ഈ വര്‍ഷം സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ സമീപിച്ച ചിത്രമായിരുന്നു തഗ് ലൈഫ്. ഇന്ത്യന്‍ സിനിമയിലെ ഇതിഹാസങ്ങളായ കമല്‍ ഹാസനും മണിരത്നവും വീണ്ടും ഒന്നിക്കുന്നു എന്നതായിരുന്നു ഹൈപ്പിനുള്ള പ്രധാന കാരണം. ഒപ്പം വന്‍ താരനിരയും അണിനിരന്നതോടെ ഈ വര്‍ഷത്തെ ഇയര്‍ ടോപ്പറായി ചിത്രം മാറുമെന്ന് പലരും പ്രതീക്ഷിച്ചു.
എന്നാല്‍ വന്‍ ഹൈപ്പിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. പഴകിത്തേഞ്ഞ തിരക്കഥയില്‍ മണിരത്‌നം ഒരുക്കിയ ചിത്രത്തെ പ്രേക്ഷകര്‍ കൈയൊഴിഞ്ഞു. റിലീസ് ചെയ്ത് അഞ്ച് ദിവസമായിട്ടും ഇതുവരെ 100 കോടി പോലും നേടാനാകാതെ ബോക്‌സ് ഓഫീസില്‍ കിതക്കുകയാണ് തഗ് ലൈഫ്.
ഇതിനോടകം വെറും 55 കോടി മാത്രമാണ് ചിത്രം കളക്ട് ചെയ്തത്. 200 കോടി ബജറ്റിലെത്തിയ ചിത്രം വന്‍ പരാജയമായി മാറുമെന്നാണ് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കമല്‍ ഹാസന്റെ തുടര്‍ച്ചയായ രണ്ടാം ബോക്‌സ് ഓഫീസ് പരാജയമാണിത്. ഷങ്കര്‍- കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ഇന്ത്യന്‍ 2 വന്‍ പരാജയമായി മാറിയിരുന്നു.
ചിത്രം തിയേറ്ററിലെത്തിയാല്‍ എട്ട് ആഴ്ചക്ക് ശേഷമേ ഒ.ടി.ടി റിലീസുണ്ടാകുള്ളൂ എന്ന് നിര്‍മാതാവ് കൂടിയായ കമല്‍ ഹാസന്‍ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ അറിയിച്ചിരുന്നു. എന്നാല്‍ ചിത്രം വന്‍ നഷ്ടത്തിലേക്ക് കുതിക്കുന്ന സാഹചര്യത്തില്‍ ഒ.ടി.ടി റിലീസ് നേരത്തെയാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
നെറ്റ്ഫ്‌ളിക്‌സാണ് തഗ് ലൈഫിന്റെ ഒ.ടി.ടി റൈറ്റ്‌സ് സ്വന്തമാക്കിയത്. 120 കോടിക്കാണ് ചിത്രത്തെ ഒ.ടി.ടി ഭീമന്മാര്‍ ഏറ്റെടുത്തത്. തിയേറ്ററില്‍ പരാജയമായതിനാല്‍ ഡിജിറ്റല്‍ റൈറ്റ്‌സിലൂടെ ബജറ്റ് തിരിച്ചുപിടിക്കാനാകും അണിയറപ്രവര്‍ത്തകരുടെ ശ്രമം. ഇത് എത്രത്തോളം ഫലപ്രദമാകുമെന്ന് വരുംദിവസങ്ങളില്‍ അറിയാന്‍ സാധിക്കും.
കമല്‍ ഹാസന് പുറമെ വന്‍ താരനിര അണിനിരന്ന ചിത്രമാണ് തഗ് ലൈഫ്. തമിഴിലെ മികച്ച നടന്മാരിലൊരാളായ സിലമ്പരസനും ശക്തമായ വേഷം കൈകാര്യം ചെയ്തിരുന്നു. ഐശ്വര്യ ലക്ഷ്മി, തൃഷ, അഭിരാമി, ജോജു ജോര്‍ജ്, അശോക് സെല്‍വന്‍, ബാബുരാജ്, നാസര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എ.ആര്‍. റഹ്‌മാന്‍ ഈണമിട്ട ഗാനങ്ങള്‍ റിലീസിന് മുമ്പ് ശ്രദ്ധ നേടിയിരുന്നു.
Content Highlight: Thug Life movie struggling in Box office to touch 100 crore milestone