'തുടരുമില്‍' ലാലേട്ടന്‍ കീഴടങ്ങിയപ്പോള്‍ നെഞ്ച് വിങ്ങി; 'ദൃശ്യം 3'ല്‍ ആ ഇമോഷണല്‍ ഇംപാക്ട് എവിടെപ്പോയി?
Movie Day
'തുടരുമില്‍' ലാലേട്ടന്‍ കീഴടങ്ങിയപ്പോള്‍ നെഞ്ച് വിങ്ങി; 'ദൃശ്യം 3'ല്‍ ആ ഇമോഷണല്‍ ഇംപാക്ട് എവിടെപ്പോയി?
അക്ഷര
Monday, 22nd June 2026, 12:38 pm

തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ തിയേറ്ററുകളില്‍ വന്‍ വിജയം നേടിയ ചിത്രമായിരുന്നു ‘തുടരും’. ഷണ്‍മുഖം എന്ന കഥാപാത്രത്തിലൂടെ വിന്റേജ് ലാലേട്ടനെ തിരിച്ചുകിട്ടിയെന്ന് ആരാധകര്‍ ഒരേ സ്വരത്തില്‍ പറഞ്ഞ സിനിമ. കേവലം ഒരു മാസ് പടം എന്നതിനപ്പുറം, ആഴമേറിയ വൈകാരിക പശ്ചാത്തലം കൊണ്ട് കൂടി സമ്പന്നമായിരുന്നു ചിത്രം.

മകന്റെ മരണത്തിന് കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി, നിയമത്തിന് മുന്നില്‍ കീഴടങ്ങുന്ന ഷണ്‍മുഖന്റെ ക്ലൈമാക്‌സ് രംഗം ആരാധകരെ വൈകാരികമായി സ്പര്‍ശിക്കുന്നതായിരുന്നു.

ഒരു അച്ഛന്റെ നിസഹായതയും പ്രതികാരവും ഒത്തുചേര്‍ന്ന ക്ലൈമാക്‌സ് ഒ.ടി.ടി റിലീസിന് ശേഷവും ആഘോഷിക്കപ്പെട്ടു.

എന്നാല്‍, ജീത്തു ജോസഫിന്റെ ‘ദൃശ്യം 3’ ലേക്ക് വരുമ്പോള്‍ ക്ലെമാക്‌സില്‍ മകള്‍ ചെയ്ത കുറ്റം സ്വന്തം ചുമലിലേറ്റി പൊലീസിന് മുന്നില്‍ കീഴടങ്ങുന്ന ജോര്‍ജുകുട്ടിയെയാണ് കാണിക്കുന്നത്.

പക്ഷേ, ‘തുടരുമില്‍’ ഷണ്‍മുഖന്‍ കീഴടങ്ങിയപ്പോള്‍ കിട്ടിയ ഇമോഷണല്‍ ഇംപാക്ട് ജോര്‍ജുകുട്ടിയുടെ സറണ്ടറിംഗില്‍ കിട്ടിയില്ലെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

‘തുടരും’ ഉണ്ടാക്കിയ തരംഗത്തിന് പിന്നാലെ സംവിധായകന് പെട്ടെന്ന് തോന്നിയ ഒരു ആശയം വെച്ച് ധൃതിപിടിച്ച് തട്ടിക്കൂട്ടിയ ഒരു തിരക്കഥയാണോ ദൃശ്യത്തിന്റതെന്നാണ് ഇവരുടെ ചോദ്യം. സിനിമയുടെ തുടക്കം മുതല്‍ തന്നെ തിരക്കഥയില്‍ പാളിച്ചകള്‍ പറ്റിയെന്നും ചിലര്‍ പറയുന്നു.

