ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും രാജ്യസഭാ എം.പിയുമായ സുസ്മിത ദേവ് പാര്‍ട്ടിയില്‍ നിന്നും എംപി സ്ഥാനത്തുനിന്നും രാജിവച്ചു.
വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. രാജ്യസഭാ ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണന് നല്‍കിയ കത്തില്‍ തന്റെ രാജി അടിയന്തരമായി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാജി സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെ സുസ്മിത ദേവ് ദല്‍ഹിയില്‍ വച്ച് അസം മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ്മയുമായി കൂടിക്കാഴ്ച നടത്തി.
ഇതൊരു സാധാരണ സന്ദര്‍ശനം മാത്രമാണെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞെങ്കിലും, സുസ്മിത ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.
‘ഞാന്‍ രാജ്യസഭയില്‍ നിന്ന് മാത്രമല്ല, തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുമാണ് രാജിവച്ചത്, അതാണ് പ്രധാന കാര്യം,’ രാജിക്ക് ശേഷം സുസ്മിത ദേവ് മാധ്യമങ്ങളോട് പറഞ്ഞു.
ഈ തീരുമാനത്തിലേക്ക് നയിച്ചത് വളരെ നീണ്ടൊരു കഥയാണെന്നും രാഷ്ട്രീയത്തില്‍ എല്ലാം തുറന്നുപറയേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും മനസ്സ് മാറ്റാന്‍ അവകാശമുണ്ട്. രണ്ട് വള്ളങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഒരു സാഹചര്യത്തില്‍ തുടരാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ പി.ടി.ഐയോട് പ്രതികരിച്ചു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര കാബിനറ്റ് മന്ത്രിയുമായിരുന്ന സന്തോഷ് മോഹന്‍ ദേവിന്റെ മകളായ സുസ്മിത ദേവ്, മുമ്പ് അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്നു.
2011 മുതല്‍ 2014 വരെ അസമില്‍ എം.എല്‍.എയായും 2014 മുതല്‍ 2019 വരെ സില്‍ച്ചാര്‍ മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാ എം.പിയായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019-ലെ പൊതുതെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം 2021-ലാണ് അവര്‍ കോണ്‍ഗ്രസ് വിട്ട് തൃണമൂലില്‍ ചേര്‍ന്നത്. തുടര്‍ന്ന് ടി.എം.സി അവരെ ദേശീയ വക്താവാക്കുകയും രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യുകയുമായിരുന്നു. 2021 മുതല്‍ 2023 വരെ രാജ്യസഭാംഗമായിരുന്ന അവര്‍ 2024 ഏപ്രിലിലാണ് വീണ്ടും ഉപരിസഭയില്‍ എത്തിയത്.
പാര്‍ട്ടി മേധാവി മമത ബാനര്‍ജിയുടെ അടുത്ത സഹായിയും 13 വര്‍ഷമായി രാജ്യസഭയില്‍ ടി.എം.സിയുടെ ചീഫ് വിപ്പുമായിരുന്ന സുഖേന്ദു ശേഖര്‍ റേ രാജിവച്ച് പാര്‍ട്ടി വിട്ടതിന് തൊട്ടുപിന്നാലെയാണ് സുസ്മിതയുടെയും രാജി.
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ടി.എം.സി നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെയാണ് ഇരുവരുടെയും രാജി. അഴിമതി, സ്ത്രീ സുരക്ഷ, ക്രമസമാധാന തകര്‍ച്ച, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ ഭരണ പരാജയം മുന്‍നിര്‍ത്തി ബംഗാളിലെ ജനങ്ങള്‍ ടി.എം.സിയെ തിരസ്‌കരിച്ചുവെന്ന് സുഖേന്ദു ശേഖര്‍ റേ തന്റെ കത്തില്‍ തുറന്നടിച്ചിരുന്നു. ബംഗാളിന്റെ ചരിത്രത്തിലാദ്യമായി വോട്ടര്‍മാര്‍ ബി.ജെ.പിക്ക് വന്‍ വിജയം സമ്മാനിച്ചുവെന്നും പുതിയ സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ബംഗാള്‍ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ടി.എം.സിയില്‍ ആഭ്യന്തര ഭിന്നത രൂക്ഷമാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തില്‍, ആകെയുള്ള 80 ടി.എം.സി എംഎല്‍എമാരില്‍ 58 പേര്‍ പ്രത്യേക ഗ്രൂപ്പായി തിരിഞ്ഞ് നിയമസഭയില്‍ തങ്ങളെ പ്രത്യേക വിഭാഗമായി അംഗീകരിക്കണമെന്ന് അവകാശപ്പെട്ടിട്ടുണ്ട്.
നിയമസഭയിലെ പ്രതിപക്ഷ നേതാവായി സോവന്ദേബ് ചട്ടോപാധ്യായയെ പിന്തുണയ്ക്കുന്ന മമത ബാനര്‍ജിക്കേറ്റ കനത്ത തിരിച്ചടിയാണ് ഈ നീക്കം.
പാര്‍ട്ടിയിലെ ഈ വന്‍ ആഭ്യന്തര പ്രക്ഷോഭങ്ങള്‍ക്കിടയില്‍, സംഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിനായി ജൂണ്‍ 3 ന് ടി.എം.സി സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളെയും സംഘടനാ യൂണിറ്റുകളെയും പിരിച്ചുവിട്ടിരുന്നു. പാര്‍ട്ടി ഘടനയെയും പ്രകടനത്തെയും കുറിച്ച് സമഗ്രമായ അവലോകനം നടത്തുമെന്ന് നേതൃത്വം പ്രഖ്യാപിച്ചെങ്കിലും, പ്രമുഖ നേതാക്കളുടെ കൂട്ടരാജിയും വിമത നീക്കങ്ങളും തൃണമൂല്‍ കോണ്‍ഗ്രസിനെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.
Content Highlight: TMC suffers another setback as MP Sushmita Dev resigns from party, Rajya Sabha