ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹൈപ്പില്‍ തിയേറ്ററിലെത്തിയ ചിത്രമായിരുന്നു തഗ് ലൈഫ്. 37 വര്‍ഷത്തിന് ശേഷം മണിരത്‌നവും കമല്‍ ഹാസനും ഒന്നിച്ച ചിത്രം ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി മാറി. ആദ്യദിനം തന്നെ ബോക്‌സ് ഓഫീസില്‍ മൂക്കും കുത്തി വീണ ചിത്രം ബജറ്റ് പോലും തിരിച്ച് പിടിക്കാനാകാതെയാണ് കളംവിട്ടത്.
പറഞ്ഞതിലും നേരത്തെ ചിത്രം ഒ.ടി.ടിയിലുമെത്തി. റിലീസ് ചെയ്ത് എട്ടാഴ്ചക്ക് ശേഷം മാത്രമേ തഗ് ലൈഫ് ഒ.ടി.ടിയിലെത്തുള്ളൂവെന്ന് റിലീസിന് മുമ്പ് കമല്‍ ഹാസന്‍ പ്രൊമോഷന്‍ വേളയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തിയേറ്ററില്‍ നഷ്ടം വരുത്തിയതിനാല്‍ ചിത്രം നാലാഴ്ചക്കുള്ളില്‍ ഒ.ടി.ടി. സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്‌ളിക്‌സാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് സ്വന്തമാക്കിയത്.
എന്നാല്‍ ഒ.ടി.ടി റിലീസിന് ശേഷവും ചിത്രം ട്രോള്‍ ഏറ്റുവാങ്ങുകയാണ്. ഗ്യാങ്‌സ്റ്റര്‍ സിനിമകളില്‍ കാലങ്ങളായി കണ്ടുവരുന്ന ക്ലീഷേകള്‍ ഉള്ള തഗ് ലൈഫിന്റേത് വളരെ മോശം തിരക്കഥയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മണിരത്‌നത്തിന്റെ കരിയറിലെ ഏറ്റവും മോശം ചിത്രങ്ങളുടെ പട്ടികയില്‍ തഗ് ലൈഫ് മുന്‍പന്തിയില്‍ തന്നെയുണ്ടാകുമെന്നാണ് ഒ.ടി.ടി റിലീസിന് ശേഷവും പലരും പറയുന്നത്.
തിയേറ്ററില്‍ ഫ്‌ളോപ്പായ സിനിമകളെ ഒ.ടി.ടിയില്‍ ഹിറ്റാക്കാന്‍ പലപ്പോഴും ഒരുകൂട്ടം ആളുകള്‍ ഉണ്ടാകുമെന്നും അവര്‍ക്ക് പോലും തഗ് ലൈഫിനെ ആവശ്യമില്ലെന്ന് പറയുന്ന ട്രോള്‍ പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കുറ്റം പറയാന്‍ പോലും ആരും ചിത്രം കാണുന്നില്ലെന്ന പോസ്റ്റും എക്‌സില്‍ വൈറലായിക്കഴിഞ്ഞു.
തമിഴ് സിനിമയില്‍ നിലവില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന തൃഷയെ എന്തിനാണ് തഗ് ലൈഫില്‍ കാസ്റ്റ് ചെയ്തതെന്നാണ് ചിലരുടെ ചോദ്യം. തൃഷയുടെ കരിയറിലെ ഏറ്റവും മോശം കഥാപാത്രമാണ് തഗ് ലൈഫിലെ ഇന്ദ്രാണിയെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. തൃഷ- സിലമ്പരസന്‍ റൊമാന്‍സ് പ്രതീക്ഷിച്ചവരെ കമല്‍ ഹാസനും തൃഷയും തമ്മിലുള്ള ദഹിക്കാത്ത റൊമാന്‍സ് കാണിച്ച് മണിരത്‌നം പറ്റിച്ചെന്നും ട്രോളുകളുണ്ട്.
കൊക്കയില്‍ നിന്ന് വീഴുന്ന നായകനെ കാലങ്ങളായി രക്ഷിക്കുന്നത് കാട്ടിലെ മൂപ്പന്മാരാണെന്നും എന്നാല്‍ തഗ് ലൈഫില്‍ അതിന് മാറ്റമുണ്ടെന്നുമുള്ള പോസ്റ്റുകള്‍ കാണുന്നുണ്ട്. നേപ്പാളിലായതുകൊണ്ട് ബുദ്ധഭിക്ഷുക്കളെ കമല്‍ ഹാസന്‍ കൂട്ടുപിടിച്ചത് മാത്രമാണ് സിനിമയിലെ പുതുമയെന്നും എന്നാല്‍ രണ്ടാം പകുതിയിലെ താരത്തിന്റെ വിഗ്ഗ് സ്വല്പം കടന്ന കൈയാണെന്നും ട്രോളുകളുണ്ട്. ഇന്ത്യന്‍ 2 എന്ന പരാജയ സിനിമയെക്കാള്‍ ഡോസ് കൂടിയ സിനിമയായി പലരും തഗ് ലൈഫിനെ വ്യാഖ്യാനിക്കുന്നുണ്ട്.
Content Highlight: Thug Life movie criticizing in social media after OTT Release