ഗുരുതരമായി കൊവിഡ് ബാധിച്ചവർ രണ്ട് വർഷത്തേക്ക് അമിത പ്രയത്നം നടത്തരുത്; ഐ.സി.എം.ആർ പഠനം ഉദ്ധരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
national news
ഗുരുതരമായി കൊവിഡ് ബാധിച്ചവർ രണ്ട് വർഷത്തേക്ക് അമിത പ്രയത്നം നടത്തരുത്; ഐ.സി.എം.ആർ പഠനം ഉദ്ധരിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th October 2023, 10:22 am

ഗാന്ധിനഗർ: മുമ്പ് ഗുരുതരമായ രീതിയിൽ കൊവിഡ് രോഗം ബാധിച്ചവർ അടുത്ത ഒന്നോ രണ്ടോ വർഷത്തേക്ക് അമിതമായി പ്രയത്നിക്കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ.

നവരാത്രി ആഘോഷങ്ങൾക്കിടയിൽ ഗുജറാത്തിൽ ഗർബ നൃത്തം ചെയ്ത നിരവധിപേർ 24 മണിക്കൂറിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു.

പന്ത്രണ്ടാം ക്ലാസുകാരി ഉൾപ്പെടെ മരണപ്പെട്ടത് വലിയ ആശങ്കകൾക്ക് വഴിവെച്ച പശ്ചാതലത്തിലാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെ (ഐ.സി.എം.ആർ) പഠനം ഉദ്ധരിച്ചുകൊണ്ട് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

ഗർബ നൃത്തം ചെയ്തവർ ഹൃദയാഘാതം മൂലം മരണപ്പെട്ടതിന് പിന്നാലെ ഗുജറാത്ത്‌ ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ കാർഡിയോളജിസ്റ്റുമാർ ഉൾപ്പെടെയുള്ള മെഡിക്കൽ വിദഗ്ധർമാരുടെ യോഗം വിളിച്ചുചേർക്കുകയും മരണപ്പെട്ടവരുടെ വിശദാംശങ്ങൾ ശേഖരിച്ച് മരണകാരണം കണ്ടുപിടിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു

‘ഐ.സി.എം.ആർ വിശദമായ പഠനം നടത്തിയിട്ടുണ്ട്. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ കൊവിഡ് സാരമായി ബാധിച്ചിരുന്ന ആളുകൾ അമിതമായി പ്രയത്നിക്കുന്ന പ്രവർത്തികൾ ഒഴിവാക്കേണ്ടതുണ്ട്. രണ്ട് വർഷത്തേക്ക് കഠിനമായ വർക്ക്ഔട്ടുകൾ, ഓട്ടം, വ്യായാമം എന്നിവ ഒഴിവാക്കണം,’ മാണ്ഡവ്യ മാധ്യമങ്ങളോട് പറഞ്ഞു.

നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായി, ഗർബ പരിപാടികളുടെ സംഘാടകരോട് വേദിയിൽ നിർബന്ധമായും ആംബുലൻസിനെയും മെഡിക്കൽ ടീമിനെയും ഏർപ്പാടാക്കണമെന്ന് ഗുജറാത്ത്‌ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിപ്പ് നൽകിയിരുന്നു.

Content Highlight: Those suffered a severe bout of Covid-19 must not overexert themselves; Union Health minister about Garba heart attacks death row