മമ്മൂക്കയുടെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ചീത്ത കേട്ടു, പിന്നെ നോക്കിയപ്പോൾ അദ്ദേഹത്തിൻ്റെ ഡബിൾ കണ്ട് കിളി പോയി: ടിനി ടോം
Entertainment
മമ്മൂക്കയുടെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ചീത്ത കേട്ടു, പിന്നെ നോക്കിയപ്പോൾ അദ്ദേഹത്തിൻ്റെ ഡബിൾ കണ്ട് കിളി പോയി: ടിനി ടോം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th May 2025, 11:35 am

മമ്മൂട്ടി നായകനായി അഭിനയിച്ച അണ്ണൻ തമ്പി സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ടിനി ടോം. താന്‍ സിനിമയിലേക്ക് കയറാനുള്ള കാരണം അന്‍വര്‍ റഷീദാണെന്നും അണ്ണന്‍ തമ്പി സിനിമയില്‍ മമ്മൂട്ടിയുടെ ബോഡി ഡബിളായിട്ട് താനാണ് അഭിനയിച്ചതെന്നും ടിനി ടോം പറഞ്ഞു.

തന്റെ ശരീരം മാത്രം ഉപയോഗിക്കാന്‍ അല്ല വിളിച്ചതെന്നും മമ്മൂട്ടി പറഞ്ഞിട്ടാണെന്നും അന്‍വര്‍ തന്നോട് പറഞ്ഞെന്നും അപ്പോള്‍ സന്തോഷം മാത്രമാണ് തോന്നിയതെന്നും ടിനി ടോം പറഞ്ഞു.

മമ്മൂട്ടിയുടെ മുന്നില്‍ നില്‍ക്കുന്ന ഷോട്ട് ഉണ്ടായിരുന്നുവെന്നും അന്ന് സുരാജിന്റെ മകനാണ് കുട്ടിയായി അഭിനയിച്ചതെന്നും കരയാതിരിക്കാന്‍ വേണ്ടി ചീപ്പ് കൊടുത്തുവെന്നും ടിനി കൂട്ടിച്ചേര്‍ത്തു.

ടേക്ക് ആണെന്ന് പറഞ്ഞപ്പോള്‍ അസോസിയേറ്റ് ഡയറക്ടറായിരുന്ന സലാം ബുക്കാരി ചീപ്പ് തിരിച്ചുവാങ്ങിച്ചെന്നും അപ്പോള്‍ മമ്മൂട്ടി ഇംഗ്ലീഷിലും മലയാളത്തിലും വഴക്ക് പറഞ്ഞുവെന്നും ടിനി ടോം പറഞ്ഞു.

താനപ്പോള്‍ പുറകിലേക്ക് പോയെന്നും വഴക്ക് കേട്ട് വന്ന സലാം ബുക്കാരി മമ്മൂട്ടിയുടെ അതേ ഡ്രസ് ഇട്ടിരുന്ന തന്നെ കണ്ട് ഞെട്ടിയെന്നും ടിനി ടോം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ സിനിമയിലേക്ക് കയറാനുള്ള കാരണം അന്‍വര്‍ റഷീദാണ്. എന്നെ അണ്ണന്‍ തമ്പിയില്‍ മമ്മൂക്കയുടെ ബോഡി ഡബിളായിട്ട് എന്നെ വിളിച്ചു. അപ്പോള്‍ അന്‍വര്‍ പറഞ്ഞു ഞാന്‍ ഒന്നുമല്ല കേട്ടോ മമ്മൂക്ക പറഞ്ഞിട്ടാണ് നിന്നെ വിളിച്ചത്, നിന്റെ ശരീരം ഉപയോഗിക്കാന്‍ മാത്രം അല്ല എന്ന്.

ഞാന്‍ പറഞ്ഞു എനിക്ക് സന്തോഷം മാത്രമേ ഉള്ളു. മമ്മൂക്കയുമായിട്ട് അത്രയും ക്ലോസ് ആകുകയാണല്ലോ. അണ്ണന്‍ മമ്മൂക്കയാകുമ്പോള്‍ ഞാന്‍ തമ്പിയാകും. തമ്പി മമ്മൂട്ടിയാകുമ്പോള്‍ ഞാന്‍ അണ്ണനാകും. അങ്ങനെ മമ്മൂക്കയുടെ മുന്നില്‍ നില്‍ക്കുന്ന ഷോട്ട് ഉണ്ടായിരുന്നു. സുരാജിന്റെ മോനാണ് കൊച്ചായി അഭിനയിക്കുന്നത്. അപ്പോള്‍ കരയാതിരിക്കാന്‍ ഒരു ചീപ് കൊടുത്തു.

ടേക്ക് ആണെന്ന് പറഞ്ഞപ്പോള്‍ അസോസിയേറ്റ് ഡയറക്ടറായിരുന്ന സലാം ബുക്കാരി അത് തിരിച്ചുമേടിച്ചു. മമ്മൂക്ക ഇംഗ്ലീഷിലും മലയാളത്തിലും അദ്ദേഹത്തെ നല്ല ചീത്ത പറയുകയാണ്. അപ്പോള്‍ ഞാനും മമ്മൂക്ക ഇട്ടതുപോലെയുള്ള ഡ്രസ് ആണ് ഇട്ടിരിക്കുന്നത്. ഞാൻ അതിനിടയിൽ പുറകിലേക്ക് പോയി. പുള്ളി അവിടുന്ന് ചീത്തയും കേട്ട് ഓടി വന്നപ്പോള്‍ എന്നെ കണ്ട് മമ്മൂക്കയാണെന്ന് വിചാരിച്ചു. അന്ന് കിളി പോയതാണ് സലാം ബുക്കാരിയുടെ,’ ടിനി ടോം പറഞ്ഞു.

Content Highlight: Tini Tom Talking About Mammootty and Annan Thampi