നിരോധനമേര്‍പ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചുവരവിനൊരുങ്ങി ടിക് ടോക്ക്; പ്രഖ്യാപനവുമായി ട്രംപ്
World News
നിരോധനമേര്‍പ്പെടുത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചുവരവിനൊരുങ്ങി ടിക് ടോക്ക്; പ്രഖ്യാപനവുമായി ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th January 2025, 8:39 am

വാഷിങ്ടണ്‍: അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ചുമതലയേറ്റെടുക്കുന്നതിന് മുന്നോടിയായി ടിക് ടോക്കിന് ബൈഡന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് ട്രംപ്. ഇതോടെ നിരോധനത്തെ തുടര്‍ന്ന് ഞായറാഴ്ച്ച സ്വയം പ്രവര്‍ത്തനം അവസാനിപ്പിച്ച ചൈനീസ് കമ്പനി ആപ്പിന്റെ മരവിപ്പിച്ച സേവനങ്ങള്‍ പുനഃസ്ഥാപിച്ച് തുടങ്ങി.

ടിക് ടോക്കിനെ സംരക്ഷിക്കുകയല്ലാതെ വേറെ വഴികളില്ല എന്ന് പറഞ്ഞ ട്രംപ് കമ്പനിക്ക് ഇനി രാജ്യത്ത് പ്രവര്‍ത്തിക്കണമെങ്കില്‍ 50 ശതമാനം അമേരിക്കന്‍ ഉടമസ്ഥത വേണമെന്നും നിബന്ധന വെച്ചിട്ടുണ്ട്. എന്നാല്‍ ടിക് ടോക്കിന്റെ സേവനം രാജ്യത്ത് പുനഃസ്ഥാപിക്കുന്നതിനെതിരെ റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നടക്കം എതിര്‍പ്പുകളുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആപ്പിന് നിബന്ധനകള്‍ പ്രകാരം കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ 90 ദിവസത്തെ കാലാവധി നീട്ടിനല്‍കുമെന്നാണ് ട്രംപ് അറിയിച്ചത്.

ട്രംപിന്റെ ശ്രമങ്ങളുടെ ഫലമായി യു.എസില്‍ ടിക് ടോക്ക് തിരിച്ച് എത്തിക്കാന്‍ സാധിച്ചതായി ചൈനീസ് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്‌. ടിക് ടോക്ക് യു.എസില്‍ പുനസ്ഥാപിക്കാനുള്ള ശ്രമത്തില്‍ ആണെന്നും ഇതിന് സഹായിച്ച ട്രംപിന് നന്ദിയുണ്ടെന്നും കമ്പനി അറിയിച്ചു.

ടിക് ടോക്കിനെ അടിച്ചമര്‍ത്താന്‍ അമേരിക്ക, അന്യായമായ ഭരണകൂട അധികാരം ഉപയോഗിച്ചെന്ന് വാഷിങ്ടണിലെ ചൈനീസ് എംബസി വെള്ളിയാഴ്ച ആരോപിച്ചിരുന്നു. അതിനാല്‍ ചൈനീസ്‌ കമ്പനിയുടെ നിയമപരമായ അവകാശങ്ങളും താത്പര്യങ്ങളും ദൃഢമായി സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും എംബസി വക്താവ് അറിയിച്ചു.

ദേശീയ സുരക്ഷാ കാരണങ്ങളാല്‍ ആപ്പിനെ നിരോധിക്കുമെന്ന നിയമം ഞായറാഴ്ച പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തന്നെ ടിക് ടോക്ക് രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയിരുന്നു. ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ കീഴില്‍ അമേരിക്കക്കാരുടെ വിവരങ്ങള്‍ ആപ്പ് ദുരുപയോഗം ചെയ്യുമെന്ന് പറഞ്ഞാണ് ആപ്പിന് ബൈഡന്‍ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയത്.

തന്റെ ആദ്യ ടേമില്‍ ടിക് ടോക്കിനെ നിരോധിക്കുമെന്ന് ട്രംപും പ്രഖ്യാപിച്ചിരുന്നു. കമ്പനി അമേരിക്കക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചൈനീസ് സര്‍ക്കാരുമായി പങ്കിടുന്നു എന്നാരോപിച്ചായിരുന്നു ഈ നീക്കം. എന്നാല്‍ പിന്നീട് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലടക്കം ആപ്പിനെ വ്യാപകമായി ഉപയോഗപ്പെടുത്തിയ ട്രംപ്  ആ തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

‘നിര്‍ഭാഗ്യവശാല്‍ യു.എസില്‍ ടിക് ടോക്ക് നിരോധിക്കുന്ന നിയമം നിലവില്‍ വന്നു. അതിനര്‍ത്ഥം നിങ്ങള്‍ക്ക് ഇപ്പോള്‍ ടിക് ടോക്ക് ഉയോഗിക്കാന്‍ കഴിയില്ല എന്നാണ്. അധികാരമേറ്റാല്‍ ആപ്പ് പുനഃസ്ഥാപിക്കുന്നതിനായി ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്റ് ട്രംപ് സൂചിപ്പിച്ചതിനാല്‍ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്. ഇവിടെ തുടരുക,’ ഐ.ഒ.എസ് ഉപയോക്താക്കള്‍ക്കയച്ച സന്ദേശത്തില്‍ കമ്പനി അറിയിച്ചു

വീഡിയോ എഡിറ്റിങ് ആപ്പായ ക്യാപ്പ്കട്ട് ലൈഫ്സ്റ്റൈല്‍, സോഷ്യല്‍ ആപ്പായ ലെമോണ്‍8 എന്നിവയുള്‍പ്പെടെ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള മറ്റ് ആപ്പുകളും ശനിയാഴ്ചയോടെ യു.എസിലെ ആപ്പ് സ്റ്റോറുകളില്‍ നിന്ന് പിന്‍വലിക്കപ്പെട്ടിരുന്നു.

അതേസമയം ടിക് ടോക്ക് നിരോധിക്കപ്പെട്ടതിന് പിന്നാലെ വി.പി.എന്നില്‍ ആപ്പിനായുള്ള സെര്‍ച്ചുകള്‍ വന്‍തോതില്‍ വര്‍ധിച്ചിരുന്നു

മുന്‍ ലോസ് ആഞ്ചലസ് ഡോഡ്‌ജേഴ്സ് ഉടമ ഫ്രാങ്ക് മക്കോര്‍ട്ട് ഉള്‍പ്പെടെയുള്ള ബിസിനസുകാര്‍ ആപ്പ് ഏറ്റെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ആപ്പിന് ഏകദേശം 50 ബില്യണ്‍ ഡോളര്‍ മൂല്യമാണ് വിദഗ്ദര്‍ കണക്കാക്കുന്നത്. അതേസമയം യു.എസ് ശതകോടീശ്വരനും ട്രംപിന്റെ അനുയായിയുമായ ഇലോണ്‍ മസ്‌ക്കിന് ആപ്പ് വില്‍ക്കുന്നതിനെക്കുറിച്ച് ചര്‍ച്ച നടത്തിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കമ്പനി അത് നിഷേധിച്ചു.

അതേസമയം ട്രംപിന്റെ പ്രഖ്യാപനം വന്നിട്ടും ആപ്പ് സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് ലഭ്യമായി തുടങ്ങിയിട്ടില്ല.

Content Highlight: TikTok is restoring it’s service in USA with the help of Trump