കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയെ അപകീർത്തിപ്പെടുത്തി; എം.എൽ.എക്ക് കാരണം കാണിക്കൽ നോട്ടീസയച്ച് തൃണമൂൽ കോൺഗ്രസ്
national news
കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയെ അപകീർത്തിപ്പെടുത്തി; എം.എൽ.എക്ക് കാരണം കാണിക്കൽ നോട്ടീസയച്ച് തൃണമൂൽ കോൺഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th June 2025, 9:18 am

കൊൽക്കത്ത: നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ എം.എൽ.എ മദൻ മിത്ര നടത്തിയ പരാമർശത്തിൽ കാരണം കാണിക്കൽ നോട്ടീസയച്ച് തൃണമൂൽ കോൺഗ്രസ്. മുൻ മന്ത്രി കൂടിയായ മിത്രയ്ക്ക് അയച്ച കത്തിൽ, ടി.എം.സി സംസ്ഥാന പ്രസിഡന്റ് സുബ്രത ബക്ഷി പാർട്ടി നിയമങ്ങൾ ലംഘിച്ചതിന് മൂന്ന് ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

ജൂൺ 28 ന് നിങ്ങൾ മിത്ര നടത്തിയ അനാവശ്യ പരാമർശങ്ങൾ തൃണമൂൽ കോൺഗ്രസിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു. മിത്രയുടെ അഭിപ്രായങ്ങൾ ഈ വിഷയത്തിലുള്ള പാർട്ടിയുടെ നിലപാടിന് വിരുദ്ധമാണെന്നും കത്തിൽ പറയുന്നു.

പാർട്ടിയുടെ ഉന്നത നേതൃത്വം ഈ ലജ്ജാകരമായ സംഭവത്തെ ശക്തമായി അപലപിച്ചിട്ടുണ്ടെന്നും ഭരണകൂടം ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ബക്ഷി പറഞ്ഞു.

ആക്രമണത്തിനിരയായ വിദ്യാർത്ഥിനി കോളേജിൽ ഒറ്റക്ക് പോയില്ലായിരുന്നെങ്കിൽ സംഭവം നടക്കില്ലായിരുന്നുവെന്നും അവിടെ പോകുന്നതിനുമുമ്പ് കുറച്ച് സുഹൃത്തുക്കളെയോ വിവരമുള്ള ആളുകളെയോ കൂടെ കൊണ്ടുപോകണമായിരുന്നുവെന്നുമായിരുന്നു മിത്രയുടെ പരാമർശം.

‘ഈ സംഭവം പെൺകുട്ടികൾക്ക് ഒരു സന്ദേശമാണ്. കോളേജ് അടക്കുമ്പോൾ ആരെങ്കിലും നിങ്ങളെ വിളിച്ചാൽ പോകരുതെന്നും അതുകൊണ്ട് ഒരു ഗുണവും ഉണ്ടാകില്ലെന്നും ഈ സംഭവത്തിലൂടെ മനസിലാക്കുക. ആ പെൺകുട്ടി അവിടെ പോയിരുന്നില്ലെങ്കിൽ അവൾ ബലാത്സംഗത്തിനിരയാകില്ലായിരുന്നു. ഈ വൃത്തികെട്ട പ്രവൃത്തി ചെയ്തയാൾ സാഹചര്യം മുതലെടുത്തു,’ മിത്ര പറഞ്ഞു.

ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ ബലാത്സംഗം ചെയ്താൽ, നിങ്ങൾക്ക് എങ്ങനെ സുരക്ഷ ഉറപ്പാക്കാൻ കഴിയും? സ്കൂളുകളിൽ പൊലീസ് ഉണ്ടാകുമോ? ഇത് വിദ്യാർത്ഥികൾ മറ്റൊരു വിദ്യാർത്ഥിയോട് ചെയ്തതാണ്. അവളെ ആര് സംരക്ഷിക്കുമെന്ന ടി.എം.സി എം.പി കല്യാൺ ബാനർജിയുടെ പരാമർശത്തിന് പിന്നാലെയായിരുന്നു മിത്രയുടെ പരാമർശം.

ഇരുവരുടെയും പരാമർശങ്ങൾ തൃണമൂൽ കോൺഗ്രസ് തള്ളിയിരുന്നു. ‘സൗത്ത് കൽക്കട്ട ലോ കോളേജിലെ ഹീനമായ കുറ്റകൃത്യത്തെക്കുറിച്ച് എം.പി കല്യാൺ ബാനർജിയും എം.എൽ.എ മദൻ മിത്രയും നടത്തിയ പരാമർശങ്ങൾ അവരുടെ വ്യക്തിപരമായ അഭിപ്രായമാണ്. പാർട്ടി അവരുടെ പ്രസ്താവനകളിൽ നിന്ന് നിസംശയമായും വിട്ടുനിൽക്കുകയും അതിനെ ശക്തമായി അപലപിക്കുകയും ചെയ്യുന്നു. ഈ വീക്ഷണങ്ങൾ ഒരു തരത്തിലും പാർട്ടിയുടെ നിലപാടിനെ പ്രതിഫലിപ്പിക്കുന്നില്ല,’ തൃണമൂൽ കോൺഗ്രസ് എക്‌സിൽ പോസ്റ്റ് ചെയ്തു.

സൗത്ത് കൊൽക്കത്ത ലോ കോളേജിലെ 24 കാരിയായ യുവതിയെ ജൂൺ 25ന് ഗാർഡിന്റെ മുറിയിൽ വെച്ച് രണ്ട് സീനിയർ വിദ്യാർത്ഥികളും ഒരു പൂർവ്വ വിദ്യാർത്ഥിയും ചേർന്ന് ബലാത്സംഗം ചെയ്തു. മുഖ്യപ്രതിയായ മനോജിത് മിശ്ര തൃണമൂൽ കോൺഗ്രസ് ഛത്ര പരിഷത്തിന്റെ സൗത്ത് കൊൽക്കത്ത ജില്ലയുടെ ഓർഗനൈസിങ് സെക്രട്ടറിയാണ്. വിവാഹാഭ്യർത്ഥന നിരസിച്ചതിനാലാണ് പെൺകുട്ടിയെ ഇയാൾ ആക്രമിച്ചത്.

 

Content Highlight: TMC issues show cause notice to MLA over comment on law college gangrape