തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ പൊലീസിന് ക്ലീന്‍ ചിറ്റ്. ഗൂലാചോന അന്വേഷിക്കാനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെതാണ് റിപ്പോര്‍ട്ട്.
അന്വേഷണ മേല്‍നോട്ടം വഹിക്കുന്ന ക്രൈബ്രാഞ്ച് എ.ഡി.ജി.പിക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച്ചയുണ്ടായിട്ടില്ലെന്നും മനപൂര്‍വം പ്രശ്‌നമുണ്ടാക്കിയതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എ.ഡി.ജി.പി അജിത് കൂമാറിന്റെ ഭാഗത്ത് നിന്നും വീഴ്ച്ചകള്‍ ഉണ്ടായിട്ടില്ലെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്ന് കണ്ടെത്താന്‍ ആവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എന്നാല്‍ തിരുവമ്പാടി ദേവസ്വത്തിന്റെ പല നടപടികളും ഏകപക്ഷീയമായിരുന്നുവെന്നും കലക്ട്‌റുടെയും എസ്.പിയുടെയും യോഗത്തിലെടുത്ത തീരുമാനങ്ങള്‍ പ്രയോഗികമായി അംഗീകരിക്കാന്‍ ദേവസ്വം തയ്യാറായില്ലെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്.
പലപ്പോഴും പൊലീസിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ ഏകപക്ഷീയമായി മുന്നോട്ട് പോയെന്നും റിപ്പോര്‍ട്ടിലുണ്ട്. പകല്‍ മുഴുവന്‍ പൊലീസ് സംയമനം പാലിച്ചുവെന്നും എന്നാല്‍ രാത്രിയും വെടിക്കെട്ടിന് മുന്നോടിയായുള്ള ദേവസ്വത്തിന്റെ ചില നടപടി ക്രമങ്ങള്‍ നിയപരമല്ലെന്ന് കണ്ടതോടെയാണ് പൊലീസ് ഇടപെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗത്ത് നിന്നുള്ള നടപടികളാണ് പൂരം കലക്കുന്നതിന് കാരണമായിട്ടുളളളത്, അതില്‍ അന്വേഷണം വേണം. ഈ ശുപാര്‍ശയോടെയാണ് ഡി.ഐ.ജി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണ റിപ്പോര്‍ട്ട് ക്രൈബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കിടേശിന് കൈമാറിയിരിക്കുന്നത്.
കോടതിയില്‍ ആരുടേയും പേര് ചേര്‍ക്കാതെയുള്ള കേസ് നിലവിലുണ്ട്. ത്രിതല അന്വേഷണമായിരുന്നു വിഷയത്തില്‍ പ്രഖ്യാപിച്ചിരുന്നത്. പൊലീസിന് പുറത്തുള്ള മറ്റ് വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാനായിരുന്നു ആദ്യത്തെ അന്വേഷണം. എന്നാല്‍ ഒരു വീഴ്ച്ചയും ഇല്ലെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്.
എ.ഡി.ജ.പി എം.ആര്‍ അജിത് കുമാറിന് വീഴ്ചയുണ്ടോയെന്നതായിരുന്നു രണ്ടാമത്തെ അന്വേഷണം. അദ്ദേഹത്തിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടെന്നും അദ്ദേഹം കൃത്യമായി ഡ്യൂട്ടി ചെയ്തില്ലായെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അതില്‍ മുഖ്യമന്ത്രിയായിരുന്നു നടപടി സ്വീകരിക്കേണ്ടിയിരുന്നത്. ഇത് വരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.
2024 ലെ തൃശൂര്‍ പൂരം അലങ്കോലപ്പെട്ടത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പൂരദിവസം സ്വരാജ് റൗണ്ടിലും മഠത്തില്‍ വരവ് നടക്കുന്ന വഴികളിലും പൊലീസ് അനാവശ്യമായി ബാരിക്കേടുകള്‍ സ്ഥാപിച്ച് ഭക്തരെയും സംഘാടകരെയും തടഞ്ഞു. ആനകള്‍ക്ക് പട്ടയുമായി വന്നവരെ തടഞ്ഞത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി.
പൊലീസിന്റെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് തിരുവമ്പാടി ദേവസ്വം പൂരം നിര്‍ത്തിവെച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കാനായി ബോധപൂര്‍വം പൂരം കലക്കിയതാണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് നിഷേധിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.