ആധാര്‍: സുരക്ഷയിലും സ്വകാര്യതയിലും സംശയമുണ്ടെന്ന് അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്
national news
ആധാര്‍: സുരക്ഷയിലും സ്വകാര്യതയിലും സംശയമുണ്ടെന്ന് അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th September 2023, 5:17 pm

ന്യൂദല്‍ഹി: സുരക്ഷയും സ്വകാര്യതയുമായി ബന്ധപ്പെട്ട് ആധാറിന് പരിമിതിയുണ്ടെന്ന്
അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സി. ആധാറിന്റെ വിശ്വസനീയതയില്‍ സംശയങ്ങളുണ്ടെന്ന്അന്താരാഷ്ട്ര റേറ്റിങ് എജന്‍സിയായ മൂഡിസിന്റെ കണ്ടെത്തിലില്‍ പറയുന്നു. ആധാറിന്റെ ബയോമെട്രിക് നൂറ് ശതമാനം വിശ്വാസ്യമല്ലെന്ന് മൂഡിസിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൂടുള്ളതും ആര്‍ദ്രതയുള്ളതുമായ കാലാവസ്ഥയില്‍ ബയോമെട്രിക് വിവരങ്ങളില്‍ പിഴവുകള്‍ വരാനുള്ള സാധ്യത കൂടുതലാണെന്നും മൂഡ്‌സിന്റെ റിപ്പോട്ടില്‍ പറയുന്നു.

 

‘ആധാര്‍ നിയന്ത്രിക്കുന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(UIDAI) പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഗ്രൂപ്പുകളെ സംയോജിപ്പിക്കാനും ക്ഷേമ ആനുകൂല്യങ്ങള്‍ വിപുലീകരിക്കാനും ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ ചൂടുള്ളതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയില്‍ ജോലി ചെയ്യുന്ന ആളുകളുടെ ബയോമെട്രിക് വിവരങ്ങളില്‍ പിഴവ് വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ഈ സംവിധാനം പലപ്പോഴും അടിസ്ഥാന വിഭാഗക്കാരുടെ സേവന നിഷേധങ്ങള്‍ക്ക് കാരണമാകുന്നു.

സര്‍ക്കാര്‍ സേവനം തടസമില്ലാതെ ജനങ്ങള്‍ക്ക് ലഭിക്കുന്നതിന് ബയോമെട്രിക് സാങ്കേതികവിദ്യയുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. സിസ്റ്റത്തില്‍ പാളിച്ചകള്‍ സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്,’ മൂഡ്‌സ് പറയുന്നു.

ബയോമെട്രിക് സാങ്കേതികവിദ്യയുടെ പിഴവുമൂലം റേഷന്‍ വാങ്ങാന്‍ പോലും കഴിയാതെ വന്ന അനുഭവങ്ങളും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഡാറ്റാ ലംഘനങ്ങളുടെ അപകടസാധ്യത ആധാറില്‍ കൂടുതലാണ്. സെന്‍സിറ്റീവായ വിവരങ്ങള്‍ പ്രത്യേകമായി കേന്ദ്രീകരിക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നം മൂഡ്‌സ് പറയുന്നു.

ദേശീയ തലത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സംവിധാനത്തിലേക്ക് മാറുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ അഞ്ചാം തവണയും നീട്ടിയത് വിവാദമായിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് മൂഡ്‌സിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

Content Highlight:  Aadhaar has limitations related to security and privacy International rating agency