എഡിറ്റര്‍
എഡിറ്റര്‍
കേരളത്തിന് ആദ്യ സ്‌ന്തോഷ് ട്രോഫി നേടിത്തന്ന ക്യാപ്റ്റന്‍ ടി.കെ.എസ് മണി അന്തരിച്ചു
എഡിറ്റര്‍
Friday 28th April 2017 7:29am

 

കൊച്ചി: കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി നേടിത്തന്ന ക്യാപ്റ്റന്‍ ടി.കെ.എസ്. മണി (77) അന്തരിച്ചു. 1973ലാണ് മണിയുടെ നേതൃത്വത്തിലുള്ള ടീം കേരളത്തിലേക്ക് ആദ്യമായി സന്തോഷ് ട്രോഫി കൊണ്ടുവന്നത്. ഉദരസംബന്ധമായ രോഗത്തെത്തുടര്‍ന്നാണ് അന്ത്യം. അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ 17 മുതല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കണ്ണൂര്‍ തളാപ്പ് സ്വദേശിയായ മണി.


Also read മൂന്നാറില്‍ സംഘര്‍ഷം; സമരപ്പന്തല്‍ പൊളിക്കാന്‍ ശ്രമം; പിന്നില്‍ സി.പി.ഐ.എം എന്ന് ഗോമതി 


1973ല്‍ റെയില്‍വേസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മണിയുടെ നേതൃത്വത്തിലുള്ള ടീം കിരീടം നേടുന്നത്. ഫൈനലിലെ മൂന്നു ഗോളുകളും ക്യാപ്റ്റന്‍ മണി എന്നറിയപ്പെടുന്ന മണിയുടെ വകയായിരുന്നു. അന്നത്തെ മന്ത്രിയായിരുന്ന കെ. കരുണാകരനാണ് മണിയെ ക്യാപ്റ്റന്‍ മണിയെന്ന് സംബോധന ചെയ്തത്. വിക്ടര്‍ മഞ്ഞില, സി.സി. ജേക്കബ്, ചേക്കു, സേതുമാധവന്‍, സേവ്യര്‍ പയസ് തുടങ്ങിയവര്‍ക്കൊപ്പമാണ് മണി ആദ്യ കിരീടനേട്ടത്തില്‍ പങ്കാളിയായത്

സന്തോഷ് ട്രോഫി വിജയത്തിനു പിന്നാലെ ഇന്ത്യന്‍ ടീമിനെയും മണി നയിച്ചിരുന്നു. 1973ല്‍ ഇന്ത്യന്‍ പര്യടനത്തിന് എത്തിയ ജര്‍മന്‍ ടീമിനെതിരെയാണ് മണി ദേശീയ ടീമിനെ നയിച്ചത്.


Dont miss തെരഞ്ഞെടുപ്പ് അട്ടിമറി: ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിങ് മെഷീന്‍ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്ന് ഹൈക്കോടതി 


ഫാക്ട് ജീവനക്കാരനായിരുന്ന മണി ഫാക്ട് ഫുട്ബോള്‍ ടീമിന്റെയും ശക്തികേന്ദ്രമായിരുന്നു. നിരവധി ടൂര്‍ണമെന്റുകളില്‍ ഫാക്ടിന് വിജയം നേടിക്കൊടുക്കുന്നതില്‍ മണി നിര്‍ണായക പങ്കുവഹിച്ചു. ജിംഖാന കണ്ണൂരിനുവേണ്ടിയാണ് മണി ആദ്യമായി കളത്തിലിറങ്ങുന്നത്. പിന്നീടാണ് ഫാക്ടില്‍ അംഗമാകുന്നത്.

ഫുട്ബോള്‍ പരിശീലകനെന്ന നിലയിലും മണി ഫുട്‌ബോളിന് നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനാകാത്തതാണ്.

തളാപ്പ് സ്വദേശിയായ മണി ഏറെക്കാലമായി കൊച്ചി ഇടപ്പള്ളിയില്‍ മകനോടൊപ്പമായിരുന്നു താമസം. പരേതയായ രാജമ്മയാണ് മണിയുടെ ഭാര്യ. ആനന്ദ്, ജ്യോതി, ഗീത, അരുണ്‍ എന്നിവര്‍ മക്കളാണ്. ശവസംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് ഇടപ്പള്ളി പോണേക്കര ശ്മശാനത്തില്‍.

Advertisement