സിനിമയില്‍ ഒരു സീനിലെങ്കിലും അഭിനയിച്ചാല്‍ മതിയെന്ന മോഹവുമായി എത്തിയ ടിസ് തോമസിന് കയ്യില്‍ കിട്ടിയത് സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ സിനിമ. പരസ്യത്തിലും സീരിസിലും അഭിനയിച്ച് തുടങ്ങിയ ടിസ് മുടി എന്ന ഷോര്‍ട് ഫിലിമിലൂടെയാണ് ശ്രദ്ധ നേടി തുടങ്ങിയത്. ഇപ്പോള്‍ ഹൃദയപൂര്‍വ്വത്തില്‍ അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് അദ്ദേഹം.
‘ഹൃദയപൂര്‍വം സിനിമയിലെ എന്നല്ല. സിനിമാ കരിയറിലെ തന്നെ എന്റെ ആദ്യ ഷോട്ട് ലാല്‍ സാറിനൊപ്പമായി എന്നതും എത്ര വലിയ ഭാഗ്യമാണ്. ഈ സിനിമയിലെ ഒരു സീനില്‍ തറ തുടയ്ക്കുമ്പോള്‍ ഞാന്‍ പാടുന്ന ‘ആലപ്പുഴ അരൂര്‍ റോട്ടില്‍ പുന്നകള്‍ പൂത്തു…’ എന്ന പാട്ടില്ലേ, അത് പണ്ട് സത്യന്‍ സാറിന്റെ സൗഹ്യദ സദസില്‍ പിറന്നതാണ്.
ആ വരികള്‍ അന്ന് പാടിയത് തിലകന്‍ സാറാണ്. തിലകന്‍ സാറിനെ കൊണ്ട് തന്നെ ഈ പാട്ട് സിനിമയില്‍ പാടിക്കണമെന്നായിരുന്നു സത്യന്‍ സാറിന്റെ ആഗ്രഹം എന്നു കൂടി കേട്ടപ്പോള്‍ എന്റെ ഭാഗ്യത്തിന് കിട്ടിയ ബോണസ് ആയത്,’ ടിസ് തോമസ് പറയുന്നു.
സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹമായിരുന്നു തനിക്കെപ്പോഴുമെന്നും എന്നാല്‍ പഠിച്ചേ മതിയാകു എന്ന വാശിയായിരുന്നു വീട്ടുകാര്‍ക്കെന്നും അദ്ദേഹം പറയുന്നു. അങ്ങനെയാണ് പാലാ സെന്റ് ജോസഫ്സില്‍ സിവില്‍ എന്‍ജിനീയറിങ്ങിന് ചേര്‍ന്നതെന്നും ടിക് ടോക്കില്‍ താന്‍ ഡബ്സ്മാഷ് ചെയ്ത് തുടങ്ങിയത് അപ്പോഴാണെന്നും ടിസ് തോമസ് കൂട്ടിച്ചേര്‍ത്തു.
സോനു ടി.പി.യുടെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂര്‍വം ഒഗസ്റ്റ് 28നാണ് തിയേറ്ററുകളിലെത്തിയത്. സിനിമയില്‍ മോഹന്‍ലാല്‍, മാളവിക മോഹന്‍, സംഗീത് പ്രതാപ്, സംഗീത തുടങ്ങിയവര്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിച്ചത്.
Content highlight: Tis thomas sharing his experiences acting in Hridayapoorvam