എഡിറ്റര്‍
എഡിറ്റര്‍
‘നിങ്ങള്‍ മുസ്‌ലീമാണെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയും, അതുകൊണ്ട് ജോലിയില്ല’ ഹിജാബ് ധരിച്ച മുസ്‌ലിം യുവതിയ്ക്ക് ജോലി നിഷേധിച്ച് ദല്‍ഹിയിലെ അനാഥാലയം
എഡിറ്റര്‍
Thursday 16th November 2017 2:43pm

ന്യൂദല്‍ഹി:ഒറ്റനോട്ടത്തില്‍ തന്നെ മുസ്‌ലീമാണെന്ന് തിരിച്ചറിയുമെന്ന് പറഞ്ഞ് ഹിജാബ് ധരിച്ചെത്തിയ യുവതിയ്ക്ക് ജോലി നിഷേധിച്ച് ദല്‍ഹിയിലെ അനാഥാലയം. ദല്‍ഹി ആസ്ഥാനമാക്കിയുള്ള ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയില്‍ ഉള്ള അനാഥാലയത്തിലാണ് സംഭവം.

മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ നിന്നും മാസ്റ്റേഴ്‌സ് പൂര്‍ത്തിയാക്കിയ പാട്‌ന സ്വദേശി നെദാല്‍ സോയയക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ‘കിലോമീറ്റര്‍ അകലെ നിന്നു നോക്കിയാല്‍ പോലും മുസ്‌ലീമാണെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയാം’ എന്നു പറഞ്ഞാണ് സോയയ്ക്ക് ജോലി നിഷേധിച്ചത്.

അനാഥാലയത്തിന്റെ ഉടമയായ ഹരീഷ് വര്‍മ്മയാണ് മുസ്‌ലിം ആയതുകൊണ്ട് താങ്കളെ നിയമിക്കുവാന്‍ സാധ്യമല്ല എന്നു പറഞ്ഞത്.

‘ഞങ്ങള്‍ അടുത്തതായി ആരംഭിക്കുവാന്‍ പോകുന്ന അനാഥാലയം തീര്‍ത്തും മതസൗഹാര്‍ദ്ദപരമായിരിക്കും. അവിടെ നിയമിക്കപ്പെടുന്ന ജീവനക്കാര്‍ക്കും അന്തേവാസികള്‍ക്കും മതം നിര്‍ബന്ധമല്ല. നിങ്ങള്‍ മുസ്‌ലിംആയതിനാല്‍ പുതിയസ്ഥാപനത്തിലേക്ക് നിയമിക്കുന്നതാണ്.’എന്നാണ് സ്ഥാപനത്തിന്റെ ഉടമ സോയയ്ക്ക് നല്‍കിയ മറുപടി.

മതേതര ഇന്ത്യയില്‍ ഇത്തരം യാഥാസ്ഥിതിക മനോഭാവം വെച്ചുപുലര്‍ത്തുന്നത് ശരിയല്ലെന്നും, ധരിക്കുന്ന വസ്ത്രത്തിന്റെയും പിറന്ന മണ്ണിന്റെയും പേരില്‍ നടക്കുന്ന തൊഴില്‍ നിഷേധം ഭരണാഘടന വിരുദ്ധമാണെന്നും സോയ അഭിപ്രായപ്പെട്ടു.


Must Read: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റേത് വീണ്ടുവിചാരമില്ലാത്ത നീക്കം; ആശങ്ക അറിയിച്ച് യുഎസ് ഔദ്യോഗിക വക്താക്കള്‍


കോട്‌ല മുബരാഖ്പൂരിലെ പെണ്‍കുട്ടികള്‍ക്കായുള്ള അനാഥാലയത്തിലേക്ക് ജോലിയൊഴിവുണ്ട് എന്ന പരസ്യം കണ്ടാണ് സോയ ജോലിയ്ക്കായി അപേക്ഷിച്ചത്. തുടര്‍ന്ന് ഒരു ഓണ്‍ലൈന്‍ പരീക്ഷയെഴുതാനും ഫോട്ടോഗ്രാഫുകള്‍ അയക്കാനും സോയയോട് ആവശ്യപ്പെട്ടിരുന്നു.

ഇതുപ്രകാരം അപേക്ഷ നല്‍കിയപ്പോളാണ് മുസ്‌ലിം ആയതിനാല്‍ നിയമിക്കാന്‍ ആവില്ലെന്ന് അറിയിച്ച് ഹാരിഷ് വര്‍മയുടെ മെയില്‍ സോയയ്ക്ക് ലഭിച്ചത്.

നേരത്തെയും ഹിജാബിന്റെ പേരില്‍ താന്‍ വിവേചനം നേരിട്ടിട്ടുണ്ടെന്നാണ് സോയ പറയുന്നത്. ഇതിന്റെ പേരില്‍ ഹിജാബ് ഉപേക്ഷിക്കില്ലെന്നും സോയ പറയുന്നു.

ഇക്കാര്യം സോയ ഹാരിഷ് വര്‍മ്മയെ അറിയിച്ചപ്പോള്‍ നിങ്ങള്‍ മനുഷ്യത്വത്തേക്കാള്‍ പ്രാധാന്യം നല്‍കുന്നത് യാഥാസ്ഥിതിക ഇസ്‌ലാമിനാണെന്ന് അറിഞ്ഞ് ഞെട്ടിപ്പോയി എന്നാണ് ഹാരിഷ് വര്‍മ്മ സോയയോട് പറഞ്ഞത്. നിങ്ങളുടെ ഉന്നത വിദ്യാഭ്യാസം വെറും നഷ്ടമാണെന്നും താന്‍ ഒരുമതത്തിനുവേണ്ടിയല്ല ഈ സ്ഥാപനം തുടങ്ങുന്നതെന്നും അദ്ദേഹം സോയയ്ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു. ഒരു തരത്തിലും തന്റെ ഈ അനാഥാലയത്തില്‍ മതവിശ്വാസം അനുവദിക്കില്ലെന്നും അദ്ദേഹം സോയയ്ക്ക് അയച്ച മെയിലില്‍ പറയുന്നു.

Advertisement