സര്‍ക്കാരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നെന്ന് ടിക് ടോക്; ഇന്ത്യയിലെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിര്‍ത്തിവെച്ചു
Tik Tok Ban
സര്‍ക്കാരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നെന്ന് ടിക് ടോക്; ഇന്ത്യയിലെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിര്‍ത്തിവെച്ചു
ന്യൂസ് ഡെസ്‌ക്
Tuesday, 30th June 2020, 6:55 pm

മുംബൈ: കേന്ദ്രസര്‍ക്കാര്‍ ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചതോടെ രാജ്യത്തെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിര്‍ത്തി ടിക് ടോക്. നേരത്തെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് ടിക് ടോക് ലഭ്യമായിരുന്നു. പുതിയ ഉപയോക്താക്കള്‍ക്കായിരുന്നു ആപ്പ് ലഭ്യമല്ലാതിരുന്നത്.

എന്നാല്‍ നിലവില്‍ ആര്‍ക്കും ടിക് ടോക് ലഭ്യമല്ല. ആപ്പ് തുറക്കുമ്പോള്‍ നോ നെറ്റ് വര്‍ക്ക് കണക്ഷന്‍ എന്നാണ് കാണിക്കുന്നത്.

സര്‍ക്കാരുമായി ബന്ധപ്പെടാന്‍ ശ്രമിക്കുകയാണെന്ന വിശദീകരണക്കുറിപ്പ് ടിക് ടോക് ഉപയോക്താക്കള്‍ക്ക് അയച്ചിട്ടുണ്ട്.

രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് പറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തെയും സുരക്ഷയേയും പരമാധികാരത്തേയും ക്രമസമാധാനത്തെയും ബാധിക്കുന്നതാണ് ഈ ആപ്ലിക്കേഷനുകളെന്നാണ് കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.

ടിക്ടോകിന് പുറമേ ഷെയര്‍ ഇറ്റ്, യുസി ബ്രൌസര്‍, ഹെലോ, വി ചാറ്റ്, യുക്യാം മേക്കപ്പ്, എക്‌സെന്‍ഡര്‍, ബിഗോ ലൈവ്, വി മേറ്റ്, ബയ്ഡു മാപ്, സെല്‍ഫി സിറ്റി എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ ആപ്പുകള്‍ നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു.