ടിക് ടോക് നിരോധിച്ചത് എങ്ങനെയാണു ഒരു കൂട്ടം ആളുകള്‍ക്ക് സന്തോഷം പകരുന്ന ഒന്നാവുന്നത്!?
Movie Day
ടിക് ടോക് നിരോധിച്ചത് എങ്ങനെയാണു ഒരു കൂട്ടം ആളുകള്‍ക്ക് സന്തോഷം പകരുന്ന ഒന്നാവുന്നത്!?
Subeesh Kuthuparakkal
Tuesday, 30th June 2020, 5:23 pm

ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചു എന്നത് എങ്ങനെയാണു ഒരു കൂട്ടം ആളുകള്‍ക്ക് വളരെ സന്തോഷം പകരുന്ന ഒന്നാവുന്നത്!?

കഴിഞ്ഞ ആറുമാസമേ ആയിട്ടുള്ളൂ ഞാന്‍ ടിക് ടോക് കണ്ടു തുടങ്ങിയിട്ട്, അത് തന്നെ യൂ ട്യൂബില്‍ വരുന്ന ചില ടിക് ടോക് വീഡിയോകള്‍ കണ്ടിഷ്ടപ്പെട്ട് ഇന്‍സ്റ്റാള്‍ ചെയ്തതാണു. നമ്മുടെ കുട്ടികള്‍ എത്ര മനോഹരമായിട്ടാണു പാടുകയും ആടുകയും അഭിനയിക്കുകയും ഒക്കെ ചെയ്യുന്നതെന്ന് പലപ്പോഴും വിസ്മയപ്പെട്ടിട്ടുണ്ട്, എന്തൊരാത്മവിശ്വാസമാണു അവരില്‍ തുളുമ്പി നില്‍ക്കുന്നത്!

ഇനി കുട്ടികളെ മാറ്റി നിര്‍ത്തിയാള്‍ അതിലിടപെടുന്ന മുതിര്‍ന്നവര്‍, തല നരച്ചവര്‍ വരെ എന്തു രസകരമായാണു വീഡിയോകള്‍ ചെയ്യുന്നത്. സാധാരണക്കാരായ മനുഷ്യര്‍, സാദാ വീട്ടമ്മമാരും, കൂലിപ്പണിക്കാരും, ഡ്രൈവര്‍മാരും എന്ന് വേണ്ട, സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യര്‍ എന്തൊരുജ്ജ്വലമായാണു സ്വയമാവിഷ്‌കരിക്കുന്നതെന്ന് അന്തം വിട്ടിട്ടുണ്ട്.

അതെ, ടിക് ടോക് എന്നത് മനുഷ്യനു സ്വയം ആവിഷ്‌കരിക്കാനും അത് മറ്റുള്ളവരെ കാണിക്കാനുമുള്ള ഒരു സ്വതന്ത്ര പ്ലാറ്റ്‌ഫോമായിരുന്നു. ഫേസ്ബുക്കും ബ്ലോഗുകളും എത്രത്തോളം നമ്മുടെ ആവിഷ്‌കാരങ്ങളുടെ പാരതന്ത്ര്യത്തെ, വിധേയത്വത്തെ മാറ്റിമറിച്ചോ അതിനേക്കാളുപരി ടിക് ടോക് അഭിനയമോഹമുള്ളവരുടെ ജീവിതത്തില്‍ വിപ്ലവം കൊണ്ട് വന്നിട്ടുണ്ട്.

നല്ല കഴിവുള്ള എത്ര മനുഷ്യര്‍ നമ്മുടെ പ്രഗല്‍ഭരായ അഭിനേതാക്കളെ വെല്ലുന്ന രീതിയില്‍ പ്രകടനം നടത്തുന്നവര്‍, ഉജ്ജ്വലമായി പാടുന്നവര്‍, ഒരു പ്രൊഫഷണല്‍ സിനിമോട്ടോഗ്രാഫറെ വെല്ലുന്ന രീതിയില്‍ സാദാ മൊബൈലില്‍ ഷൂട്ടും എഡിറ്റും ചെയ്യുന്നവര്‍, അങ്ങനെ നമ്മളെക്കാള്‍ മികച്ച ഒരു പിടി മനുഷ്യരെയാണ് ഞാന്‍ ടിക് ടോക്കില്‍ കണ്ടത്.

ഇന്നലെ കുറച്ചധികം ഞാനതില്‍ ഇരുന്നു, പലരും വേദനയൊടെ കണ്ണീരോടെ വിടവാങ്ങല്‍ പോസ്റ്റിടുന്നത് കണ്ടു. വല്ലാതെ സങ്കടം തോന്നി, ഇന്നലെ വരെ ഇതില്‍ കളിച്ചും ചിരിച്ചും സന്തോഷിച്ചും കൂട്ടുകൂടിയും നടന്നവര്‍ നാളെ മുതല്‍ അനുഭവിക്കുന്ന ശൂന്യത എന്താവും?

പെട്ടെന്നൊരു ദിനം ഫേസ്ബുക്ക് ഇന്ത്യയില്‍ നിരോധിക്കപ്പെട്ടാല്‍ നാമനുഭവിക്കുന്ന ശൂന്യതയെ കുറിച്ച് ഒന്ന് ചിന്തിച്ച് നോക്കിയേ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Subeesh Kuthuparakkal
അഭിഭാഷകന്‍, എഴുത്തുകാരന്‍