എഡിറ്റര്‍
എഡിറ്റര്‍
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റേത് വീണ്ടുവിചാരമില്ലാത്ത നീക്കം; ആശങ്ക അറിയിച്ച് യുഎസ് ഔദ്യോഗിക വക്താക്കള്‍
എഡിറ്റര്‍
Thursday 16th November 2017 1:48pm

വാഷിങ്ടണ്‍: സൗദി രാജകുമാരനും പുതിയ കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ നടപടികളില്‍ മുന്നറിയിപ്പുമായി യു.എസ്. തന്റെ ചെയ്തികളുടെ അനന്തര ഫലങ്ങളെക്കുറിച്ച് വേണ്ടത്ര ആലോചനയില്ലാതെയാണ്് അദ്ദേഹം പെരുമാറുന്നതെന്ന് പെന്റഗണിലെയും കേന്ദ്ര അന്വേഷണ ഏജന്‍സിയിലെയും ഉദ്ദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇതോടെ ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിലെ ഭിന്നതകളാണ് പുറത്തു വന്നിരിക്കുന്നത്. സൗദി രാജാവിന്റെ ചെയ്തികളെ പ്രകീര്‍ത്തിക്കുന്ന സമീപനമാണ് യു.എസ് പ്രസിഡന്റ് ട്രംപ് സ്വീകരിച്ചത്.

സൗദിയില്‍ നടന്ന കൂട്ട അറസ്റ്റിനു ശേഷം സല്‍മാന്‍ രാജാവിലും പുതിയ കിരീടാവകാശിയിലും തനിക്ക് ഉറച്ച വിശ്വാസമുണ്ടെന്നും അവര്‍ എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്ക് നന്നായി അറിയാമെന്നും ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ട്രംപിന്റെ സൗദി അറേബ്യയിലേക്ക് നടത്തിയ സന്ദര്‍ശനത്തിന് പിന്നാലെയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായി ഉയര്‍ത്തപ്പെട്ടതെന്നും നിരീക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ ജൂണിലാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ മകനും ഉപ കിരീടാവകാശിയുമായിരുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ(32)പുതിയ കിരീടാവകാശിയായി പ്രഖ്യാപിച്ചത്. ഇതോടെ ആഭ്യന്തര വകുപ്പും പ്രതിരോധ വകുപ്പും ഇദ്ദേഹത്തിന്റെ കീഴിലായി.


Also Read:‘ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് അമിത് ഷാ നടത്തിയ ആ അവകാശവാദം വെറും തളള്’ ഗുജറാത്തുമായി ബന്ധപ്പെട്ട ബി.ജെ.പിയുടെ അവകാശവാദം തെറ്റെന്ന് കണക്കുകള്‍


മാത്രമല്ല സല്‍മാന്റെ നേതൃത്വത്തില്‍ സൗദി അഴിമതി വിരുദ്ധ കമ്മീഷന്‍, പൊതു സുരക്ഷാ വിഭാഗം, ജനറല്‍ പ്രോസിക്യൂട്ടര്‍ ആന്റ് ഇന്‍വെസ്ററിഗേഷന്‍ അതോറ്റി എന്നിവയെ ഉള്‍പ്പെടുത്തി അഴിമതി വിരുദ്ധ ഉന്നത കമ്മിറ്റി രൂപീകരിക്കുകയുമുണ്ടായി. ഈ കമ്മിറ്റിയുടെ ആദ്യ നടപടിയെന്നോണം അഴിമതി ആരോപിച്ച് രാജകുമാരന്മാരെയും വ്യവസായ പ്രമുഖരെയും അറസ്റ്റു ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. 11 രാജകുമാരന്മാരും കോടീശ്വരന്മാരും അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ടുകള്‍.

സല്‍മാന്‍ പ്രതിരോധ മന്ത്രിയായിരുന്നപ്പോഴാണ് സൗദിയുടെ നേതൃത്വത്തില്‍ യെമനില്‍ ഹൂത്തികള്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടത്. എന്നാല്‍, നിരന്തരമായ ബോംബ് വര്‍ഷം കൊണ്ട് യെമന്‍ നാമാവശേഷമായി മാറിയതല്ലാതെ സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടായില്ല. ലക്ഷക്കണക്കിന് സാധാരണക്കാരായ ആളുകളാണ് സൗദിയുടെ മിലിട്ടറി ഇടപെടലില്‍ ഇരയാക്കപ്പെട്ടത്. സൗദിയുടെ യെമനിലെ ഇടപെടലിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സല്‍മാന്റെ ബുദ്ധിയായിരുന്നു.
ഇറാനുമായുള്ള സൗദിയുടെ രാഷ്ട്രീയ ശത്രുത പരസ്യമാണ്. ഇറാനുമായി യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്നും വേണ്ടി വന്നാല്‍ യുദ്ധം ഇറാനിലേക്ക് മാറ്റുമെന്നുള്ള നിലപാടാണ് സല്‍മാന്‍ പലപ്പോഴും സ്വീകരിച്ചിട്ടുള്ളത്.

ആഗോള എണ്ണവില ഇടിവില്‍ സൗദിയുടെ പ്രധാന വരുമാന സ്രോതസ്സില്‍ വിള്ളല്‍ വീണപ്പോള്‍ വിഷന്‍ ഫോര്‍ ദ് കിംങ്ഡം ഓഫ് സൗദി അറേബ്യ എന്ന പേരില്‍ സല്‍മാന്‍ ചില പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വിവിധ മാറ്റങ്ങള്‍ക്കും സാമൂഹിക സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ക്കും ഉന്നം വെച്ചുകൊണ്ടുള്ള പദ്ധതിയായിരുന്നു ഇത്. 2020 ഓടെ എണ്ണ ഇതര സ്രോതസ്സുകളില്‍നിന്ന് 100 ബില്യണ്‍ ഡോളര്‍ വരുമാനം എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നടപടികള്‍ കൊണ്ടുവന്നത്.

Advertisement