2026-ലും ഒരു സിസിടിവി പോലുമില്ലാത്ത ഗ്രാമത്തിലാണ് കഥ നടക്കുന്നത് എന്നത് വിചിത്രമായി തോന്നാം. വില്ലന്മാരുടെ പ്രധാന പണി കല്യാണം മുടക്കലാണെന്ന രീതിയിലാണ് കഥ മുന്നോട്ട് പോകുന്നത്. വിദേശത്തുനിന്നുള്ള ആലോചനയും വില്ലന്മാര്‍ കല്യാണം മുടക്കുന്നതിലുമൊന്നും ലോജിക്കില്ലെന്ന് പ്രേക്ഷകര്‍ പറയുന്നു.

പ്രഭാകറിന്റെ (സിദ്ദിഖ്) കഥാപാത്രത്തിന് നല്‍കിയിരിക്കുന്ന ആര്‍ക്കും അത്ര മികച്ചതായില്ലെന്നും ജോര്‍ജുകുട്ടിയുടെ മകള്‍ ഒരാളെ കൊലപ്പെടുത്തിയെന്നും, അത് ജോര്‍ജുകുട്ടി മറവു ചെയ്തുവെന്നും വരുത്തിത്തീര്‍ത്ത് അയാളെ ജയിലിലാക്കാനുള്ള പ്രഭാകറിന്റെ തന്ത്രം തികച്ചും ബാലിശമായിപ്പോയെന്നുമാണ് ഒരുവിഭാഗം അഭിപ്രായപ്പെടുന്നത്.

ജോര്‍ജുകുട്ടിയുടെ മാനസികനിലയിലുണ്ടാകുന്ന മാറ്റങ്ങള്‍ കാണിക്കാനുള്ള ശ്രമം നല്ലതായിരുന്നെങ്കിലും, ആദ്യത്തെ രണ്ടോ മൂന്നോ വെട്ടിന് ശേഷവും അയാള്‍ വീണ്ടും കമ്പിയെടുത്ത് സ്വന്തം മകളെ ക്രൂരമായി തല്ലുന്ന രംഗങ്ങളൊക്കെ അനാവശ്യമായി തോന്നിയെന്നും ചിലര്‍ പറയുന്നു.

ഒന്നാം ഭാഗത്തില്‍ കരുത്തുറ്റ കഥാപാത്രമായി നിന്ന സഹദേവനെ ഈ ഭാഗത്തില്‍ പൂര്‍ണ്ണമായും തകര്‍ത്തു കളഞ്ഞു. ഇന്റര്‍വെല്‍ മുതല്‍ നിയമത്തെപ്പോലും ഭയമില്ലാതെ, ആരെയും കൊല്ലാന്‍ മടിയില്ലാത്ത ക്രൂരനായി കാണിച്ച സഹദേവന്‍, ക്ലൈമാക്‌സില്‍ കാലുപിടിച്ച് കരയുന്നത് ഒട്ടും ചേര്‍ച്ചയില്ലാത്തതായി തോന്നിയെന്നുമുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. മുന്‍ ഭാഗങ്ങളില്‍ നാട്ടുകാര്‍ തല്ലിക്കൊല്ലാന്‍ വന്നപ്പോള്‍ പോലും മാപ്പ് ചോദിക്കാതിരുന്ന ആ പഴയ സഹദേവന്റെ ‘പവര്‍’ ഇല്ലാതാക്കുന്നതായിരുന്നു ഈ രംഗമെന്നും ഇവര്‍ പറയുന്നു.

കഥയിലെ മറ്റൊരു പ്രധാന കഥാപാത്രമായ വീണയുടെ ആറ്റിറ്റിയൂഡും തുടക്കം മുതല്‍ പാളി. ഇത് സഹദേവന്റെ മകളാണെന്ന് മോഹന്‍ലാലിന്റെ കഥാപാത്രം അറിഞ്ഞതിന് ശേഷം പിന്നീട് ഒരു സീനില്‍ പോലും അവരെ കാണിക്കാത്തത് തിരക്കഥയിലെ വലിയൊരു വിടവായെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ വൈകാരികമായ അടിത്തറയില്ലാത്തതും, ലോജിക്കലായി വന്ന പാളിച്ചകളുമാണ് ചിത്രത്തിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തലുകള്‍.

Content Highlight: Thudarum and Drishyam 3 Climax Comparison