വ്യോമാക്രമണത്തില്‍ തെളിവ് ചോദിച്ചവരെ പോര്‍വിമാനങ്ങളില്‍ കെട്ടിയിടണം; കൊന്ന കൊതുകുകളുടെ എണ്ണമെടുക്കണോ: വി.കെ സിംഗ്
national news
വ്യോമാക്രമണത്തില്‍ തെളിവ് ചോദിച്ചവരെ പോര്‍വിമാനങ്ങളില്‍ കെട്ടിയിടണം; കൊന്ന കൊതുകുകളുടെ എണ്ണമെടുക്കണോ: വി.കെ സിംഗ്
ന്യൂസ് ഡെസ്‌ക്
Wednesday, 6th March 2019, 4:38 pm

ന്യൂദല്‍ഹി: ബാലാക്കോട്ട് ആക്രമണത്തില്‍ തെളിവ് ചോദിച്ച പ്രതിപക്ഷത്തിനെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി വി.കെ സിംഗ്. വ്യോമാക്രമണം നടന്നോ എന്ന് സംശയമുന്നയിക്കുന്നവരെ അടുത്ത സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പോര്‍വിമാനത്തില്‍ കെട്ടിയിടണം.

അതുവഴി ബോംബുകളുടെ ലക്ഷ്യസ്ഥാനം അവര്‍ക്ക് കൃത്യമായി കാണാന്‍ കഴിയും എന്ന് പറഞ്ഞാണ് മന്ത്രി പ്രതിപക്ഷത്തെ പരിഹസിച്ചത്. ബോംബിട്ടു കഴിഞ്ഞാല്‍ കൊല്ലപ്പെട്ടവരുടെ എണ്ണമെടുക്കട്ടെ എന്നും വി.കെ സിംഗ് പറഞ്ഞു.


“അടുത്ത പ്രാവശ്യം ഇന്ത്യ വ്യോമാക്രമണം നടത്തുമ്പോള്‍ സംശയം ഉന്നയിക്കുന്നവരെ പോര്‍വിമാനങ്ങളില്‍ കെട്ടിയിട്ടു കൊണ്ടുപോകണം. ബോംബിടുന്ന സമയത്ത് അവര്‍ക്ക് ടാര്‍ഗെറ്റ് എന്താണെന്ന് വ്യക്തമാകും. എന്നിട്ട് കൊല്ലപ്പെട്ടവരുടെ എണ്ണമെടുത്തിട്ട് അവര്‍ മടങ്ങിവരട്ടെ”- വി.കെ സിംഗ് പറഞ്ഞു.

വ്യോമാക്രമണത്തില്‍ തെളിവ് ചോദിച്ച പ്രതിപക്ഷത്തെ കൊതുകിനെ കൊന്ന സംഭവം വിവരിച്ചും വി.കെ സിംഗ് പരിഹസിച്ചു. “ഇന്നലെ രാത്രി 3.30 ന് റൂമില്‍ നിറയെ കൊതുകുകളുണ്ടായിരുന്നു. കൊതുകിനെതിരെ പ്രയോഗിക്കുന്ന “ഹിറ്റ്” ഉപയോഗിച്ച് അവയെയെല്ലാം കൊന്നുകളഞ്ഞു. ഇനി ഞാന്‍ കൊന്ന കൊതുകുകളുടെ എണ്ണമെടുക്കണോ അതോ സമാധാനത്തോടെ ഉറങ്ങാന്‍ കിടക്കണോ?”- വി.കെ സിംഗ് ട്വിറ്ററിലൂടെ പരിഹസിച്ചു.

ഹരിയാന മന്ത്രി അനില്‍ വിജും സമാനമായ രീതിയില്‍ പ്രതിപക്ഷത്തെ പരിഹസിച്ചിരുന്നു. അടുത്ത തവണ ഭീകര ക്യാമ്പുകള്‍ ആക്രമിക്കുമ്പോള്‍ മഹാസഖ്യത്തിലെ ഒരാളെക്കൂടി കൂടെ കൊണ്ടു പോകണമെന്നും അവരോട് മൃതദേഹത്തിന്റെ എണ്ണമെടുക്കാന്‍ ആവശ്യപ്പെടണമെന്നുമായിരുന്നു ഹരിയാന മന്ത്രിയുടെ വിമര്‍ശനം.


അതേസമയം, ബാലാക്കോട്ട് വ്യോമാക്രമണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷം പാകിസ്ഥാനെ പ്രതിനിധീകരിച്ച് സംസാരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. തന്നെ വിമര്‍ശിച്ച് പാകിസ്ഥാന്റെ കയ്യടി മേടിക്കാനും ഇവര്‍ക്ക് കഴിഞ്ഞതായും മോദി പറഞ്ഞിരുന്നു.