ഇസ്രഈലി ബന്ദികളെ മോചിപ്പിക്കാൻ ഹമാസിന്റെ ധാരണ അംഗീകരിക്കണം; നെതന്യാഹുവിനെതിരെ കുടുംബാംഗങ്ങളുടെ പ്രതിഷേധം
World News
ഇസ്രഈലി ബന്ദികളെ മോചിപ്പിക്കാൻ ഹമാസിന്റെ ധാരണ അംഗീകരിക്കണം; നെതന്യാഹുവിനെതിരെ കുടുംബാംഗങ്ങളുടെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th October 2023, 8:16 am

തെൽ അവീവ്: ഗസയിലെ ഇസ്രഈലി ആക്രമണം ഹമാസ് ബന്ദികളാക്കിയ ഇസ്രഈലികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് ചൂണ്ടിക്കാട്ടി ഇസ്രഈലി സർക്കാരിനെതിരെ പ്രതിഷേധിച്ച് 220 ലധികം ബന്ദികളുടെ കുടുംബങ്ങൾ.

പ്രതിഷേധവുമായി തെരുവിലിറങ്ങുമെന്ന കുടുംബാംഗങ്ങളുടെ ഭീഷണിയെ തുടർന്ന് യുദ്ധാസൂത്രണത്തിൽ നിന്ന് പിന്മാറി ഇസ്രഈലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തിരക്കിട്ട് അവരുമായി യോഗം ചേർന്നു.

അതേസമയം, ഒക്ടോബർ എഴിന് ഹമാസ് ബന്ദികളാക്കിയ ഇസ്രഈലികളെ വിട്ടയക്കണമെങ്കിൽ തടങ്കലിൽ കഴിയുന്ന മുഴുവൻ ഫലസ്തീനികളെയും മോചിപ്പിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ടു.

ബന്ദികളുടെ കാര്യത്തിൽ തുടരുന്ന അനിശ്ചിതത്തിൽ ഇസ്രഈലി കുടുംബാംഗങ്ങൾക്ക് വലിയ അതൃപ്തിയാണുള്ളത്. പ്രത്യേകിച്ചും വലിയ രീതിയിൽ ബോംബാക്രമണം നടക്കുന്ന സാഹചര്യത്തിൽ.

‘പകരത്തിന് പകരം എന്ന രീതിയിൽ ബന്ദികളെ കൈമാറ്റം ചെയ്യുന്നതിനുള്ള ധാരണ സാധ്യമാണ്. ഇങ്ങനെ എല്ലാ കുടുംബാംഗങ്ങളും ഉടൻ തിരികെയെത്തും. ഇതിന് ദേശീയ പിന്തുണയുണ്ടാകും,’ ഹമാസിന്റെ ബന്ദികളിലൊരാളായ റോമിയുടെ മാതാവ് മെയിറാവ് ഗോനെൻ പറഞ്ഞു.

തെൽ അവീവിന് പുറമേ, ഹൈഫ, അതിലിറ്റ്, കെയ്സറ, ബയർ ഷെവ, എയ്ലാറ്റ് എന്നിവിടങ്ങളിലും പ്രതിഷേധകൂട്ടായ്മകൾ സംഘടിപ്പിച്ചു.

സർക്കാരുമായി തങ്ങൾക്ക് ഒരു തരത്തിലുമുള്ള ആശയവിനിമയമില്ല എന്ന് ബന്ദികളുടെ കുടുംബങ്ങൾ പറയുന്നു.

എന്നാൽ ഹമാസുമായി ധാരണയിലെത്താൻ വിസമ്മതിച്ച നെതന്യാഹു ഏത് വിധേനയും ബന്ദികളെ തിരിച്ചെത്തിക്കുമെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞതായി അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് പുറത്തുവിട്ട വീഡിയോയിൽ പറയുന്നു.

‘അവരെ വീടുകളിൽ തിരിച്ചെത്തിക്കാൻ നമ്മൾ ഏതറ്റം വരെയും പോകും. ജനിച്ച് വെറും മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ 80 വയസിന് മുകളിൽ പ്രായമുള്ളവർ വരെ ബന്ദികളിലുണ്ട്. അവരെ കണ്ടെത്തുക എന്നത് സൈനിക ഓപ്പറേഷന്റെ സുപ്രധാന ഭാഗമാണ്,’ നെതന്യാഹു പറഞ്ഞു.

കൂടുതൽ സൈനിക സമ്മർദ്ദം ചെലുത്തി ഹമാസിനെ ആക്രമിക്കുമ്പോൾ ബന്ദികളെ തിരിച്ചെത്തിക്കാനുള്ള മാർഗം തെളിയുമെന്ന് ഇസ്രഈൽ പ്രതിരോധമന്ത്രി യോവ ഗലാന്റ് പറഞ്ഞു.

20 രാജ്യങ്ങളിൽ നിന്നായി 229 പേരെ ഹമാസ് ബന്ദികളാക്കിയെന്നാണ് ഇസ്രഈൽ പറയുന്നത്. ഗസയിലെ ഇസ്രഈലി വ്യോമാക്രമണത്തിൽ 50 ബന്ദികളോളം കൊല്ലപ്പെട്ടുവെന്നാണ് ഹമാസ് പറയുന്നത്.

‘ഇസ്രഈലി ജയിലുകളിൽ കഴിയുന്ന മുഴുവൻ ഫലസ്തീനികളെയും വിട്ടയക്കുന്നതിന് പകരമായി ബന്ദികളെ ഉടൻ തന്നെ വിട്ടയക്കാൻ ഞങ്ങൾ സന്നദ്ധരാണ്,’ ഗസയിലെ ഹമാസ് നേതാവ് യഹ്യ സിൻവാർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

ഇസ്രഈലിലെ 19 ജയിലുകളിലും വെസ്റ്റ് ബാങ്കിലെ ഒരു ജയിലിലുമായി ആയിരക്കണക്കിന് ഫലസ്തീനികളാണുള്ളത്.

Content Highlight: Prisoner exchange? Israeli captive families demand answers from Netanyahu