ബി.ജെ.പിയെ ഇനി സഹിക്കേണ്ട; പാര്‍ട്ടി ആസ്ഥാനത്ത് പടക്കം പൊട്ടിച്ച് ആഘോഷിച്ച് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍
Kerala News
ബി.ജെ.പിയെ ഇനി സഹിക്കേണ്ട; പാര്‍ട്ടി ആസ്ഥാനത്ത് പടക്കം പൊട്ടിച്ച് ആഘോഷിച്ച് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th September 2023, 8:10 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ ബി.ജെ.പിയുമായി സഖ്യമില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് അണ്ണാ ഡി.എം.കെ. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ അധ്യക്ഷതയില്‍ സംസ്ഥാന- ജില്ലാ നേതാക്കളെ ഉള്‍പ്പെടുത്തി നടത്തിയ യോഗത്തിനൊടുവിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

ഏറെനാളായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലെയുമായി നേരിട്ടുള്ള വാഗ്വാദങ്ങള്‍ക്കും പലതട്ടിലെ അതൃപ്തിക്കും ഒടുവിലാണ് സഖ്യം വിടുന്ന കാര്യം കഴിഞ്ഞ ദിവസം അണ്ണാഡി.എം.കെ അറിയിച്ചത്. ഇതിലാണിപ്പോള്‍ ഔദ്യോഗിക തീരുമാനം വരുന്നത്.

 

 

ദേശീയ തലത്തിലും എന്‍.ഡി.എയുമായി സഹകരണമില്ലെന്ന് പാര്‍ട്ടി നേതൃയോഗം അറിയിച്ചു. ഏകകണ്ഠമായാണ് തീരുമാനമെന്നും മുന്നണിയില്‍ ഏതൊക്കെ പാര്‍ട്ടികളെ ഉള്‍പ്പെടുത്തണമെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തീരുമാനിക്കുമെന്നും അണ്ണാ ഡി.എം.കെ പറഞ്ഞു.

അണ്ണാദുരൈയെയും ജയലളിതയേയും അധിക്ഷേപിച്ച ബി.ജെ.പിക്കൊപ്പം നില്‍ക്കാനാകില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് തീരുമാനമെന്നും പാര്‍ട്ടി പ്രമേയം പാസാക്കി. പാര്‍ട്ടി ആസ്ഥാനത്ത് പടക്കം പൊട്ടിച്ചാണ് അണ്ണാ ഡി.എം.കെ പ്രവര്‍ത്തകര്‍ ഈ പ്രഖ്യാപനത്തെ സ്വീകരിച്ചത്.

Content Highlight:  Thrown out from AIADMK alliance in Tamil Nadu