പിമാര്‍ ആക്രമിക്കുമെന്ന വിവരം കിട്ടി; പ്രധാനമന്ത്രിയോട് മറുപടി പറയാന്‍ വരേണ്ടെന്ന് പറഞ്ഞു: സ്പീക്കര്‍
India
കോണ്‍ഗ്രസ് എം.പിമാര്‍ ആക്രമിക്കുമെന്ന വിവരം കിട്ടി; പ്രധാനമന്ത്രിയോട് മറുപടി പറയാന്‍ വരേണ്ടെന്ന് പറഞ്ഞു: സ്പീക്കര്‍
അനിത സി
Thursday, 5th February 2026, 5:38 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം ലോക്‌സഭയില്‍ മറുപടി പ്രസംഗത്തിനെത്താതിരുന്നത് തന്റെ നിര്‍ദേശത്തെ തുടര്‍ന്നെന്ന് വെളിപ്പെടുത്തി സ്പീക്കര്‍ ഓം ബിര്‍ള. കോണ്‍ഗ്രസ് എം.പിമാര്‍ പ്രധാനമന്ത്രിയെ ആക്രമിച്ചേക്കാമെന്ന വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും വിവരം ലഭിച്ചിരുന്നെന്നും അതിനാലാണ് ലോക്‌സഭയിലേക്ക് പ്രധാനമന്ത്രി വരുന്നതിനെ താന്‍ വിലക്കിയതെന്നും സ്പീക്കര്‍ പറഞ്ഞു.

പ്രതിപക്ഷ എം.പിമാര്‍ പ്രധാനമന്ത്രിയുടെ കസേരയ്ക്ക് ചുറ്റും വളഞ്ഞിരുന്നെന്നും സ്പീക്കര്‍ ലോക്‌സഭാ ചേംബറില്‍ വെച്ച് മോദിയോട് മോശമായി പെരുമാറിയിരുന്നെന്നും ലോക്‌സഭാ സ്പീക്കര്‍ ആരോപിച്ചു.

‘പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ എം.പിമാര്‍ കുഴപ്പം സൃഷ്ടിക്കുമായിരുന്നു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ സഭയ്ക്കുള്ളില്‍ കൊണ്ടുവരാറില്ല, അതാണ് ചരിത്രം.

എന്നാല്‍ ചില പ്രതിപക്ഷ അംഗങ്ങള്‍ പ്രധാനമന്ത്രിയുടെ കസേരയുടെ സമീപത്തേക്ക് വരാന്‍ ശ്രമിക്കുമെന്ന വിവരം എനിക്ക് ലഭിച്ചു.

അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അത് രാജ്യത്തിന്റെ അന്തസിന് കോട്ടം വരുത്തിയേനെ, അതുകൊണ്ടാണ് പാര്‍ലമെന്റിലേക്ക് വരേണ്ടെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്’, ഓം ബിര്‍ള പറഞ്ഞു.

ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതില്‍ നിന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സ്പീക്കര്‍ വിലക്കിയിരുന്നു. മുന്‍കരസേന മേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ രാഹുല്‍ സഭയില്‍ വായിച്ചിരുന്നു. ഇതിനെ ഭരണപക്ഷം എതിര്‍ക്കുകയും രാഹുലിന്റെ പ്രസംഗം തടസപ്പെടുത്തുകയും ചെയ്തിരുന്നു.

പിന്നീട് തുടര്‍ച്ചയായി മൂന്നാം ദിനവും ലോക്‌സഭാ പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അവസരം നല്‍കാതിരുന്നതോടെ സഭ പ്രക്ഷുബ്ധമായിരുന്നു.

ബുധനാഴ്ച രാവിലെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച സഭ പിന്നീട് ഉച്ചയ്ക്ക് രണ്ട് മണിക്ക് പുനരാരംഭിച്ചപ്പോള്‍ മുന്‍പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി തുടങ്ങിയവരെ ലക്ഷ്യമിട്ട് ചില പുസ്തകങ്ങളിലെ വാചകങ്ങള്‍ ബി.ജെ.പി എം.പി നിഷികാന്ത് ദുബൈ ഉദ്ധരിച്ചതോടെ വീണ്ടും സഭയില്‍ ബഹളമുയരുകയായിരുന്നു.

ദുബെ പുസ്തകങ്ങളിലും മാസികകളിലുമുള്ള ഭാഗങ്ങള്‍ വായിക്കുന്നത് ചെയറിലുണ്ടായിരുന്ന ടി.ഡി.പി എം.പി കൃഷ്ണ പ്രസാദ് ടെന്നറ്റി വിലക്കുകയും ചെയ്തു.

പ്രതിഷേധം ശക്തമാക്കിയ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങിയതോടെ സഭ വൈകുന്നേരം അഞ്ച് മണി വരെ നിര്‍ത്തിവെയ്ക്കുകയായിരുന്നു.

പിന്നീട് നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് മണിക്ക് എത്തുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സഭ ചേര്‍ന്നെങ്കിലും പ്രധാനമന്ത്രി പ്രസംഗത്തിനെത്തിയില്ല.

തുടര്‍ന്ന് കോണ്‍ഗ്രസ് എം.പി വര്‍ഷ ഗെയ്ക് വാദിന്റെ നേതൃത്വത്തില്‍ വനിതാ പ്രതിപക്ഷ എം.പിമാര്‍ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയും ചെയ്തു. പിന്നാലെ നടപടികള്‍ നിര്‍ത്തിവെയ്ക്കുകയും സഭ പിരിയുകയുമായിരുന്നു.

Content Highlight: Received information that Congress MPs would attack PM; told him not to come says Lok Sabha Speaker

അനിത സി
ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